''സമ്മേളന സമയത്ത് ഡല്‍ഹിയില്‍ കൊവിഡ് സംബന്ധിച്ച് യാതൊരുവിധത്തിലുമുള്ള നിയന്ത്രണങ്ങളും ഉണ്ടായിരുന്നില്ല..." 

മലപ്പുറം: നിസാമുദ്ധീന്‍ മര്‍ക്കസില്‍ നടന്ന വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്തവര്‍ കൊവിഡ് വ്യാപനത്തിന് കാരണക്കാരായി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹൈദരലി ശിഹാബ് തങ്ങള്‍. സമ്മേളന സമയത്ത് ഡല്‍ഹിയില്‍ കൊവിഡ് സംബന്ധിച്ച് യാതൊരുവിധത്തിലുമുള്ള നിയന്ത്രണങ്ങളും ഉണ്ടായിരുന്നില്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദ്ദേശങ്ങള്‍പാലിച്ച് കൊണ്ട് രോഗ വ്യാപനം തടയാന്‍ സ്വയം മുന്നോട്ട് വന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. രോഗ മുക്തിക്കായി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളോടും നാം ആത്മാര്‍ത്ഥമായി സഹകരിക്കണമെന്ന് ഓര്‍മ്മപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 75 ആയി. 3072 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിസ്സാമുദ്ദീനിലെ മത സമ്മേളനത്തില്‍ പങ്കെടുത്ത 1023 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അടിയന്തിര സാഹചര്യം നേരിടാന്‍ രൂപീകരിച്ച സമിതിയോഗം വിളിച്ച പ്രധാനമന്ത്രി പ്രതിരോധ സാമഗ്രികളുടെ ലഭ്യത വിലയിരുത്തി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണുണ്ടായത്. 17 സംസ്ഥാനങ്ങളില്‍ ആണ് ഇത് വരെ നിസാമുദ്ദീന്‍ തബ്‌ലീഗ് മത സമ്മേളനത്തില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.