മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. മുനമ്പം കമ്മീഷന്‍റെ പ്രവര്‍ത്തനം തുടരാം. അന്വേഷണ കമ്മീഷന് നടപടികളുമായി മുന്നോട്ടു പോകാമെന്നും സുപ്രീംകോടതി

ദില്ലി : മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. മുനമ്പം കമ്മീഷന്‍റെ പ്രവര്‍ത്തനം തുടരാം. അന്വേഷണ കമ്മീഷന് നടപടികളുമായി മുന്നോട്ടു പോകാമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവ് തടയണമെന്ന വഖഫ് സംരക്ഷണ വേദി നൽകിയ അപ്പീലിലാണ് കോടതിയുടെ നടപടി. സംസ്ഥാന സർക്കാർ അടക്കം എതിർകക്ഷികൾക്ക് കോടതി നോട്ടീസ് നൽകി. കേസ് ആറ് ആഴ്ച്ച കഴിഞ്ഞ് ജനുവരി 27ന് വീണ്ടും പരിഗണിക്കും. 

മുനമ്പം ഭൂമി തർക്കം വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിലായതിനാൽ ഹൈക്കോടതിക്ക് വിധി പറയാൻ കഴിയില്ലെന്നും മുനമ്പത്തെ ഭൂമി തർക്കത്തിൽ കമ്മീഷനെ നിയമിക്കാനാകുമോ എന്നതായിരുന്നു ഹൈക്കോടതിക്ക് മുൻപിൽ ഉണ്ടായിരുന്ന വിഷയമെന്നും കേരള വഖഫ് സംരക്ഷണ വേദി ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പരിഗണിച്ചാണ് സുപ്രീംകോടതി നടപടി.

വഖഫ് ആയി വിജ്ഞാപനം ചെയ്തിട്ടുള്ള ഭൂമി സംബന്ധിച്ച തർക്കം ഉണ്ടായാൽ വഖഫ് ട്രിബ്യുണലിന് മാത്രമേ അതിൽ തീർപ്പു കൽപ്പിക്കാൻ കഴിയൂ. നേരിട്ട് ഫയൽ ചെയ്യുന്ന റിട്ട് അപ്പീലിൽ തീർപ്പ് കൽപ്പിക്കാൻ ഹൈക്കോടതിക്ക് അവകാശമില്ല. മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്ന് കേരള വഖഫ് ബോർഡ് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. അതിനാൽ വഖഫ് ട്രിബ്യുണലിനെ മറികടന്ന് ഉത്തരവിറക്കിയ ഹൈക്കോടതി നടപടി തെറ്റാണെന്നാണ് ഹർജിക്കാർ ചൂണ്ടിക്കാട്ടി.