തൃക്കാക്കര സ്വർണക്കടത്തു കേസില്‍ മുസ്ലീം ലീഗിനും പ്രാദേശിക നേതൃത്വത്തിനും യാതൊരു ബന്ധമില്ലന്ന് പി എം എ സലാം. 

മലപ്പുറം: സംവാദത്തോടെ കെ റെയിലിൽ (K Rail) സർക്കാരിൻ്റെ എല്ലാ വാദങ്ങളും പൊളിഞ്ഞെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. കോടിയേരിയുടെ പ്രസ്താവന കേട്ടപ്പോൾ കിട്ടാത്ത മുന്തിരി പുളിക്കും ഇന്നാണ് തോന്നിയതെന്നും പി എം എ സലാം വിമര്‍ശിച്ചു. തൃക്കാക്കര സ്വർണക്കടത്ത് കേസില്‍ മുസ്ലീം ലീഗിനും പ്രാദേശിക നേതൃത്വത്തിനും യാതൊരു ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ റെയില്‍ സംഘടിപ്പിക്കുന്ന സില്‍വര്‍ലൈന്‍ സംവാദം പ്രഹസനമാണെന്ന് ഇ ശ്രീധരനും വിമര്‍ശിച്ചു. കെ റെയിൽ സംവാദത്തിൽ എതിർക്കുന്നവരുടെ പാനലിലുള്ള അലോക് വർമ്മ ഉൾപ്പടെ പിന്മാറാൻ പാടില്ലായിരുന്നു. ഏത് സാഹചര്യത്തിലായാലും എതിർവാദം വേദിയിൽ ഉയർത്തണമായിരുന്നു. അതേസമയം സംവാദം കൊണ്ട് സർക്കാർ തീരുമാനം മാറാൻ പോകുന്നില്ലെന്നും സംവാദം പ്രഹസനമാണെന്നും ഇ ശ്രീധരൻ പറഞ്ഞു. നിലവിലെ പദ്ധതിക്ക് ഈ രീതിയിൽ അനുമതി കിട്ടില്ലെന്നും നല്ല പദ്ധതി കൊണ്ടു വന്നാൽ സഹായിക്കാൻ താനും തയ്യാറാണെന്നും ഇ ശ്രീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വേഗതയുടെ കാര്യത്തിൽ ബ്രോഡ് ഗേേജാണോ സ്റ്റാൻഡേർഡ് ഗേജാണോ എന്നത് പ്രസക്തമല്ലെന്നാണ് ഇ ശ്രീധരന്റെ നിലപാട്.

അതേസമയം കെ റെയില്‍ സംഘടിപ്പിക്കുന്ന സില്‍വര്‍ ലൈന്‍ സംവാദം ഹോട്ടല്‍ താജ് വിവാന്തയില്‍ ആരംഭിച്ചു. റെയില്‍വേ ബോര്‍ഡ് മുന്‍ അംഗം സുബോധ് ജെയിന്‍, സാങ്കേതിക സര്‍വ്വകലാശാല മുന്‍ വിസി ഡോ. കു‍ഞ്ചെറിയ, തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്‍റ് എസ് എന്‍ രഘുചന്ദ്രന്‍ നായര്‍ എന്നിവര്‍ സില്‍വര്‍ലൈനെ അനുകൂലിച്ചും ഡോ ആര്‍ വി ജി മേനോന്‍ പദ്ധതിയെ എതിര്‍ക്കുന്നവരുടെ ഭാഗത്ത് നിന്നും സംസാരിച്ചു. സിൽവർ ലൈൻ സംവാദത്തിൽ അതിവേഗപാതയ്ക്ക് പകരം ബദൽ മാർഗം പ്രൊഫ. ആർവിജി മേനോൻ അവതരിപ്പിച്ചു. എന്നാല്‍ സിൽവർ ലൈൻ കേരളത്തിന്‍റെ വികസനത്തിന് അത്യന്താപേക്ഷിതമാണ് എന്ന് മറ്റ് പാനലിസ്റ്റുകൾ വാദിച്ചു.