ഹരിത അംഗങ്ങൾക്കെതിരെ അച്ചടക്ക നടപടിയിലേക്ക് നീങ്ങുകയാണ് മുസ്ലീം ലീഗ്. ഹരിത സംസ്ഥാന കമ്മിറ്റി തന്നെ പിരിച്ചുവിട്ടേക്കുമെന്നാണ് സൂചന

കോഴിക്കോട്: എംഎസ്എഫ് നേതാക്കൾക്കെതിരെ വനിതാ കമ്മീഷനിൽ നൽകിയ ലൈംഗിക അധിക്ഷേപ പരാതി പിൻവലിക്കാതെ ഹരിത. ലീഗ് നൽകിയ സമയം അവസാനിച്ചു. ഹരിത അംഗങ്ങൾക്കെതിരെ അച്ചടക്ക നടപടിയിലേക്ക് നീങ്ങുകയാണ് മുസ്ലീം ലീഗ്. ഹരിത സംസ്ഥാന കമ്മിറ്റി തന്നെ പിരിച്ചുവിട്ടേക്കുമെന്നാണ് സൂചന. പാണക്കാട്ട് സാദിഖലി തങ്ങളുമായി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി തങ്ങൾ ചർച്ച നടത്തുകയാണ്. 

ഹരിത വിവാദം

സംഘടനയില്‍ നേരിടേണ്ടി വന്ന ലൈംഗീക അധിക്ഷേപവും വിവേചനവും ചൂണ്ടിക്കാട്ടി മുസ്ലിം സ്റ്റുഡന്‍റ്സ് ഫെഡറേഷനിലെ പത്ത് വനിത നേതാക്കളാണ് വനിതാ കമ്മീഷനിൽ പരാതി നൽകിയത്. സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി അബ്ദുള്‍ വഹാബും ലൈംഗിക അധിക്ഷേപം നടത്തിയെന്നായിരുന്നു പരാതി. 

ഹരിതയിലെ സംഘടനാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഘട്ടത്തില്‍ ഹരിത നേതാക്കളുടെ അഭിപ്രായം തേടിയ നവാസ് പറഞ്ഞത് വേശ്യയ്ക്കും വേശ്യയുടെ അഭിപ്രായം കാണും എന്നാണ്. സമാനമായ രീതിയിലായിരുന്നു അബ്ദുള്‍ വഹാബിന്‍റെയും പ്രതികരണം. എംഎസ്എഫില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ ലൈംഗിക ചുവയോടെ ചിത്രീകരിക്കുകയും ദുരാരോപണങ്ങള്‍ ഉന്നയിച്ച് മാനസികമായും സംഘടനാ പരമായും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും വനിതാ കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു. 

പരാതി വനിതാ കമ്മീഷന്‍ കോഴിക്കോട് സിറ്റി പൊലീസിന് കൈമാറിയിരുന്നു. തുടർന്ന് പൊലീസ് പരാതിക്കാരില്‍ നിന്ന് മൊഴിയെടുത്തു. എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷിറയുടെ മൊഴിയാണ് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പിസി ഹരിദാസ് രേഖപ്പെടുത്തിയത്. പൊലീസിന് നൽകിയ മൊഴിയിലും തൻ്റെ പരാതിയില്‍ നജ്മ ഉറച്ച് നിന്നു. 

പ്രശ്നം ഒത്തുതീർപ്പാക്കാൻ ചര്‍ച്ച നടത്തിയ മുനവ്വറലി ശിഹാബ് തങ്ങള്‍ പരാതി പിന്‍വലിക്കണമെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും ഹരിത നേതാക്കള്‍ വഴങ്ങിയില്ല. ലൈംഗീക അധിക്ഷേപം നടത്തിയ എംഎസ്എഫ് പ്രസിഡന്‍റ് പി.കെ നവാസ് അടക്കമുളളവര്‍ക്കെതിരെ നടപടി എടുക്കാതെ ഒത്തുതീര്‍പ്പിനില്ലെന്നായിരുന്നു ഹരിതയുടെ മറുപടി.