Asianet News MalayalamAsianet News Malayalam

ഒറ്റ ദിവസത്തെ പരോളിൽ വീട്ടിലെത്തിയ ശേഷം പൊലീസിനെ വെട്ടിച്ച് കടന്ന കൊലക്കേസ് പ്രതിയെ കണ്ടെത്തി

കോട്ടയം നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻറിൽ വച്ച് രാജേഷ് എന്നയാളെ 2015 ഫെബ്രുവരി രണ്ടിനാണ് ജോമോൻ കൊലപ്പെടുത്തിയത്

murder convicted man who escaped from police yesterday caught arrested
Author
First Published Dec 1, 2022, 3:37 PM IST

ഇടുക്കി: ഒരു ദിവസത്തെ പരോളിൽ പൊലീസ് സംരക്ഷണയില്‍ വീട്ടിലെത്തിച്ചപ്പോൾ രക്ഷപെട്ട കൊലക്കേസ് പ്രതിയെ കണ്ടെത്തി. ഇടുക്കി പൊന്മുടി സ്വദേശി കളപ്പുരയിൽ ജോമോൻ ഇന്നലെയാണ് രക്ഷപ്പെട്ടത്. ഇന്ന് പൊന്മുടി വനമേഖലയിൽ നിന്നാണ് പ്രതിയെ കണ്ടെത്തിയത്. മൂന്നാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നടത്തിയ തിരച്ചിലിലാണ് പ്രതിയെ കണ്ടെത്തിയത്.

കോട്ടയം നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻറിൽ വച്ച് രാജേഷ് എന്നയാളെ 2015 ഫെബ്രുവരി രണ്ടിനാണ് ജോമോൻ കൊലപ്പെടുത്തിയത്. കോട്ടയം ഈസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇരട്ട ജീവ പര്യന്തം തടവിനാണ് ജോമോൻ ശിക്ഷിക്കപ്പെട്ടത്. കണ്ണൂർ സെൻട്രൽ ജയിലിലാണ് ഇയാൾ തടവിൽ കഴിയുന്നത്. പ്രായമായ മാതാപിതാക്കളെ കാണണം എന്നാവശ്യപ്പെട്ട് ജോമോൻ പരോളിന് അപേക്ഷിച്ചിരുന്നു. പരോൾ അനുവദിക്കരുതെന്ന് രാജാക്കാട് പൊലീസ് റിപ്പോർട്ട് നൽകി. തുടർന്ന് ഒരു ദിവസത്തെ പരോൾ അനുവദിച്ചു. പൊലീസ് സംരക്ഷണയിൽ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടു മടങ്ങാനായിരുന്നു അനുമതി.

കണ്ണൂർ സെൻട്രൽ ജയിലിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ സംരക്ഷണയിൽ രാജാക്കാട് പൊന്മുടിയിലെ വീട്ടിൽ ജോമോനെ എത്തിച്ചു.  ഇവിടെ നിന്നും തിരികെ ഇറക്കാൻ  വിലങ്ങ് വയ്ക്കുന്നതിനിടെ പൊലീസുകാരെ തട്ടിമാറ്റി ജോമോന്‍ ഓടി രക്ഷപെടുകയായിരുന്നു. വീടിനു സമീപത്തുള്ള പൊന്മുടി വനമേഖലയിലേയ്ക്കാണ് ജോമോൻ രക്ഷപ്പെട്ടത്. സമീപത്തെ പൊലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പ്രതിക്കായി തെരച്ചില്‍ നടത്തിയെങ്കിലും ഇയാളെ ഇന്നലെ കണ്ടെത്താനായില്ല. പൊന്മുടി അണക്കെട്ടിലൂടെ നീന്തി കടന്ന് രക്ഷപ്പെടാനുള്ള സാധ്യത മനസിലാക്കി ഇരുകരകളിലും പൊലീസ് തെരച്ചിൽ നടത്തി. ഇതിന് പിന്നാലെയാണ് വനത്തിൽ നിന്ന് ഇന്ന് രാവിലെ പ്രതിയെ പിടികൂടിയത്.

Follow Us:
Download App:
  • android
  • ios