മലപ്പുറം: രാമക്ഷേത്രനിർമ്മാണവുമായി ബന്ധപ്പെട്ട പ്രിയങ്കാഗാന്ധിയുടെ പ്രസ്താവനയെ എതിർത്ത് ലീഗിന്‍റെ പ്രമേയം. പ്രസ്താവനയോട് യോജിക്കുന്നില്ലെന്നും അനവസരത്തിലാണെന്നുമാണ് പ്രമേയത്തിലെ കുറ്റപ്പെടുത്തൽ. എന്നാൽ, കോൺഗ്രസ് നേതാക്കൾ ആരും പ്രമേയത്തോട് പ്രതികരിച്ചതുമില്ല. 

പാണക്കാട്ട് ചേർന്ന ദേശീയ സമിതിയോഗത്തിലാണ് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധിക്കെതിരെ ലീഗ് പ്രമേയം പാസ്സാക്കിയത്. രണ്ട് വാചകമുള്ള പ്രമേയത്തിനപ്പുറം, മറ്റ് പ്രതികരണങ്ങൾക്ക് ലീഗ് നേതാക്കൾ തയ്യാറായില്ല. തൽക്കാലം വിഭാഗീയമായ നിലപാടിലേക്കില്ലെന്ന് നേതാക്കൾ വ്യക്തമാക്കി. 

''രാമക്ഷേത്ര ശിലാസ്ഥാപനത്തെക്കുറിച്ചുള്ള പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവന അസ്ഥാനത്താണ്. അനവസരത്തിലുമാണ്. ലീഗ് ഇക്കാര്യത്തിൽ വിവാദം ആഗ്രഹിക്കുന്നില്ല. കോടതി തീരുമാനമുണ്ടായ വിഷയമാണ്. ഇതിൽ കൂടുതൽ ചർച്ചയ്ക്കും ലീഗില്ല'', എന്ന് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം, അയോധ്യ കോടതി വിധി അംഗീകരിക്കുന്നുവെന്നാണ് ലീഗ് പറഞ്ഞതെന്നും, സ്വാഗതം ചെയ്യുകയല്ല ചെയ്തതെന്നും ഇ ടി മുഹമ്മദ് ബഷീർ ഓർമിപ്പിക്കുകയും ചെയ്തു. 

എല്ലാ മുസ്ലിം സംഘടനകളുടെയും പിന്തുണ ഇക്കാര്യത്തിൽ ലീഗിനുണ്ടെന്നവകാശപ്പെട്ടെങ്കിലും സമസ്തയുടെ വിയോജിപ്പിനെക്കുറിച്ച് ചോദിച്ചപ്പോൾ നേതാക്കൾ ഒഴിഞ്ഞുമാറി. കോൺഗ്രസ് നേതാക്കളിൽ പലരും ശക്തമായി രാമക്ഷേത്രത്തിന്‍റെ വക്താക്കളായി മാറുന്ന പശ്ചാത്തലത്തിൽ പ്രതിഷേധം അറിയിക്കണമെന്ന ഇ ടി മുഹമ്മദ് ബഷീറടക്കമുള്ളവരുടെ നിലപാട് കൂടി കണക്കിലെടുത്താണ് പ്രമേയം. 

എന്നാൽ മുന്നണിബന്ധത്തെ ബാധിക്കുന്ന രീതിയിലെക്ക് പ്രശ്നം വളർത്തേണ്ടതില്ല എന്നാണ് ലീഗിലെ ആലോചന. രാമക്ഷേത്രനിർമ്മാണത്തിന്  എതിരെ പരസ്യമായി പ്രതികരിച്ചാൽ കോടതിവിധിയോട് എതിർപ്പുള്ളതായി വ്യാഖ്യാനിക്കപ്പെടുമെന്നും ലീഗ് കരുതുന്നു. 

Read more at: 'രാമൻ എന്നാൽ നീതിയാണ്, അദ്ദേഹം അനീതിയ്ക്ക് ഒപ്പം ഉണ്ടാകില്ല', രാഹുലിന്‍റെ പ്രതികരണം