എൻഐഎ റെയ്ഡും ചോദ്യം ചെയ്യലും അടിസ്ഥാനരഹിതമായ കേസിന്റെ പേരിലെന്ന് മുരളി കണ്ണമ്പിള്ളി
പശ്ചിമഘട്ട മലനിരകളിൽ സായുധ സംഘട്ടത്തിന് മാവോയിസ്റ്റുകൾ ശ്രമിക്കുന്നുവെന്ന തരത്തിലുള്ള കേസുകളുടെ പേരിലാണ് ഇപ്പോഴത്തെ നടപടികളെന്ന് മുരളി കണ്ണമ്പിള്ളി.
കൊച്ചി: മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ തേവയ്ക്കലിലെ വീട്ടിൽ എൻഐഎ സംഘം റെയ്ഡ് നടത്തി. രാവിലെ 6.15ന് വീട്ടിലെത്തിയ സംഘം കതക് പൊളിച്ചാണ് വീടിനുള്ളിൽ കടന്നത്. എട്ട് പേരടങ്ങുന്ന സംഘത്തിന്റെ പരിശോധന ആറ് മണിക്കൂറിലേറെ നീണ്ടു. അടിസ്ഥാനരഹിതമായ കേസിന്റെ പേരിലാണ് പരിശോധനയും ചോദ്യം ചെയ്യലും നടന്നതെന്ന് മുരളി കണ്ണമ്പിള്ളി പറഞ്ഞു.
ഹൈദരാബാദിലെ കേസുമായി ബന്ധപ്പെട്ടാണ് അവിടെ നിന്നുള്ള ഉദ്യോഗസ്ഥ സംഘം എത്തിയത്. മുരളി കണ്ണമ്പിള്ളിയുടെ ലാപ്‍ടോപ്പും നേരത്തെ മകൻ ഉപയോഗിച്ചിരുന്നതും ഇപ്പോൾ ഉപയോഗശൂന്യമായതുമായ മറ്റൊരു ലാപ്ടോപ്പും ഏതാനും പെൺഡ്രൈവുകളും കൊണ്ടുപോയിട്ടുണ്ട്. എന്തിനാണ് ഇവ കൊണ്ടുപോകുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞില്ലെന്ന് മുരളി കണ്ണമ്പിള്ളി ആരോപിച്ചു. കഴിഞ്ഞ വർഷം അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് സഞ്ജയ് റാവുവുമായി ബന്ധപ്പെട്ട കേസിലാണ് നടപടിയെന്നാണ് സൂചന. ഇതേ കേസിൽ ഒരുമാസം മുമ്പ് കളമശ്ശേരിയിലെ എൻഐഎ ആസ്ഥാനത്ത് മുരളി കണ്ണമ്പള്ളിയെ ചോദ്യം ചെയ്തിരുന്നു.
ഇന്ന് രാവിലെ എൻഐഎ സംഘം മുരളി കണ്ണമ്പിള്ളിയുടെ വീട്ടിലെത്തുകയും പുറകിലത്തെ വാതിൽ പൊളിച്ച് അകത്ത് കടക്കുകയുമായിരുന്നു. പശ്ചിമഘട്ട മലനിരകളിൽ സായുധ സംഘട്ടത്തിന് മാവോയിസ്റ്റുകൾ ശ്രമിക്കുന്നുവെന്ന തരത്തിലുള്ള കേസുകളുടെ പേരിലാണ് ഇപ്പോഴത്തെ നടപടികളെന്നും ചിലരുടെ മൊഴികളുടെ പേരിലാണ് അടിസ്ഥാനരഹിതമായ കേസും അതിന്മേലുള്ള നടപടികളെന്നും അദ്ദേഹം ആരോപിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം