Asianet News MalayalamAsianet News Malayalam

കോടിയേരി ചെയ്യുന്നത് ഗീബൽസിന്റെ പണി: ബിജെപിയല്ല മുഖ്യശത്രു എന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞിട്ടില്ല; കെപിഎ മജീദ്

മുസ്‌ലിം ലീഗിനെതിരെ ഉപയോഗിക്കാനായി തീവ്രവാദ ശക്തികളുമായി വേദി പങ്കിടുകയും അവരെ പാലൂട്ടി വളർത്തുകയും ചെയ്തത് സിപിഎമ്മാണ്. തങ്ങൾക്കൊപ്പം നിൽക്കാത്തവരെയൊക്കെ വർഗ്ഗീയവാദികളാക്കി അധിക്ഷേപിക്കുന്നത് ഒരു രാഷ്ട്രീയ പാർട്ടിക്ക് ചേരുന്ന നയമല്ല. 

muslim league kpa majeed against cpm kodiyeri balakrishnan
Author
Calicut, First Published Sep 27, 2020, 12:23 PM IST

കോഴിക്കോട്: മുസ്‌ലിംലീഗിനെ ലക്ഷ്യമിട്ടുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനകൾ നുണകളെ സത്യമാക്കാനുള്ള ഗീബൽസിയൻ തന്ത്രമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു. അധികാരത്തിനു വേണ്ടി തരാതരം വർഗ്ഗീയശക്തികളുമായി കൂട്ടുചേരുന്ന കേരളത്തിലെ ഒരേയൊരു പാർട്ടി സിപിഎമ്മാണെന്ന് ചരിത്രം പരിശോധിച്ചാൽ ആർക്കും മനസ്സിലാകും. മുസ്‌ലിം ലീഗിനെതിരെ ഉപയോഗിക്കാനായി തീവ്രവാദ ശക്തികളുമായി വേദി പങ്കിടുകയും അവരെ പാലൂട്ടി വളർത്തുകയും ചെയ്തത് സിപിഎമ്മാണ്. തങ്ങൾക്കൊപ്പം നിൽക്കാത്തവരെയൊക്കെ വർഗ്ഗീയവാദികളാക്കി അധിക്ഷേപിക്കുന്നത് ഒരു രാഷ്ട്രീയ പാർട്ടിക്ക് ചേരുന്ന നയമല്ല. സിപിഎം നേരിടുന്ന വലിയ ആശയ പ്രതിസന്ധിയാണ് കോടിയേരിയുടെ പ്രസ്താവനയിലൂടെ വ്യക്തമാകുന്നതെന്നും കെപിഎ മജീദ് പറഞ്ഞു. 

ബിജെപിയല്ല മുഖ്യശത്രു എന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞിട്ടില്ല. കേരള രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ പ്രസ്താവനയെ വളച്ചൊടിക്കുകയാണ് സിപിഎം ചെയ്തത്. ആ നുണയെ ആവർത്തിക്കാനാണ് കോടിയേരി ശ്രമിച്ചത്. ബിജെപിയുടെ വർഗ്ഗീയതയെയും ഫാഷിസത്തെയും എല്ലാ കാലത്തും എതിർക്കുകയും ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്ത പാർട്ടിയാണ് മുസ്ലിംലീഗ്. എന്നാൽ പല കാര്യങ്ങളിലും ബിജെപി നയമാണ് സിപിഎം പിന്തുടരുന്നത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരളത്തിന്റെ റവന്യു വരുമാനത്തിൽ വലിയൊരു പങ്ക് കൈകാര്യം ചെയ്യുന്നത് ലീഗ് മന്ത്രിമാരാകും എന്ന, ബിജെപി നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യം ആവർത്തിക്കുന്ന കോടിയേരി ഭൂരിപക്ഷ ദ്രുവീകരണത്തിനു വേണ്ടിയാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നത്.

എസ്ഡിപിഐയുമായി ചേർന്ന് ഇപ്പോഴും പഞ്ചായത്തുകൾ ഭരിക്കുന്ന പാർട്ടിയാണ് സിപിഎം. അധികാരത്തിനു വേണ്ടി ഏത് ചെകുത്താനുമായും കൂട്ടുകൂടാം എന്നത് സിപിഎമ്മിന്റെ കാലങ്ങളായുള്ള നയമാണ്. ഇതിനെയൊക്കെ മറികടക്കാനും പാർട്ടിക്കും സർക്കാരിനുമെതിരെ നിരന്തരമായി വന്നുകൊണ്ടിരിക്കുന്ന അഴിമതി ആരോപണങ്ങൾക്ക് മറയിടാനുമാണ് ലീഗ് വർഗ്ഗീയശക്തികളെ കൂട്ടുപിടിക്കുന്നു എന്ന ആരോപണം കോടിയേരി ആവർത്തിക്കുന്നത്. മുതലാളിത്തത്തിനും വർഗ്ഗീയതക്കുമെതിരെ നിരന്തരം പ്രസംഗിക്കുകയും തരംകിട്ടുമ്പോഴൊക്കെ ഇത്തരം ശക്തികളുമായി കൂട്ടുകൂടുകയും ചെയ്യുന്ന കാപട്യത്തിന്റെ രാഷ്ട്രീയ ചരിത്രമാണ് സിപിഎമ്മിനുള്ളത്. ഒരു നുണ നൂറുവട്ടം ആവർത്തിച്ചാൽ സത്യമാകില്ലെന്ന് കോടിയേരി ഓർക്കുന്നത് നല്ലതാണ്. മുസ്‌ലിംലീഗ് കരുത്തുറ്റ പാരമ്പര്യവും ആദർശവും കൈമുതലാക്കി പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടിയാണ്. പുറത്തുനിന്നുള്ള ഒരു ശക്തിക്കും ലീഗിന്റെ നയം തിരുത്താനോ സ്വാധീനിക്കാനോ ആവില്ല. ഭരണത്തിനെതിരെ ന്യൂനപക്ഷ ഏകീകരണമുണ്ടാകുന്നു എന്ന ഭയമാണ് സിപിഎമ്മിനെ വേട്ടയാടുന്നത്. പിടിച്ചുനിൽക്കാൻ വേണ്ടി ഭൂരിപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ളതാണ് കോടിയേരിയുടെ പ്രസ്താവനകൾ. ലീഗിനെതിരായ ആരോപണങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ പുച്ചിച്ചു തള്ളുകയാണെന്നും കെപിഎ മജീദ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios