വനിതാ കമ്മീഷനില്‍ എം.എസ്.എഫ് നേതാക്കള്‍ക്കെതിരായി നല്‍കിയ പരാതി പിൻവലിക്കണമെന്ന മുസ്ലീം ലീഗ് നേതൃത്വത്തിന്‍റെ അന്ത്യശാസനം ഹരിത നേതൃത്വം  തള്ളിയ സാഹചര്യത്തില്‍ ഹരിത നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി യോഗം ചര്‍ച്ച ചെയ്യും.  

കോഴിക്കോട്: മുസ്ലീം ലീഗ് ഉന്നതാധികാര സമിതിയോഗം ഇന്ന് മലപ്പുറത്ത് ചേരും.രാവിലെ പത്ത് മണിക്ക് മലപ്പുറം ലീഗ് ഹൗസിലാണ് യോഗം. എം.എസ്.എഫിന്‍റെ വനിതാ വിഭാഗമായ ഹരിതയുടെ പ്രവര്‍ത്തനം യോഗത്തില്‍ മുഖ്യ ചര്‍ച്ചയാവും. വനിതാ കമ്മീഷനില്‍ എം.എസ്.എഫ് നേതാക്കള്‍ക്കെതിരായി നല്‍കിയ പരാതി പിൻവലിക്കണമെന്ന മുസ്ലീം ലീഗ് നേതൃത്വത്തിന്‍റെ അന്ത്യശാസനം ഹരിത നേതൃത്വം തള്ളിയ സാഹചര്യത്തില്‍ ഹരിത നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി യോഗം ചര്‍ച്ച ചെയ്യും. 

ഹരിതയെ പിന്തുണച്ചും മുസ്ലീം ലീഗ് നേതൃത്വത്തെ കുറ്റപെടുത്തിയും എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തമ തെഹ്ലിയ നടത്തിയ പരാമര്‍ശങ്ങളും യോഗം ചര്‍ച്ച ചെയ്യും.ഫാത്തിമ തഹാലിയക്കെതിരെ നടപടിവേണമെന്ന ആവശ്യം യോഗത്തിലുയര്‍ന്നേക്കും.തെരെഞ്ഞെടുപ്പ് അവലോകനത്തിനായി അടുത്ത ആഴ്ച്ച ചേരാനിരിക്കുന്ന പ്രവര്‍ത്തകസമിതി യോഗത്തിന്‍റെ അജണ്ട നിശ്ചയിക്കല്‍,സംഘടനാ പ്രവര്‍ത്തനങ്ങളിലെ മാറ്റങ്ങളാലോചിക്കാൻ ചുതലപെടുത്തിയ ഉപസമിതിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച് തീരുമാനമെടുക്കല്‍ എന്നിവയാണ് യോഗത്തില്‍ അജണ്ടയായി നിശ്ചയിച്ചിട്ടുള്ളത്.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സാദിഖലി ശിഹാബ് തങ്ങള്‍,പി,കെ,കുഞ്ഞാലിക്കുട്ടി,ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി,എം.കെ.മുനീര്‍ ഉള്‍പെടെ പത്ത് പേരാണ് ഉന്നതാധികാര സമിതിയിലുള്ളത്. അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലായതിനാല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ .യോഗത്തില്‍ പങ്കെടുത്തേക്കില്ല.