തുടക്കത്തിൽ തന്നെ ലീ​ഗ് നേതാക്കളെ സജീവമായി രം​ഗത്തിറക്കി. പ്രാദേശിക നേതാക്കൾ മുതൽ സംസ്ഥാന നേതാക്കൾ വരെ മണ്ഡലത്തിൽ സജീവമായി. പി.കെ. കുഞ്ഞാലിക്കുട്ടി മുതൽ പി.കെ. ഫിറോസ് വരെ തുടക്കം മുതൽ ഒടുക്കം വരെ കൂടെ നിന്നു.

ലപ്പുറം രാഷ്ട്രീയത്തിൽ മറ്റ് മണ്ഡലങ്ങളിൽ നിന്ന് വിഭിന്നമായ ബന്ധമായിരുന്നു നിലമ്പൂരിൽ കോൺ​ഗ്രസും മുസ്ലിം ലീ​ഗും തമ്മിലുണ്ടായിരുന്നത്. പലപ്പോഴും സ്വരച്ചേർച്ചയുണ്ടായിരുന്നില്ല. തർക്കങ്ങൾ പൊതുമധ്യത്തിൽ വിഴുപ്പലക്കലിൽ വരെയെത്തി. ജില്ലയിലെ മുസ്ലിം ലീ​ഗിന്റെ അപ്രമാദിത്തത്തെ പൂർണമായും എതിർക്കുന്നതായിരുന്നു ആര്യാടൻ മുഹമ്മദിന്റെ ശൈലി. എക്കാലത്തും ഇടതു പക്ഷത്തേക്കാൾ ആര്യാടൻ മുഹമ്മദ് രൂക്ഷമായി ലീ​ഗിനെ വിമർശിക്കുകയും രാഷ്ട്രീയ എതിരാളികളായി കണക്കാക്കുകയും ചെയ്തു. രാഷ്ട്രീയത്തിന്റെ തുടക്കത്തിൽ അതേശൈലി തന്നെയാണ് ആര്യാടൻ ഷൗക്കത്തും സ്വീകരിച്ചത്.

പാണക്കാട് നേതാക്കന്മാരെ വരെ പേരെടുത്ത് ഇരുവരും രൂക്ഷമായി വിമർശിച്ചിരുന്നു. അതുകൊണ്ടുതന്നെ പലപ്പോഴും അമർഷം അടക്കിപ്പിടിച്ചായിരുന്നു മുസ്ലിം ലീ​ഗുകാർ നിലമ്പൂരിൽ യുഡിഎഫിന് വോട്ട് ചെയ്തിരുന്നത്. മുന്നണി മര്യാദ പാലിക്കണമെന്നത് കൊണ്ടുമാത്രം ലീ​ഗ് യുഡിഎഫ് വിജയത്തിൽ സംഭാവന ചെയ്തു. ലീ​ഗിനെ പ്രതിസന്ധിയിലാക്കുന്ന ആര്യാടൻ മുഹമ്മദിന് വോട്ടുചെയ്യുന്നതിൽ പലപ്പോഴും പ്രാദേശിക നേതാക്കൾ പരസ്യമായ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അവസാനമായി ആര്യാടന്‍ മുഹമ്മദ് മത്സരിച്ച തെരഞ്ഞെടുപ്പില്‍ വെറും അയ്യായിരത്തില്‍പ്പരം വോട്ടുകൾക്കാണ് ജയിച്ചത്. എന്നാല്‍, ആര്യാടൻ മുഹമ്മദ് മാറി, ആര്യാടൻ ഷൗക്കത്ത് ആദ്യമായി മത്സരിച്ചപ്പോൾ ഫലം മറ്റൊന്നായിരുന്നു. എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച പി.വി. അൻവർ പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് ജയിച്ചു. വോട്ടെണ്ണത്തില്‍ വലിയ കുറവ് വന്നില്ലെങ്കിലും വിഹിതത്തില്‍ വലിയ ഇടിവുണ്ടായി. അതോടെ, മണ്ഡലത്തിൽ ലീ​ഗിന്റെ വോട്ടില്ലെങ്കിൽ വിജയം അസാധ്യമാണെന്ന് കോൺഗ്രസ് മനസ്സിലാക്കി. അതുകൊണ്ടുതന്നെ ഇത്തവണ സൂക്ഷിച്ചായിരുന്നു കോൺ​ഗ്രസിന്റെ ചുവടുകൾ.

തുടക്കത്തിൽ തന്നെ ലീ​ഗ് നേതാക്കളെ സജീവമായി രം​ഗത്തിറക്കി. പ്രാദേശിക നേതാക്കൾ മുതൽ സംസ്ഥാന നേതാക്കൾ വരെ മണ്ഡലത്തിൽ സജീവമായി. പി.കെ. കുഞ്ഞാലിക്കുട്ടി മുതൽ പി.കെ. ഫിറോസ് വരെ തുടക്കം മുതൽ ഒടുക്കം വരെ കൂടെ നിന്നു. മുസ്ലിം ലീ​ഗിനെതിരെയുള്ള ആര്യാടൻ ഷൗക്കത്തിന്റെ പഴയകാല പ്രസ്താവനകളടക്കം രാഷ്ട്രീയ എതിരാളികൾ പ്രചരിപ്പിച്ചെങ്കിലും ലീ​ഗ് അണികളോ നേതാക്കളോ പ്രകോപനത്തിൽ വീണില്ല. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പാണക്കാട് തങ്ങൾ പങ്കെടുത്തില്ല എന്ന പ്രചാരണവും നടന്നു. എന്നാൽ, അദ്ദേഹം ഹജ്ജിന് പോയതിനാലാണ് അദ്ദേഹം പങ്കെടുക്കാതിരുന്നതെന്ന് ലീ​ഗ് വിശദീകരിച്ചു.

ഇത്തവണ അൻവറിന്റെ കാര്യത്തിൽ മാത്രമാണ് കോൺ​ഗ്രസിനും ലീ​ഗിനും വിയോജിപ്പുണ്ടായിരുന്നത്. അൻവറിനെ മുന്നണിയിൽ ഉൾപ്പെടുത്തുകയോ അസോസിയേറ്റാക്കുകയോ വേണമെന്നായിരുന്നു ലീ​ഗിന്റെ അഭിപ്രായം. ഇതിനായി ലീ​ഗ് നീക്കം നടത്തിയെങ്കിലും കോൺ​ഗ്രസ് എതിർത്തു. ഇക്കാര്യത്തിൽ വലിയ കടുംപിടുത്തത്തിന് നിൽക്കാതെ ലീ​ഗ് പിൻവലിഞ്ഞതോടെ പ്രശ്നങ്ങൾ അവസാനിച്ചു. തങ്ങളുടെ ഒറ്റ കേഡർ വോട്ടുകളോ അനുഭാവി വോട്ടുകളോ എതിർപെട്ടിയിൽ വീണില്ലെന്ന് ഉറപ്പാക്കാൻ ഓരോ ബൂത്തിലും കേന്ദ്രീകരിച്ചായിരുന്നു ലീ​ഗിന്റെ പ്രവർത്തനം. അതുതന്നെയാണ് 20000ത്തിനടുത്ത് പി.വി. അൻവർ വോട്ട് പിടിച്ചിട്ടും ഭൂരിപക്ഷം പതിനായിരം കടത്താൻ യുഡിഎഫിനെ സഹായിച്ചത്.