മുംബൈ: ബീഹാർ സ്വദേശിനിയെ പീഡിപ്പിച്ചെന്ന കേസിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. അന്ധേരിയിലെ കോടതിയിലാണ് ബിനോയിക്കെതിരായ കുറ്റപത്രം സമർപ്പിച്ചത്. 678 പേജുള്ള കുറ്റപത്രം കോടതിയിൽ ബിനോയിയെ വായിച്ചു കേൾപ്പിച്ചു. 

അതേസമയം ബീഹാറി സ്വദേശിനിയുടെ കുഞ്ഞിൻ്റെ ഡിഎൻഎ പരിശോധനഫലം ലഭിച്ചിട്ടില്ലെന്ന് കുറ്റപത്രത്തിൽ മുംബൈ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്ത് ഒന്നരവർഷത്തിന് ശേഷമാണ് കേസിൽ മുംബൈ പൊലീസ് കുറ്റപത്രം സമർപ്പിക്കുന്നത്. ബീഹാർ സ്വദേശിനിയായ യുവതി 2019 ജൂൺ 13-നാണ് ബിനോയിക്കെതിരെ പീഡന പരാതി നൽകിയത്.