ഇടുക്കി: കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കിയില്‍ പലയിടത്തും ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി.  മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. വന്‍തോതില്‍ കൃഷിനാശവുമുണ്ടായി. 

കട്ടപ്പന, മാങ്കുളം എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടി.  മാങ്കുളത്ത് രണ്ട് വീടുകള്‍ തകര്‍ന്നു. കട്ടപ്പനയില്‍ ഒരു വീടിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. കട്ടപ്പനയിലുണ്ടായ ഉരുൾപ്പൊട്ടലില്‍ തലനാരിഴക്കാണ് ആളപായം ഒഴിവായത്. പെരിഞ്ചാങ്കുറ്റിയില്‍ ഉരുള്‍പൊട്ടലില്‍ കൃഷി നാശമുണ്ടായി. വണ്ടിപ്പെരിയാറിലും ഏലപ്പാറയിലും നൂറോളം വീടുകളിൽ വെള്ളം കയറി. ചെറുതോണിയില്‍ മണ്ണിടിഞ്ഞുവീണ് ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 

ഹൈറേഞ്ച് മേഖലയിലും കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായി. ദേവികുളത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 194 മില്ലി മീറ്റര്‍ മഴയാണ് പെയ്തത്. പീരുമേട്ടില്‍ 174 മില്ലി മീറ്റര്‍ മഴ പെയ്തു. ചെറുതോണി-നേര്യമംഗലം സംസ്ഥാനപാതയില്‍ മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. 

മഴയെത്തുടര്‍ന്ന് മൂന്നാറിലെ താഴ്ന്ന മേഖലകളെല്ലാം വെള്ളത്തിനടിയിലായി. പഴയ മൂന്നാറിലെ അമ്പതോളം വീടുകള്‍ വെള്ളത്തിനടിയിലായി. കഴിഞ്ഞ പ്രളയത്തിൽ തകര്‍ന്ന് താൽകാലികമായി പുനര്‍നിര്‍മ്മിച്ച പെരിയവര പാലം തകര്‍ന്നു. മറയൂര്‍ മേഖല പൂര്‍ണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്. മൂന്നാര്‍ ഉദുമൽപേട്ട് റോഡിൽ ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ട നിലയിലാണ്. 

മുതിരപ്പുഴയാര്‍ നിറഞ്ഞൊഴുകുകയാണ്. കഴിഞ്ഞ തവണയും മുതിരപ്പുഴയാറിൽ ക്രമാതീതമായി ഉയര്‍ന്നതാണ് പ്രളയത്തിനും വ്യാപക നാശനഷ്ടത്തിനും ഇടയാക്കിയത്. അതുകൊണ്ടുതന്നെ ആളുകൾ പരിഭ്രാന്തിയിലാണ്.