കോഴിക്കോട്: മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എംഎസ്എഫിലെ പൊട്ടിത്തെറിക്ക് പിന്നാലെ പരസ്യ പ്രതികരണവുമായി ഹരിത മുന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് ഹഫ്സമോള്‍. നേരം ഇരുട്ടിവെളുക്കുമ്പോഴേക്ക് താനിത് വരെ വഹിച്ചിരുന്ന സ്ഥാനത്ത് നിന്ന് തന്നെ മാറ്റി എന്ന് പത്രത്തിലൂടെ അറിയേണ്ടിവരുന്നത് എത്ര ദയനീയമാണെന്ന് ഹഫ്സമോള്‍ ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കുന്നു. സംഘടനയ്ക്ക് കെട്ടുറപ്പുള്ള ഒരു ഭരണഘടനയും മഹിതമായ ഒരു പാരമ്പര്യവും ഉണ്ടായിരിക്കെ ഇത്തരത്തിലുള്ള ഫാസിസ്റ്റ് നിലപാട് അത്യന്തം പ്രതിഷേധാർഹമാണ്. 

സ്തുതി പാടുന്നവർക്കും ഓച്ഛാനിച്ചു നിൽക്കുന്നവർക്കും മാത്രമേ സംഘടനയിൽ സ്ഥാനമുള്ളൂ എന്നുള്ള മോഡി സ്റ്റൈൽ പ്രഖ്യാപനം കൂടിയാണ് ഇന്നത്തെ പത്രക്കുറിപ്പെന്ന് ഹഫ്സമോള്‍ കുറിപ്പില്‍ വിശദമാക്കുന്നു. എന്നാല്‍ ഹഫ്സയുടെ കുറിപ്പിനെതിരെ രൂക്ഷമായ പ്രതികരണമാണ് ലഭിക്കുന്നത്. പാർട്ടി വേദികളിൽ പറഞ്ഞിട്ട് പരിഹാരമില്ലാത്തത് കൊണ്ടാണോ സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചതെന്നും  പ്രയോഗിച്ച ശൈലിയും ഭാഷയും അച്ചടക്കമുള്ള ഒരു പാർട്ടി പ്രവർത്തകക്ക് ഒട്ടും ഭൂഷണമായില്ലെന്നും രൂക്ഷ വിമര്‍ശനമാണ് വനിതാ ലീഗ് നേതാവിന് നേരിടേണ്ടി വരുന്നത്. 

നേരത്തെ പാർട്ടിയിലെ അധികാരകേന്ദ്രമായ പാണക്കാട് സാദിഖലി തങ്ങളുടെ നിലപാടിനെതിരെ പ്രതിഷേധിച്ച മലപ്പുറം എംഎസ്എഫ്  ജില്ലാപ്രസിഡണ്ടിനെ  നീക്കം ചെയ്തു. കൂടുതൽ പേർക്കെതിരെ നടപടിക്ക് ശുപാർശയുമുണ്ടായിരുന്നു. എംഎസ്എഫ് സംസ്ഥാന കൗൺസിലിൽ പുതിയ കമ്മറ്റിയെയും ഭാരവാഹികളെയും  തെരഞ്ഞെടുക്കുന്നതിനെചൊല്ലി ഉണ്ടായ തർക്കത്തിനൊടുവിലാണ് മലപ്പുറം ജില്ലാ പ്രസിഡണ്ട് റിയാസ് പുൽപ്പറ്റയെ ഭാരവാഹിത്വത്തില്‍ നിന്ന് നീക്കം ചെയ്തത്. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ട് കൂടിയായ ഉന്നതാധികാരസമിതിയംഗം പാണക്കാട് സാദിഖലി തങ്ങളുടെ നിർദ്ദേശപ്രകാരമാണ് നടപടി. തന്നെ അറിയിക്കാതെയാണ് നടപടിയെന്ന് റിയാസ് പ്രതികരിച്ചിരുന്നു.

പികെ ഫിറോസുമായി അടുപ്പം പുലർത്തുന്ന നേതാവാണ് റിയാസ്. കൗൺസിലിലെ ഭുരിപക്ഷത്തിന്റെ താല്പര്യമനുസരിച്ച് വേണം പുതിയ ഭാരവാഹി തെരഞ്ഞെടുപ്പെന്നായിരുന്നു ഇവരുടെ നിലപാട്. നിഷാദ് കെ സലീമിനെയാണ്  ഫിറോസ് പക്ഷം നിർദ്ദേശിച്ചത്. എന്നാൽ ബി കെ നവാസിനെ അധ്യക്ഷനാക്കണമെന്നായിരുന്നു സാദിഖലി തങ്ങളുടെ നിലപാട്.  തർക്കത്തെത്തുടർന്ന് റിട്ടേണിംഗ് ഓഫീസറെ തടഞ്ഞ് വെച്ചിരുന്നു. ഭാരവാഹി തെരഞ്ഞെടുപ്പ് മുടങ്ങിയതോടെയാണ് നടപടിയെടുക്കാൻ ലീഗ് നേതൃത്വം തീരുമാനിച്ചത്. കോഴിക്കോട് ജില്ലാ അധ്യക്ഷൻ അഫ്നാസിനെതിരെയും നടപടിക്കു ശുപാർശയുണ്ട്. ലീഗ്  നേതാക്കൾ ചേരി തിരിഞ്ഞ് എംഎസ്എഫ് സംഘടനാ തെരഞ്ഞെടുപ്പിലിടപെട്ടതും അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമായതും പാർട്ടിക്കുള്ളിൽ തർക്കവിഷയമായി മാറിയിട്ടുണ്ട്.


ഹഫ്സമോളുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം


സത്യത്തിൽ നമ്മുടെ പാർട്ടിയിലെ ജനാധിപത്യം ചില മാടമ്പി തമ്പുരാക്കന്മാർ കവർന്നെടുക്കുകയും തന്നിഷ്ടം നടപ്പിലാക്കുകയും ചെയ്യുന്നത് അണ്ണാക്കിൽ പിരിവെട്ടിയവനെ പോലെ നമ്മൾ നോക്കി നിൽക്കുകയാണ്. നേരം ഇരുട്ടിവെളുക്കുമ്പോഴേക്ക് താനിത് വരെ വഹിച്ചിരുന്ന സ്ഥാനത്ത് നിന്ന് തന്നെ മാറ്റി എന്ന് പത്രത്തിലൂടെ അറിയേണ്ടിവരുന്നത് എത്ര ദയനീയമാണ്. മുൻപ് ഹരിതയുടെ സംസ്ഥാന കമ്മിറ്റി ഇതുപോലെ പത്രവാർത്തയിലൂടെ അറിയേണ്ടിവന്നവരാണ് കഴിഞ്ഞ ഹരിത സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ. സംഘടനയ്ക്ക് കെട്ടുറപ്പുള്ള ഒരു ഭരണഘടനയും മഹിതമായ ഒരു പാരമ്പര്യവും ഉണ്ടായിരിക്കെ ഇത്തരത്തിലുള്ള ഫാസിസ്റ്റ് നിലപാട് അത്യന്തം പ്രതിഷേധാർഹമാണ്. സ്തുതി പാടുന്നവർക്കും ഓച്ഛാനിച്ചു നിൽക്കുന്നവർക്കും മാത്രമേ സംഘടനയിൽ സ്ഥാനമുള്ളൂ എന്നുള്ള മോഡി സ്റ്റൈൽ പ്രഖ്യാപനം കൂടിയാണ് ഇന്നത്തെ പത്രക്കുറിപ്പ്.

msf ന്റെ ഒരു ജില്ലാ ഘടകത്തിലെ പ്രസിഡന്റിനെ മാറ്റാൻ സംസ്ഥാന msf കമ്മിറ്റിയ്ക്കാണ് ഭരണഘടനാപരമായി അധികാരം എന്നിരിക്കെ എന്തധികാരത്തിലാണ് മലപ്പുറം ജില്ലാ ലീഗ് കമ്മിറ്റി ഇങ്ങനെയൊരു നിലപാടെടുത്തത്.

സംഘടന തലത്തിൽ സാമാന്യ മര്യാദയും ഭരണഘടനാപരമായ കീഴ്‌വഴക്കങ്ങളും കാറ്റിൽ പറത്തി മലപ്പുറം ജില്ലയിലെ ചില ലീഗ് ബ്രാഹ്മണന്മാർ പോഷക സംഘടനയിൽ ചെലുത്തുന്ന ചാടിക്കളിക്കെടാ കുട്ടിരാമ രീതി നിർത്തിയെ തീരൂ.

ഭരണഘടനാ സംരക്ഷണത്തിനും ജനാധിപത്യ ധ്വംസനങ്ങൾക്കെതിരെയുമുള്ള ഷഹീൻ ബാഗ് സ്ക്വായറുകൾ ആദ്യം നമ്മൾ തീർക്കേണ്ടത് ഇത്തരക്കാരുടെ വീട്ടുമുറ്റത്താണ്