Asianet News MalayalamAsianet News Malayalam

'ഈ ആരോഗ്യമന്ത്രി നമുക്ക് അഭിമാനമാണ്'; കാരണങ്ങള്‍ അക്കമിട്ട് നിരത്തി ദുരന്ത നിവാരണ വിദഗ്ധന്‍

പ്രളയകാലത്തും നിപ്പ സമയത്തും ഇപ്പോള്‍ കൊവിഡിനെ നേരിടുന്നതിലുമുള്ള മന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ചത്

muralee thummarukudy praises kerala health minister K K Shailaja on covid 19
Author
Thiruvananthapuram, First Published Mar 12, 2020, 9:05 PM IST

കൊവിഡ് 19 കേരളത്തില്‍ നിയന്ത്രണവിധേയമാക്കാനുള്ള കേരളത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആരോഗ്യമന്ത്രി കെ കെ ശൈലജയെ പ്രശംസിച്ച് ദുരന്ത നിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി രംഗത്ത്. ആരോഗ്യമന്ത്രിക്ക് മിഡിയ മാനിയയാണെന്ന പ്രതിപക്ഷ നേതാവിന്‍റെ വിമര്‍ശനങ്ങള്‍ക്കിടെയാണ് മുരളി തുമ്മാരുകുടി അക്കമിട്ട് കാരണങ്ങള്‍ നിരത്തി ശൈലജ ടീച്ചറെ പ്രശംസിക്കുന്നത്. പ്രളയകാലത്തും നിപ്പ സമയത്തും ഇപ്പോള്‍ കൊവിഡിനെ നേരിടുന്നതിലുമുള്ള മന്ത്രിയുടെ പ്രവര്‍ത്തനത്തെ വാഴ്ത്തിയ അദ്ദേഹം ഈ ആരോഗ്യമന്ത്രി നമുക്ക് അഭിമാനമാണെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

മുരളി തുമ്മാരുകുടിയുടെ കുറിപ്പ്

കൊറോണക്കാലത്തെ വാർത്താ സമ്മേളനം...

ഒരു എമർജൻസി നന്നായി കൈകാര്യം ചെയ്യുന്നത് പോലെ തന്നെ പ്രധാനമാണ് ആളുകളിൽ അത് നന്നായിട്ടാണ് കൈകാര്യം ചെയ്യുന്നതെന്ന ആത്മവിശ്വാസം ഉണ്ടാക്കുന്നത്.

വലിയ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ അത് കൈകാര്യം ചെയ്യുന്നവർ ദിവസവും പത്രലേഖകരെ കാണണം എന്നും അവർക്കറിയാവുന്ന വിവരങ്ങൾ പൊതുജനങ്ങളും ആയി പങ്കു വക്കണം എന്നും ആണ് ഈ രംഗത്ത് ജോലി ചെയ്ത് തുടങ്ങിയ കാലത്ത് തന്നെ ഞങ്ങളെ പഠിപ്പിച്ചത്. ഞങ്ങൾ അത് തന്നെയാണ് പഠിപ്പിക്കുന്നതും. ദുരന്തകാലത്ത് വാർത്തകൾ അറിയാൻ ആളുകൾക്ക് വലിയ താല്പര്യം ഉണ്ടാകും. അപ്പോൾ ഉത്തരവാദിത്ത പെട്ടവർ ശരിയായ വാർത്തകൾ നൽകിയില്ലെങ്കിൽ വാട്സ്ആപ്പ് യൂണിവേഴ്സിറ്റി പ്രശ്നം ഏറ്റെടുക്കും. പൊട്ടക്കണക്കും ഊഹാപോഹങ്ങളും ആയി മാധ്യമങ്ങൾ നിറയും, ആളുകൾ പരിഭ്രാന്തരാകും.എമർജൻസി സാങ്കേതികമായി എത്ര നന്നായി കൈകാര്യം ചെയ്താലും പ്രശ്നം കൈവിട്ട് പോകും. ദുരന്ത പ്രദേശങ്ങളിൽ വസ്‌തുവകകളുടെ പൂഴ്ത്തിവയ്പ്പും അവിടെ നിന്നും കൂട്ടപ്പലായനവും ഒക്കെ ഉണ്ടാകുന്നത് ഇങ്ങനെ ഉത്തരവാദിത്വപ്പെട്ടവർ വേണ്ടത്ര വിവരങ്ങൾ പങ്കുവക്കാത്തത് കൊണ്ടാണ്.

രണ്ടായിരത്തി പതിനെട്ടിലെ പ്രളയകാലത്ത് കാര്യങ്ങൾ ഏറ്റവും ബുദ്ധിമുട്ടായിരുന്ന കാലത്ത് പോലും കേരളത്തിൽ ജനങ്ങൾക്ക് ആത്മവിശ്വാസം ഉണ്ടാക്കിയത് മുഖ്യമന്ത്രിയുടെ പത്ര സമ്മേളനങ്ങൾ ആയിരുന്നു. ആത്മവിശ്വാസം സ്ഫുരിക്കുന്ന മുഖത്തോടെ കൃത്യമായ കണക്കുകൾ നിരത്തി നടത്തിയ ആ പത്ര സമ്മേളനങ്ങൾ ദുരന്തം കൈകാര്യം ചെയ്യുന്നത് പഠിക്കുന്നവർക്ക് പഠനത്തിന് ഉപയോഗിക്കാൻ പറ്റുന്നവയായിരുന്നു.

നമ്മുടെ ആരോഗ്യ മന്ത്രിയുടെ കാര്യവും വ്യത്യസ്തമല്ല. ഈ കൊറോണക്കാലം തുടങ്ങിയത് മുതൽ മലയാളികൾക്ക് കൃത്യമായ വിവരങ്ങൾ കിട്ടിക്കൊണ്ടിരുന്നു. സ്ഥിരമായി ആരോഗ്യ മന്ത്രിയും പറ്റുമ്പോൾ ഒക്കെ മുഖ്യമന്ത്രിയും നാട്ടുകാരെ കാര്യങ്ങൾ നേരിട്ട് പറഞ്ഞു മനസിലാക്കുന്നു. ഫേസ്ബുക്കിലൂടുള്ള വിവരം കൈമാറുന്നത് വേറെ.

പക്ഷെ മാധ്യമങ്ങളെ കാണണോ കാണിക്കാനോ ഉള്ള അമിതാവേശം ഒന്നുമല്ല ആരോഗ്യമന്ത്രിയിൽ ഞാൻ കാണുന്നത്. നിപ്പയുടെ കാലത്ത് തന്നെ ആരോഗ്യ എമെർജെൻസികളെ മുന്നിൽ പോയി നിന്ന് നയിക്കുകയാണ് ടീച്ചർ. ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർക്ക് നേതൃത്വം നൽകുന്നു, ഡോക്ടർമാർക്ക് വേണ്ടത്ര സൗകര്യങ്ങൾ ഉറപ്പാക്കുന്നു, രാത്രി പന്ത്രണ്ട് മണിക്ക് പോലും ജൂനിയർ ഡോക്ടർമാരെ വിളിച്ചു കാര്യങ്ങൾ അന്വേഷിക്കുന്നു. രാവിലെ രണ്ടു മണിക്ക് ടീച്ചറുടെ ഫോൺ ബെല്ലടിക്കുമ്പോൾ ഒന്നാമത്തെ ബില്ലിന് ഫോൺ എടുത്തത് ടീച്ചർ തന്നെയാണെന്ന് അനുഭവസ്ഥർ പറയുന്നു. ഈ കൊറോണക്കാലത്ത് നമ്മുടെ ആളുകൾ ഇത്രയെങ്കിലും സമാധാനമായി ഉറങ്ങുന്നത് കാര്യങ്ങൾ കൃത്യമായി നോക്കി ടീച്ചർ ഉറങ്ങാതെ ഇരിക്കുന്നുണ്ടെന്ന ആത്മവിശ്വാസം കൊണ്ടുകൂടിയാണ്.

ഈ ആരോഗ്യമന്ത്രി നമുക്ക് അഭിമാനമാണ് !.

 

 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios