കോടിക്കണക്കിന് രൂപ കുടിശിക പ്രതിസന്ധി; കോട്ടയം കടനാട് സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി രാജിവച്ചു
നിക്ഷേപകർക്ക് 55 കോടിയോളം രൂപ കുടിശിക നൽകാനാവാത്ത വിധം പ്രതിസന്ധിയിൽ ആയിരുന്നു ബാങ്ക്. ഇതോടെയാണ് ഭരണ സമിതിയുടെ രാജിയുണ്ടായത്.

കോട്ടയം: കോട്ടയം കടനാട് സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി രാജിവച്ചു. സി പി എം ഭരണ സമിതിയിലെ പ്രസിഡന്റും വൈസ് പ്രസിഡന്റും ഉൾപ്പെടെ ഏഴ് ഭരണ സമിതി അംഗങ്ങളാണ് രാജിവച്ചത്. നിക്ഷേപകർക്ക് 55 കോടിയോളം രൂപ കുടിശിക നൽകാനാവാത്ത വിധം പ്രതിസന്ധിയിലായിരുന്നു ബാങ്ക്. ഇതോടെയാണ് ഭരണ സമിതിയുടെ രാജിയുണ്ടായത്. സംസ്ഥാനത്ത് ഉടനീളം കോർപ്പറേറ്റ് ബാങ്ക് പ്രതിസന്ധി തുടരുകയാണ്.
ക്രമരഹിതമായ വായ്പകൾ നൽകിയെന്ന ആരോപണം ഭരണ സമിതിക്കെതിരെ ഉയർന്നിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് 'സഹകരണം അപഹരണം' പരമ്പരയിൽ കടനാട് ബാങ്ക് പ്രതിസന്ധി റിപ്പോർട്ട് ചെയ്തിരുന്നു. കരുവന്നൂരിലടക്കം വലിയ പ്രതിസന്ധിയാണ് സഹകരണ ബാങ്കിൽ നടക്കുന്നത്.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; അരവിന്ദാക്ഷന്‍റെയും ജിൽസിന്‍റെയും ജാമ്യാപേക്ഷ തള്ളി
അതേസമയം, കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ കേസിൽ റിമാൻഡിലുള്ള സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായ പി ആർ അരവിന്ദാക്ഷനും ബാങ്കിലെ മുൻ സീനിയര്‍ അക്കൗണ്ടന്‍റായ സി കെ ജിൽസിനും കോടതി ജാമ്യം അനുവദിച്ചില്ല. ഇരുവരുടെയും ജാമ്യാപേക്ഷ വിചാരണാകോടതി തള്ളി. എറണാകുളം പിഎംഎൽഎ കോടതിയുടെതാണ് വിധി. കേസിൽ മൂന്നാം പ്രതിയായ പി ആർ അരവിന്ദാക്ഷൻ കള്ളപ്പണം വെളുപ്പിച്ചതായാണ് ഇ ഡിയുടെ കണ്ടെത്തൽ. മുഖ്യപ്രതി പി സതീഷ് കുമാറുമായി അരവിന്ദാക്ഷൻ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഇത് തെളിയിക്കുന്ന ഫോണ്‍ സംഭാഷണങ്ങളും കോടതിയിൽ ഹാജരാക്കിയിരുന്നു. അന്വേഷണം തുടരുന്ന സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം നൽകരുതെന്നാണ് ഇഡിയുടെ വാദം.
എന്നാൽ കള്ളപ്പണം വെളുപ്പിച്ചെന്ന വാദം തെറ്റാണെന്നും തന്‍റെ അക്കൗണ്ടിലൂടെ നടത്തിയ സാമ്പത്തിക ഇടപാട് ക്വാറി, ഹോട്ടൽ ബിസിനസ് നടന്ന കാലത്തേതാണെന്നുമാണ് അരവിന്ദാക്ഷൻ കോടതിയെ അറിയിച്ചത്. സതീഷ് കുമാറിന്‍റെ മുൻ ഡ്രൈവറായിരുന്ന അടുപ്പം ഉണ്ടായിരുന്നതായും അരവിന്ദാക്ഷൻ അറിയിച്ചിട്ടുണ്ട്. സെപ്റ്റംബർ 26 നാണ് ഇഡി അരവിന്ദാക്ഷനെ തൃശ്ശൂരിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്.
https://www.youtube.com/watch?v=EACTlxEj_iM
https://www.youtube.com/watch?v=Ko18SgceYX8