ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്ക് വേണ്ടി മൽസര രംഗത്ത് നിന്ന് പിന്മാറിയ ടി സിദ്ദിഖ് തിരുവമ്പാടിയിൽ മൽസരിക്കാനാണ് താൽപ്പര്യം പ്രകടിപ്പിച്ചത്. എന്നാൽ ഈ സീറ്റ് കോണ്‍ഗ്രസിന് വിട്ടു നൽകില്ലെന്നാണ് ലീഗ് നിലപാട്.

കോഴിക്കോട്: സീറ്റ് വിഭജനത്തിൽ കോഴിക്കോട് ജില്ലയിൽ കൂടുതല്‍ പരിഗണന വേണമെന്ന കർശന നിലപാടുമായി മുസ്ലീം ലീഗ് ജില്ല നേതൃത്വം. സീറ്റ് വച്ചുമാറിയുള്ള നീക്കുപോക്കിനില്ലെന്നും ജില്ലയിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടുമെന്നും ജില്ലാ നേതൃത്വം വ്യക്തമാക്കി.

ലീഗ് മൽസരിച്ചിരുന്ന കുന്നമംഗലം കഴിഞ്ഞ തവണ കോണ്‍ഗ്രസ് ഏറ്റടുത്ത് പകരം ബാലുശ്ശേരി ലീഗിന് നൽകിയിരുന്നു. എന്നാൽ രണ്ടിടത്തും യുഡിഎഫ് പരാജയപ്പെട്ടു. ഇത്തവണ ഇത്തരമൊരു പരീക്ഷണത്തിനില്ലെന്നാണ് ലീഗ് നേതൃത്വം വ്യക്തമാക്കുന്നത്. കുന്നമംഗലത്ത് ഇത്തവണ ലീഗ് തന്നെ മൽസരിക്കാനാണ് തീരുമാനം.

കഴിഞ്ഞ തവണ ലീഗിലുണ്ടായ പ്രാദേശിക പ്രശ്നങ്ങൾ മൂലം നഷ്ടമായ കൊടുവള്ളി തിരിച്ച് പിടിക്കുകയാണ് ഇത്തവണ ലീഗിന്‍റെ ലക്ഷ്യം. തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് ചില പ്രാദേശിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ശക്തമായ നടപടി എടുത്ത് ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ചുവെന്നാണ് ലീഗിന്‍റെ അവകാശ വാദം.

ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്ക് വേണ്ടി മൽസര രംഗത്ത് നിന്ന് പിന്മാറിയ ടി സിദ്ദിഖ് തിരുവമ്പാടിയിൽ മൽസരിക്കാനാണ് താൽപ്പര്യം പ്രകടിപ്പിച്ചത്. എന്നാൽ ഈ സീറ്റ് കോണ്‍ഗ്രസിന് വിട്ടു നൽകില്ലെന്നാണ് ലീഗ് നിലപാട്.
ജനതാദൾ മൽസരിച്ച വടകരയും കേരള കോണ്‍ഗ്രസ് മൽസരിച്ച പേരാമ്പ്രയും ഉൾപ്പെടെ ജില്ലയിൽ ഇത്തവണ ലീഗ് കൂടുതൽ സീറ്റ് ആവശ്യപ്പെടും. എന്നാൽ വടകരയിൽ യുഡിഎഫ് പിന്തുണയോടെ കെ കെ രമ മൽസരിച്ചാൽ സീറ്റ് ആവശ്യപ്പെടില്ല.