മലപ്പുറം: രാമക്ഷേത്ര ഭൂമിപൂജയെ പ്രിയങ്കാഗാന്ധി സ്വാഗതം ചെയ്ത വിഷയം ചർച്ച ചെയ്യാൻ മുസ്ലീം ലീഗ് വിളിച്ച അടിയന്തിര നേതൃയോഗം ഇന്ന് മലപ്പുറത്ത് ചേരും. രാവിലെ പതിനൊന്നു മണിക്ക് പാണക്കാട് തങ്ങളുടെ വസതിയിലാണ് ദേശീയ ഭാരവാഹികളുടെ യോഗം. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീർ എന്നിവരടക്കമുള്ള നേതാക്കൾ നേരിട്ടും മറ്റുള്ളവർ ഓൺലൈനായും പങ്കെടുക്കും.

ഉത്തരേന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിലാണ് പ്രിയങ്കാ ഗാന്ധിയുടെ പ്രതികരണം എന്നാണ് കോൺഗ്രസ് നേതാക്കൾ ലീഗിനെ അറിയിച്ചത്. ഇതേ തുടർന്ന് മുസ്ലീം ലീഗ് കടുത്ത അമർഷത്തിൽ അയവ് വരുത്തിയതായാണ് സൂചന. കമൽനാഥ്, ദ്വിഗ് വിജയ് സിംഗ്, മനീഷ് തിവാരി എന്നിവർ ക്ഷേത്രനിർമ്മാണത്തെ ആവേശത്തോടെ സ്വാഗതം ചെയ്‍തതിന് പിന്നാലെയാണ് കിഴക്കൻ ഉത്തപ്രദേശിന്‍റെ ചുമതലയുള്ള പ്രിയങ്ക നിലപാട് പരസ്യമാക്കിയത്.

ശ്രീരാമന്‍ എല്ലാവരുടേതുമാണെന്നും ത്യാഗം,ധൈര്യം, തുടങ്ങിയ ഗുണങ്ങള്‍ രാമന്‍റെ പ്രതീകങ്ങളാണെന്നും പറഞ്ഞ പ്രിയങ്ക ജയ് സിയ റാം എന്ന മുദ്രാവാക്യത്തോടെയാണ് പ്രസ്‍താവന അവസാനിപ്പിക്കുന്നത്. ക്ഷേത്രനിർമ്മാണത്തിന് അനുകൂലമായ വികാരം ഭൂരിപക്ഷസമുദായത്തിലുണ്ടെന്ന് പാർട്ടിയിൽ ഒരു വിഭാഗം ശക്തമായി വാദിക്കുന്നു. മാത്രമല്ല 2022ലെ യുപി തെരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥ് അയോധ്യ തുറുപ്പുചീട്ടാക്കും എന്നത് മുന്നിൽ കണ്ടുകൂടിയാണ് പ്രിയങ്കയുടെ നീക്കം.