മലപ്പുറം: യാസർ എടപ്പാളിനെ തള്ളി മുസ്ലീം ലീഗ്. യാസർ എടപ്പാൾ മുസ്ലിം ലീഗിന്റെയോ, പോഷക സംഘടനയുടെയോ ഭാരവാഹിയല്ലെന്ന് തവനൂർ മണ്ഡലം മുസ്ലീം ലീഗ് കമ്മറ്റി വ്യക്തമാക്കി. മുസ്ലീം ലീഗ് സൈബർ വിങിന്റെ ചുമതലയും അദ്ദേഹത്തിനില്ല. യാസറിന്റെ മോശമായ ഫേസ് ബുക്ക് പോസ്റ്റിനെ നാളിതുവരെ പാർട്ടി പിന്തുണച്ചിട്ടില്ലെന്നും തവനൂർ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ആർകെ ഹമീദ് പറഞ്ഞു.

അതേസമയം മന്ത്രിക്ക് എതിരെ നവമാധ്യമങ്ങളിൽ പോസ്റ്റിട്ടതിന്റെ പേരിൽ പൊലീസിനെ ഉപയോഗിച്ച് വീട് റെയ്‌ഡ് ചെയ്യിക്കുകയും വിവാദനായിക സ്വപ്നസുരേഷിനെ ഉപയോഗിച്ച് കോൺസുലേറ്റിൽ സമ്മർദ്ദം ചെലുത്തി യാസറിനെ നാട് കടത്താൻ ശ്രമിക്കുകയും ചെയ്ത മന്ത്രി ജലീലിന്റെ നിയമ വിരുദ്ധ വാഴ്ചക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന പൊതു സമൂഹത്തിന്റെ അഭിപ്രായത്തെ മുസ്ലിം ലീഗ് പിന്തുണക്കുന്നുവെന്നും സെക്രട്ടറി കൂട്ടിച്ചേർത്തു.