മലപ്പുറത്ത് വച്ച് മുസ്ലിം ലീഗ് എംഎൽഎയുമായി ചര്‍ച്ച നടത്തിയെന്നും ലീഗിനെ ജനാധിപത്യ പാര്‍ട്ടിയായാണ് കാണുന്നതെന്നും ആര്‍എസ്എസ് നേതാക്കള്‍ കൊച്ചിയില്‍ പറ‍ഞ്ഞതിന് പിന്നാലെയായിരുന്നു മുസ്ലീം ലീഗിന്‍റെ പ്രതികരണം. 

മലപ്പുറം: ആര്‍എസ്എസുമായി ലീഗ് എംഎല്‍എ ചര്‍ച്ച നടത്തിയെന്ന വാദം തള്ളി മുസ്ലിം ലീഗ്. ആര്‍എസ്എസിനോടുള്ള നിലപാടില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് ജനറൽ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കി. മലപ്പുറത്ത് വച്ച് മുസ്ലിം ലീഗ് എംഎൽഎയുമായി ചര്‍ച്ച നടത്തിയെന്നും ലീഗിനെ ജനാധിപത്യ പാര്‍ട്ടിയായാണ് കാണുന്നതെന്നും ആര്‍എസ്എസ് നേതാക്കള്‍ കൊച്ചിയില്‍ പറ‍ഞ്ഞതിന് പിന്നാലെയായിരുന്നു മുസ്ലീം ലീഗിന്‍റെ പ്രതികരണം. 

ഹരിയാനയിലെ പാനിപ്പത്തില്‍ നടന്ന ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധ സഭയുടെ വിശദാംശങ്ങള്‍ അറിയിക്കാനായി കൊച്ചിയില്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് കാലങ്ങളായി എതിര്‍ ചേരിയില്‍ നില്‍ക്കുന്ന മുസ്ലിം ലീഗ് അടക്കമുളള പര്‍ട്ടികളുമായി ചര്‍ച്ചകള്‍ നടത്തി വരുന്ന കാര്യം ആര്‍എസ്എസ് വെളിപ്പെടുത്തിയത്. മതരാഷ്ട്ര വാദം മുന്നോട്ട് വയ്ക്കുന്ന ജമാ അത്തെ ഇസ്ളാമിയുടെ ഗണത്തിലല്ല ലീഗിനെ കാണുന്നത്. വര്‍ഗ്ഗീയ താല്‍പര്യങ്ങളുണ്ടെങ്കിലും തീവ്രവാദ നിലപാടല്ല ലീഗിന്‍റേത്. സംഘടനയുടെ ബഹുജന സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി മലപ്പുറത്ത് വച്ച് മുസ്ലിം ലീഗ് എംഎല്‍എയുമായി ചര്‍ച്ച നടത്തിയെന്നുമാണ് ആര്‍എസ്എസ് പ്രാന്ത കാര്യവാഹക് പി എൻ ഈശ്വരൻ വെളിപ്പെടുത്തിയത്.

Also Read: മുസ്ലീം ലീഗിന് തീവ്രവാദ പാർട്ടികളുടെ നിലപാടില്ലെന്ന് ആർഎസ്എസ് പ്രാന്ത കാര്യവാഹക്

അതേസമയം, മലപ്പുറത്തെ ഏത് എംഎല്‍എയുമായാണ് ചര്‍ച്ച നടത്തിയതെന്ന് നേതാക്കള്‍ വ്യക്തമാക്കിയില്ല. നേരത്തെ, ദില്ലിയില്‍ ജമാ അത്തെ ഇസ്ലാമി അടക്കമുളള മുസ്ലിം സംഘടനാ പ്രതിനിധികളുമായും കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് വച്ച് സിപിഎം നേതാക്കളുമായും ചര്‍ച്ച നടത്തിയിട്ടുളള ആര്‍എസ്എസ് ഏറെ കാലത്തിന് ശേഷമാണ് മുസ്ലിം ലീഗുമായുളള ചര്‍ച്ചകളെക്കുറിച്ച് തുറന്ന് പറയുന്നത്. അതേസമയം, ആര്‍എസ്എസ് വാദം തെറ്റെന്നതായിരുന്നു ലീഗ് നേതാക്കളുടെ പ്രതികരണം. സംഘപരിവാര്‍ സംഘടനകളുമായി സഹകരിക്കുന്നവര്‍ക്ക് സംഘടയില്‍ സ്ഥാനമില്ലെന്നതാണ് ലീഗിന്‍റെ പ്രഖ്യാപിത നിലപാട്. ഇക്കാരണത്താല്‍ തന്നെ ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയ എംഎല്‍എ ആരെന്നതിനെച്ചൊല്ലിയാകും ഇനിയുളള ചര്‍ച്ചകള്‍.