ലീഗിനെതിരായ വിവാദ പ്രസ്താവനയിൽ മന്ത്രി സജി ചെറിയാന് മറുപടിയുമായി മുസ്ലിം ലീഗ്. വര്‍ഗീയ ധ്രുവീകരണം ലീഗിന്‍റെ ലക്ഷ്യമല്ലെന്നും സജി ചെറിയാനെ പോലെ ഇത്രയും വലിയ വര്‍ഗീയത ആരും പറഞ്ഞിട്ടില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തിരുവനന്തപുരം: ലീഗിനെതിരായ വിവാദ പ്രസ്താവനയിൽ മന്ത്രി സജി ചെറിയാന് മറുപടിയുമായി മുസ്ലിം ലീഗ്. വര്‍ഗീയ ധ്രുവീകരണം ലീഗിന്‍റെ ലക്ഷ്യമല്ലെന്നും സജി ചെറിയാനെ പോലെ ഇത്രയും വലിയ വര്‍ഗീയത ആരും പറഞ്ഞിട്ടില്ലെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സജി ചെറിയാൻ ലീഗിനെക്കുറിച്ച് ആദ്യം പഠിക്കണമെന്നും ഒരു ജനവിഭാഗത്തെ ടാര്‍ജറ്റ് ചെയ്യുന്ന പ്രചരണമാണ് നടത്തുന്നതെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പേര് നോക്കി കാര്യം പറയുന്ന രീതിയാണ് ഇപ്പോള്‍ കേരളത്തിൽ. തെക്കൻ കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മുസ്ലിംലീഗ് പ്രതിനിധികളാണ് ഇന്ന് കൊല്ലത്ത് യോഗത്തിന് എത്തിയത്.

 അവരുടെ പേരുകൾ നോക്കിയാൽ മനസിലാകും ഏതൊക്കെ വിഭാഗത്തിൽനിന്ന് ആളുകൾ ഉണ്ടെന്നത്. എല്ലാ മത വിഭാഗതിൽ പെട്ടവരും ലീഗിൽ നിന്ന് വിജയിച്ചിട്ടുണ്ട്. സർക്കാരിന്‍റെയും ഇടതുപക്ഷത്തിന്‍റെയും ആത്മവിശ്വാസ കുറവാണ് ഇത്തരം പ്രസ്താവനകൾക്ക് കാരണം. മലപ്പുറത്തെ വൈസ് പ്രസിഡന്‍റ് ആരെന്ന് നോക്കണം. മാറി മാറി കാർഡ് കളിച്ചിട്ട് എന്താണ് ഇടത് പക്ഷത്തിന് പ്രയോജനം?. മലയാളിയുടെ മണ്ണിൽ ഇത് ചിലവാകില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നാല് വോട്ടുകൾക്കുവേണ്ടി വർ​ഗീയ ധ്രുവീകരണമുണ്ടാക്കുന്നത് മുസ്ലീം ലീ​ഗിന്റെ ലക്ഷ്യമല്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പറഞ്ഞു.

നേരത്തെ സജി ചെറിയാനെതിരെ രൂക്ഷവിമർശനവുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമും രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ സിപിഎമ്മിന്‍റെ ലെവൽ തെറ്റിയിരിക്കുകയാണെന്നും വർഗീയതയെ പ്രീണിപ്പിക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണെന്നും പിഎംഎ സലാം ആരോപിച്ചു. സ്ഥാനാർത്ഥികളുടെ പേര് നോക്കി കാര്യങ്ങൾ നിശ്ചയിക്കാനാണോ സജി ചെറിയാൻ പറയുന്നതെന്നും പേര് നോക്കിയാണോ ജനങ്ങൾ വോട്ട് ചെയ്യുന്നതെന്നും സലാം ചോദിച്ചു.

സജി ചെറിയാന്‍റെ വിവാദ പരാമര്‍ശം

"നിങ്ങൾ കാസർകോട് നഗരസഭ റിസൾട്ട് പരിശോധിച്ചാൽ മതി ആർക്കെല്ലാം എവിടെയെല്ലാം ഭൂരിപക്ഷമുണ്ടോ ആ സമുദായത്തിൽ പെട്ടവരേ ജയിക്കൂ. അങ്ങനെ കേരളം പോണോ? ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അതല്ലേ സംഭവിക്കുന്നത്. മലപ്പുറം ജില്ലാ പഞ്ചായത്തിൽ ജയിച്ചു വന്നവരുടെ പേരെടുത്ത് വായിച്ചുനോക്ക്. എന്താണ് നമ്മുടെ രാജ്യത്തിന്‍റെ സ്ഥിതി. നിങ്ങളിത് ഉത്തർ പ്രദേശും മധ്യപ്രദേശുമാക്കാൻ നിൽക്കരുത്."- എന്നാണ് സജി ചെറിയാൻ പറഞ്ഞത്.

വിവാദമായതോടെ വിശദീകരണം

പ്രസ്താവന വിവാദമായതോടെ ഇന്ന് സജി ചെറിയാൻ വിശദീകരണവുമായി രംഗത്തെത്തി. തന്‍റെ പ്രസ്താവന വളച്ചൊടിച്ചെന്നും അതിന്‍റെ പേരിൽ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമമെന്നും സജി ചെറിയാൻ പറഞ്ഞു. താൻ പറഞ്ഞത് യാഥാർത്ഥ്യമാണ്. മുസ്ലിം മേഖലയിൽ ​ലീ​ഗും ഹിന്ദു മേഖലയിൽ ബിജെപിയും നയിക്കുന്നു. ഈ സാഹചര്യം ഉണ്ടാകരുതെന്നാണ് താൻ ഉദ്ദേശിച്ചതെന്നാണ് സജി ചെറിയാന്‍റെ വിശദീകരണം.ആർഎസ്എസ് ഉയർത്തുന്ന വർഗീയത പ്രതിരോധിക്കേണ്ടതുണ്ട്. ആർഎസ്എസുകാർ ഉയർത്തുന്ന വർഗീയതയെ ന്യൂനപക്ഷ വർഗീയത കൊണ്ട് നേരിടാൻ കഴിയില്ല. അതിന് കേരളത്തിലെ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തണം. കാസർകോട് മുനിസിപ്പാലിറ്റിയിൽ 39 സീറ്റ് ഉണ്ട്. മതേതരത്വം പറഞ്ഞ് ഞങ്ങൾക്ക് കിട്ടിയത് ഒരു സീറ്റാണ്. കോൺഗ്രസിന് 2 സീറ്റ്‌ ലഭിച്ചു. വർഗീയത പറഞ്ഞ ബിജെപിക്ക് 12 സീറ്റ് കിട്ടി. ലീഗിൽ നിന്ന് 22 പേർ ജയിച്ചു. അവരുടെ പേരുകൾ വായിക്കാൻ മാത്രമേ താൻ പറഞ്ഞിട്ടുള്ളുവെന്നും ഈ അവസ്ഥ കേരളത്തിൽ മറ്റൊരിടത്തും വരരുത് എന്ന് മാത്രമേ താൻ ആഗ്രഹിച്ചുള്ളൂവെന്നുമാണ് മന്ത്രി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്.

YouTube video player