പ്രവർത്തന ഫണ്ട് ക്യാംപെയിന്റെ പുരോഗതി വിലയിരുത്തും; തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണവും അജണ്ടയിൽ
മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗം മലപ്പുറത്ത് തുടങ്ങി. പ്രവർത്തന ഫണ്ട് ക്യാംപെയിന്റെ പുരോഗതി വിലയിരുത്തലും തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണവുമാണ് യോഗത്തിലെ പ്രധാന അജണ്ട . പാർട്ടി പ്രവർത്തനത്തിനായി തുടങ്ങിയ ഫണ്ട് പിരിവിലൂടെ പ്രതീക്ഷിച്ച പണം സമാഹരിക്കാനാകാത്തത് ചർച്ചയാകും. ഒരു മാസം കാലാവധി നിശ്ചയിച്ച് റമദാൻ വ്രതാരംഭത്തോടെ തുടങ്ങിയ 'എന്റെ പാർട്ടിക്ക് എന്റെ ഹദിയ' എന്ന പേരിലുള്ള ക്യാംപെയിൻ സമാപന ദിവസം ഒരു മാസത്തേക്ക് കൂടി നീട്ടിയിരുന്നു. സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ നയിക്കുന്ന പാർട്ടി പ്രചാരണ യാത്രയും പ്രവർത്തക സമിതിയിൽ ചർച്ച ചെയ്യുന്നുണ്ട്.14 ജില്ലകളിലൂടെയും കടന്നുപോകുന്ന രീതിയിലാണ് സംസ്ഥാന അധ്യക്ഷന്റെ പര്യടനം . യാത്രയുടെ തീയതി ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇന്ന് ചേരുന്ന സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ തീരുമാനിക്കും.
