മലപ്പുറം: ഉപതെരഞ്ഞെടുപ്പില്‍ മ‍ഞ്ചേശ്വരത്തെ ലീഗ് സ്ഥാനാര്‍ത്ഥിയായി എംസി കമറുദ്ദീനെ പാര്‍ട്ടി പ്രഖ്യാപിച്ചേക്കും. സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ പാര്‍ട്ടിക്കും മഞ്ചേശ്വരത്തെ പ്രാദേശിക നേതൃത്വത്തിനും വിരുദ്ധ അഭിപ്രായമാണെന്നുള്ളതിനാല്‍ പ്രശ്നം പരമാവധി രമ്യതയില്‍ പരിഹരിക്കാനാണ് ലീഗ് ശ്രമിക്കുന്നത്.

എം.സി കമറുദ്ദീനെ സ്ഥാനാർത്ഥിയാക്കാനാണ് സംസ്ഥാന നേതൃത്വത്തിലെ ധാരണയെങ്കിലും മഞ്ചേശ്വരത്തെ അണികളുടെ പിന്തുണ ഉറപ്പാക്കിയ ശേഷം വൈകുന്നേരത്തോടെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും എന്നാണ് സൂചന. അതിനിടെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും മുന്‍ കുമ്പള പഞ്ചായത്ത് അധ്യക്ഷനും കൂടിയായ എകെഎം അഷ്റഫിനെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കണം എന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. 

യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവറലി ശിഹാബ് തങ്ങളുടെ വീട്ടില്‍ യോഗം ചേര്‍ന്ന യൂത്ത് ലീഗ് നേതാക്കള്‍ തുടര്‍ന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കണ്ട് അഷ്റഫിനായി വാദിച്ചു. ആത്മീയനേതാക്കളെ അടക്കം ഉള്‍പ്പെടുത്തി കൊണ്ട് യൂത്ത് ലീഗ് അഷ്റഫിനായി സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും മഞ്ചേശ്വരത്തെ ലീഗ് നേതൃത്വത്തില്‍ നിന്നു തന്നെ മറ്റു പല പേരുകളും ഉയര്‍ന്നു വന്നത് അഷ്റഫിന് തിരിച്ചടിയായിട്ടുണ്ട്. മുസ്ലീം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ടറ മായിന്‍ ഹാജിയുടെ പേരും ചിലര്‍ തങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്തിയെന്നാണ് സൂചന. 

പല പേരുകള്‍ നിര്‍ദേശിക്കപ്പെട്ടത് സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ പ്രാദേശിക നേതാക്കള്‍ക്കിടയില്‍ ഐക്യമില്ലെന്നതിന്‍റെ സൂചനയായാണ് നേതൃത്വം വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് മുസ്ലീം ലീഗ് കാസര്‍ക്കോഡ‍് ജില്ലാ പ്രസിഡ‍ന്‍റ് കൂടിയായ കമറുദ്ദീന്‍റെ സാധ്യത വര്‍ധിക്കുന്നത്. 

മഞ്ചേശ്വരം സീറ്റിന് വേണ്ടി യൂത്ത് ലീഗ് അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നും എന്നാല്‍ യൂത്ത് ലീഗിന്റെ ആവശ്യങ്ങൾ പാർട്ടിയിൽ അറിയിച്ചിട്ടുണ്ടെന്നും യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.  നേതൃത്വം എടുക്കുന്ന ഏത് തീരുമാനവും യൂത്ത് ലീഗ് അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നജീബ് കാന്തപുരം, മുജീബ് കാടേരി ഉൾപ്പെടെയുള്ള യൂത്ത് ലീഗ് നേതാക്കള്‍ക്കൊപ്പമാണ് മുനവറലി ശിഹാബ് തങ്ങള്‍ പാണക്കാട് തങ്ങളെ കണ്ടത്. 

ജനസംഖ്യയിൽ പകുതിയിലേറെയും ഭാഷാന്യൂനപക്ഷങ്ങളിൽ ഉള്‍പ്പെട്ട മണ്ഡലമാണ് മഞ്ചേശ്വരം. ഭൂമിശാസ്ത്രപരമായി കേരളത്തിന്റെ ഭാഗമായി നിൽക്കുമ്പോഴും മലയാളത്തേക്കാളേറെ  കന്നട, തുളു ഭാഷകൾ സംസാരിക്കുന്നവരാണ് മഞ്ചേശ്വരത്ത് കൂടുതലായി ഉള്ളത്. ഈ വിഭാഗങ്ങൾക്കിടയിൽ കൂടുതൽ സ്വാധീനമുള്ള ബിജെപിയുമായി നേർക്കുനേർ പോര് നടക്കുമ്പോൾ സ്ഥാനാർത്ഥി ഈ മേഖലയിൽ നിന്നുള്ള ആൾ തന്നെയാകണം എന്ന നിർദ്ദേശമായിരുന്നു മഞ്ചേശ്വരത്തെ ലീഗ് നേതൃത്വം നേരത്തെ മുന്നോട്ട് വച്ചത്. 

തൃക്കരിപ്പൂരുകാരനായ എം.സി കമറുദ്ദീനെക്കാൾ മഞ്ചേശ്വരം സ്വദേശിയും കന്നട സാഹിത്യത്തിൽ ബിരുദദാരിയുമായ  എ.കെ.എം അഷ്റഫിന്റെ പേര് ഉയർന്ന് വന്നത് അങ്ങനെയാണ്. എന്നാൽ കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലായി സീറ്റ് നിഷേധിക്കപ്പെട്ട എം.സി കമറുദ്ദീനെ ഇക്കുറിയും മാറ്റി നിർത്തുന്നത് നീതിയല്ലെന്ന വികാരമാണ് ലീഗ് സംസ്ഥാന നേതൃത്വം പങ്കുവയ്ക്കുന്നത്. 

എല്ലാ തെരഞ്ഞെടുപ്പുകളിലും അസ്വരാസ്യങ്ങള്‍ക്ക് ഇടനല്‍കാതെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്ന മുസ്ലീംലീഗില്‍ ഇക്കുറിയുണ്ടായ അങ്കലാപ്പ് യുഡിഎഫിനെ അസ്വസ്ഥമാക്കുന്നുണ്ട്. എന്നാൽ നേതൃത്വം ആരെ സ്ഥാനാർത്ഥിയാക്കിയാലും ജയം ഉറപ്പാണെന്ന ആത്മവിശ്വാസമാണ്  മഞ്ചേശ്വരത്തെ ലീഗ് നേതൃത്വം പ്രകടിപ്പിക്കുന്നത്.   

ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്മോഹൻ ഉണ്ണിത്താൻ മഞ്ചേശ്വരത്ത് നേടിയ 11,000 വോട്ടുകളുടെ ഭൂരിപക്ഷമാണ് യുഡിഎഫ് ക്യാംപിന്‍റെ ആത്മവിശ്വാസത്തിന്റെ അടിത്തറ. അതേസമയം പ്രാദേശിക വികാരം കൂടി കണക്കിലെടുത്ത് സ്ഥാനാർത്ഥികളെ നിശ്ചയിക്കാനുള്ള  നീക്കത്തിലാണ് എല്‍ഡിഎഫും ബിജെപിയും. സിപിഎം സാധ്യതാ പട്ടികയിൽ മുന്നിലുള്ള കെആര്‍ ജയാനന്ദനും ബിജെപിയുടെ ആദ്യ പട്ടികയിലുള്ള കെ ശ്രീകാന്തും രവീശ തന്ത്രി കുണ്ഡാറും തുളു, കന്നട മേഖലകളിൽ കൂടുതൽ സ്വാധീനമുള്ളവരാണ്.