നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്നും മുസ്ലിം ലീഗിന് മികച്ച വിജയം ലഭിക്കുമെന്നും പാണക്കാട് സാദിഖലി തങ്ങൾ. മത്സരിച്ച ഭൂരിപക്ഷം സീറ്റുകളും ലീഗ് നേടുമെന്നും ബിജെപി ഇത്തവണ അക്കൗണ്ട് തുറക്കാൻ സാധ്യതയില്ലെന്നും പികെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി.

മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ വിജയ പ്രതീക്ഷ പങ്കുവെച്ച് മുസ്ലിം ലീഗ്. ഇത്തവണ മുസ്ലിം ലീഗിന് മികച്ച വിജയം ലഭിക്കുമെന്നും യുഡിഎഫ് അധികാരത്തിൽ വരുമെന്നും പാണക്കാട് സാദിഖലി തങ്ങൾ. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് മുതലുള്ള തരംഗം യുഡിഎഫിന് ഒപ്പമാണ്. ക്വാർട്ടർ ഫൈനലിലും സെമി ഫൈനലിലും മികച്ച വിജയം നേടിയാണ് ഫൈനലിലേക്ക് യുഡിഎഫ് എത്തിയിരിക്കുന്നത്. യുഡിഎഫ് റെക്കോർഡ് വിജയം ഇത്തവണ ഉണ്ടാകുമെന്ന പ്രതീക്ഷയും സാദിഖലി തങ്ങൾ പങ്കുവെച്ചു. എല്ലാ മണ്ഡലങ്ങളിലും നല്ല മത്സരം നടക്കുന്നുണ്ടെന്നും മത്സരിച്ച ഭൂരിപക്ഷം സീറ്റുകളും ലീഗ് നേടുമെന്നുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയും മാധ്യമങ്ങളോട് പ്രതികരിച്ചു. ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കാൻ സാധ്യത കുറവാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബിജെപി ഉത്തരേന്ത്യയിൽ ചെയ്യുന്നതാണ് ഇവിടെ ചെയ്യുന്നതെന്ന് പാലക്കാട്ടെ പണം വിതരണം ചൂണ്ടിക്കാട്ടി കുഞ്ഞാലിക്കുട്ടി പറഞ്ഞു. അത് ഇവിടെ ക്ലച്ച് പിടിക്കില്ല. അതുകൊണ്ടാണ് ഓരോ തിരഞ്ഞെടുപ്പിലും അക്കൗണ്ട് തുറക്കും പിന്നെ ക്ലോസാകുമെന്ന നില ബിജെപിക്ക് വരുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.