'നേരത്തെ ആയിരിക്കാം, ഇപ്പോൾ ലീഗ് ഭാരവാഹിയല്ല'; നവകേരള സദസിലെത്തിയ എൻഎ അബൂബക്കറിനെ തള്ളി ലീഗ് നേതാക്കൾ
നവകേരള സദസിൽ ലീഗ് ഭാരവാഹികൾ പങ്കെടുത്തിട്ടില്ലെന്ന് പിഎംഎ സലാം മലപ്പുറത്ത് പറഞ്ഞു. എൻഎ അബൂബക്കർ നിലവിൽ ലീഗ് ഭാരവാഹിയല്ല. നേരത്തെ ആയിരിക്കാമെന്നും സലാം മാധ്യമങ്ങളോട് പ്രതികരിച്ചു.
മലപ്പുറം: നവകേരള സദസിലെത്തിയ എൻഎ അബൂബക്കറിനെ തള്ളി ലീഗ് നേതാക്കളായ പിഎംഎ സലാമും പികെ കുഞ്ഞാലിക്കുട്ടിയും. നവകേരള സദസിൽ ലീഗ് ഭാരവാഹികൾ പങ്കെടുത്തിട്ടില്ലെന്ന് പിഎംഎ സലാം മലപ്പുറത്ത് പറഞ്ഞു. എൻഎ അബൂബക്കർ നിലവിൽ ലീഗ് ഭാരവാഹിയല്ല. നേരത്തെ ആയിരിക്കാമെന്നും സലാം മാധ്യമങ്ങളോട് പ്രതികരിച്ചു.
ഭാരവാഹികൾ ആരെങ്കിലും പങ്കെടുത്തതായി ശ്രദ്ധയിൽ പെട്ടാൽ നടപടി ഉണ്ടാകും. കേരള ബാങ്ക് വിഷയത്തിൽ എല്ലാ ദിവസവും പ്രതിരിക്കേണ്ടതില്ല. ലീഗ് നിലപാട് നേരത്തെ പറഞ്ഞതാണ്. എന്നും പറയേണ്ട കാര്യമില്ലെന്നും പിഎംഎ സലാം കൂട്ടിച്ചേർത്തു. നവകേരള സദസുമായി ലീഗ് സഹകരിക്കുന്നില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. വളരെ വ്യക്തമായി യുഡിഎഫ് ഇക്കാര്യത്തിൽ തീരുമാനം എടുത്തതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസ്ലിം ലീഗ് നേതാവ് എൻ എ അബൂബക്കറാണ് നവകേരള സദസിന്‍റെ പ്രഭാത യോഗത്തിൽ പങ്കെടുത്തത്. ലീഗ് സംസ്ഥാന കൗൺസിൽ അംഗവും നായന്മാർമൂല ലീഗ് യൂണിറ്റ് പ്രസിഡന്‍റുമാണ്. കാസർഗോട്ടെ വ്യവസായ പ്രമുഖനാണ് അബൂക്കർ. മന്ത്രിമാർ ഒന്നിച്ചു എത്തിയത് ജില്ലക്ക് ഗുണം ചെയ്യുമെന്ന് അബൂബക്കർ ഹാജി യോഗത്തിൽ പറഞ്ഞു. നവകേരള സദസ്സിന് ആശംസകൾ നേര്‍ന്ന അദ്ദേഹം കാസർകോട് മേൽപ്പാലം നിർമാണം ഉടൻ പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടു. ലീഗ് പ്രതിനിധിയായല്ല, നാടിന്‍റെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാനാണ് നവകരേള സദസ്സിലെ പൗര പ്രമുഖരുമായുള്ള പ്രഭാതയോഗത്തില്‍ പങ്കെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം ഇരിക്കാനായതില്‍ സന്തോഷമുണ്ട്. മറ്റ് വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്നും അബൂബക്കർ കൂട്ടിച്ചേർത്തു.
https://www.youtube.com/watch?v=BOyWyAmpZls
https://www.youtube.com/watch?v=Ko18SgceYX8