അതേസമയം സിപിഎമ്മിനെ കടന്നാക്രമിച്ചുള്ള പ്രതികരണങ്ങൾ ലീഗ് നടത്താത്തതിൽ ചെറുതല്ലാത്ത ആശങ്കയും ഉണ്ട്. ലീഗിനുള്ള ക്ഷണം വലിയ രീതിയിൽ ചർച്ചയായെങ്കിലും സിപിഎം റാലിയിൽ പങ്കെടുക്കേണ്ടതില്ലെന്ന നിലപാടിലെത്തുകയായിരുന്നു ലീഗ്.
തിരുവനന്തപുരം: സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യറാലിയിലേക്കുള്ള ക്ഷണം മുസ്ലിം ലീഗ് നിരസിച്ചതോടെ, മുന്നണിയുടെ കെട്ടുറപ്പിൽ രാഷ്ട്രീയ ആശ്വാസം കണ്ടെത്തുകയാണ് കോൺഗ്രസ്. അതേസമയം സിപിഎമ്മിനെ കടന്നാക്രമിച്ചുള്ള പ്രതികരണങ്ങൾ ലീഗ് നടത്താത്തതിൽ ചെറുതല്ലാത്ത ആശങ്കയും ഉണ്ട്. ലീഗിനുള്ള ക്ഷണം വലിയ രീതിയിൽ ചർച്ചയായെങ്കിലും സിപിഎം റാലിയിൽ പങ്കെടുക്കേണ്ടതില്ലെന്ന നിലപാടിലെത്തുകയായിരുന്നു ലീഗ്.
ഇത് തുടർച്ചയായ രണ്ടുതവണയാണ് സിപിഎം വിരിച്ച രാഷ്ട്രീയവലയിൽ വീഴാതെ ലീഗ് യുഡിഎഫിനെ കാത്തത്. പാർട്ടിയുടെ വോട്ടുബാങ്ക് ആയ സമസ്തയെ പോലും മറന്നാണ് മുന്നണിബന്ധം നിലനിർത്താൻ നിലപാട് സ്വീകരിച്ചതെന്നും ശ്രദ്ധേയം. ലീഗ് ഇടത്തോട്ട് ചായുന്നുവെന്ന രാഷ്ട്രീയ ആരോപണങ്ങളിൽ എന്നും കുഴയുന്ന കോൺഗ്രസിനാവട്ടെ, ഇത് ചെറിയ ആശ്വാസമല്ല. മുസ്‌ലിം ലീഗിനെ ചേർത്തുപിടിച്ച് സിപിഎമ്മിനെ ആഞ്ഞുകൊട്ടുകയാണ് കോൺഗ്രസ് നേതാക്കൾ.
എന്നാൽ ഏക സിവിൽ കോഡിൽ എന്നതുപോലെ സിപിഎം ക്ഷണത്തെ പെട്ടെന്ന് നിരാകരിക്കാതെ ലീഗ് നേതൃത്വം നീട്ടിക്കൊണ്ടുപോയത് ഇത്തവണയും കോൺഗ്രസിനെ കടുത്ത ആശങ്കയിലാഴ്ത്തിയിരുന്നു. സിപിഎം സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് ഇല്ലെന്ന് പറഞ്ഞെങ്കിലും രാഷ്ട്രീയ എതിരാളിയെ കടുത്ത ഭാഷയിൽ വിമർശിക്കാനോ പരിഹസിക്കാനോ ലീഗ് മുതിർന്നിട്ടില്ല. എന്നും ലീഗ് യുഡിഎഫിന്റെ ഫിക്സഡ് ഡെപ്പോസിറ്റായിരിക്കണമെന്നില്ലെന്ന സൂചനകൾ ലീഗിൽ നിന്നും ആവർത്തിച്ച് ഉയരുന്നത് കോൺഗ്രസ്സിനുള്ള മുന്നറിയിപ്പാണ്.
പലസ്തീൻ വിഷയത്തില്‍ കൂടുതൽ റാലികൾ നടത്താൻ സിപിഎം; ലീഗിന്റെ അതൃപ്തി മുതലെടുക്കാനും നീക്കം
ദേശീയതലത്തിൽ പലസ്തീൻ അനുകൂല നിലപാട് കോൺഗ്രസ് സ്വീകരിച്ചിട്ടുണ്ടെങ്കിലും കേരളത്തിൽ കാര്യപ്പെട്ട പരിപാടികളൊന്നും നടത്തിയിട്ടില്ല. മലപ്പുറത്തെ പരിപാടികൾ ആവട്ടെ, ഗ്രൂപ്പ് പോരുകളുടെ പേരിൽ ഉന്നം തെറ്റുകയും ചെയ്തു. മുസ്ലിം സമുദായങ്ങൾക്കിടയിൽ രാഷ്ട്രീയ ഇഴയടുപ്പം ഉണ്ടാക്കാൻ പലസ്തീൻ ഐക്യദാർഢ്യത്തിന് കഴിയുമെന്നിരിക്കെ കെപിസിസി നേതൃത്വം ഇറങ്ങാത്തതിൽ കടുത്ത പ്രതിഷേധം ലീഗിനുണ്ട്.
