Asianet News MalayalamAsianet News Malayalam

ഹരിതയുടെ പ്രവ‍ർത്തനം മരവിപ്പിച്ച് മുസ്ലീംലീ​ഗ്: യൂത്ത് ലീഗ് നേതാക്കളോട് വിശദീകരണം തേടും

വനിതകള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങളോട് മുഖം തിരിക്കുന്ന സമീപനമല്ല മുസ്ലിം ലീഗിന്‍റേതെന്ന് ഇന്ന് രാവിലെ എം.കെ മുനീര്‍ എംഎൽഎ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.

Muslim league suspended state committee of haritha
Author
Malappuram, First Published Aug 17, 2021, 2:44 PM IST

മലപ്പുറം: വനിത കമ്മീഷന് നല്‍കിയ പരാതി ഹരിത നേതാക്കള്‍ പിന്‍വലിക്കാത്ത സാഹചര്യത്തില്‍ ഹരിത സംസ്ഥാന സമിതിയുടെ പ്രവർത്തനം മരവിപ്പിച്ച് മുസ്ലീംലീഗ്. ഗുരുതര അച്ചടക്കലംഘനം ഹരിതയിൽ നിന്നുണ്ടായെന്ന് ആരോപിച്ചാണ് മുസ്ലീം ലീഗിൻ്റെ നടപടി. ഹരിത നേതാക്കൾക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പി.കെ.നവാസ്, മലപ്പുറം ജില്ലാ പ്രസിഡൻ്റ് കബീർ മുതുപറമ്പ്, ജനറൽ സെക്രട്ടറി വി.എ.വഹാബ് എന്നിവരോട് വിശദീകരണം തേടിയതായും മുസ്ലീംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. 

 ലൈംഗീക അധിക്ഷേപമടക്കമുള്ള പരാതികൾ ഉന്നയിച്ച വനിതാ പ്രവര്‍ത്തകര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കുന്നതില്‍ ലീഗിനുള്ളിൽ തന്നെ അമർഷം പുകയുന്നതിനിടെയാണ് എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയുടെ പ്രവർത്തനം തന്നെ ലീഗ് തത്കാലം നിർത്തിവയ്ക്കുന്നത്. വനിതകള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങളോട് മുഖം തിരിക്കുന്ന സമീപനമല്ല മുസ്ലിം ലീഗിന്‍റേതെന്ന് ഇന്ന് രാവിലെ എം.കെ മുനീര്‍ എംഎൽഎ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.

വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കാനുളള അന്ത്യശാസനവും ഹരിത നേതാക്കള്‍ അവഗണിച്ചതോടെയാണ് കടുത്ത നടപടിയെന്ന തീരുമാനത്തിലേക്ക് ലീഗ് നേതാക്കള്‍ എത്തിയത്. ഇന്ന് രാവിലെ 10 മണിക്കകം പരാതി പിൻവലിക്കണമെന്നായിരുന്നു ലീഗ് നേതൃത്വത്തിന്‍റെ ആവശ്യം. നിലവിലുളള ഹരിത നേതൃത്വം കഴിഞ്ഞ രണ്ട് വര്‍ഷമായി തുടരുന്നതു കൂടി പരിഗണിച്ച് ഹരിത സംസ്ഥാന സമിതി പിരിച്ചുവിടണമെന്ന ധാരണയിലാണ് പാര്‍ട്ടി നേതൃത്വം ഉളളതെങ്കിലും നടപടിക്കെതിരെ ഒരു വിഭാഗം മുതിര്‍ന്ന നേതാക്കൾ രംഗത്തെത്തി. 

ഇ.ടി മുഹമ്മദ് ബഷീര്‍, എം.കെ മുനീര്‍, കുട്ടി അഹമ്മദ് കുട്ടി തുടങ്ങിയവര്‍ ഹരിതയ്ക്കതിരെ ഇപ്പോള്‍ നടപടിയെടുക്കരുതെന്ന്  പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അറിയിച്ചത്. വനിതാ കമ്മീഷന് പരാതി നല്‍കിയ പേരില്‍ പരാതിക്കാര്‍ക്കെതിരെ നടപടിയെടുത്താല്‍ ലീഗിനെ എതിരാളികള്‍ സ്ത്രീവിരുദ്ധ പാര്‍ട്ടിയായി ചിത്രീകരിക്കുമെന്നും ഇവര്‍ നേതൃത്വത്തെ അറിയിച്ചു.

അതിനിടെ, ഹരിത സംസ്ഥാന നേതൃത്വത്തെ തളളി മലപ്പുറം ജില്ലാ കമ്മിറ്റി രംഗത്തെത്തി. പാര്‍ട്ടി നേതൃത്വം പരിഗണിക്കുന്ന ഒരു വിഷയത്തില്‍ വനിതാ കമ്മീഷനും പൊലിസും ഇടപെടണമെന്ന് വാശിപിടിക്കുന്നത് ബ്ളാക്ക് മെയിംലിംഗാണെന്നായിരുന്നു ഹരിത മലപ്പുറം ജില്ലാ പ്രസിഡന്‍റ് കെ. തൊഹാനിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്. പാര്‍ട്ടിയെ ഗണ്‍പോയന്‍റില്‍ നിര്‍ത്തുന്നത് ശരിയല്ലെന്നും തൊഹാനി പറ‍ഞ്ഞു. എന്നാല്‍ ഇതിനോടകം പൊലീസിന് മൊഴി നല്‍കിയ നാലുപേരുള്‍പ്പെടെയുളള ഹരിത നേതാക്കളെല്ലാം പരാതിയില്‍ ഉറച്ച് നില്‍ക്കുകയാണ്.

Follow Us:
Download App:
  • android
  • ios