Asianet News MalayalamAsianet News Malayalam

മന്‍സൂര്‍ കൊലപാതകം; സിപിഎം പ്രവർത്തകന്റ അറസ്റ്റ് രേഖപ്പെടുത്തി, വിലാപയാത്രക്കിടെ അക്രമം നടത്തിയവരും പിടിയില്‍

വിലാപയാത്രക്കിടെ സിപിഎം ഓഫീസുകൾ തകർത്ത സംഭവത്തില്‍ പത്ത് ലീഗ് പ്രവർത്തകർകരെ കസ്റ്റഡിയിലെടുത്തു. 21 ലീഗ് പ്രവർത്തകർക്കെതിരെ ചൊക്ലി, കൊളവല്ലൂർ പൊലീസ് കേസെടുത്തു. 20 വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു.

muslim league worker murder case one arrest
Author
Kannur, First Published Apr 8, 2021, 9:43 AM IST

കണ്ണൂർ: പാനൂരിൽ ലീഗ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ സിപിഎം പ്രവർത്തകന്റ അറസ്റ്റ് രേഖപ്പെടുത്തി. മന്‍സൂറിന്‍റെ അയല്‍വാസിയായ ഷിനോസിനെ അൽപസമയത്തിനകം കോടതിയിൽ ഹാജരാകും. ഷിനോസില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്ത് നിന്ന് കിട്ടിയ വാളുപയോഗിച്ചല്ല വെട്ടിയതെന്നും ഇത് അക്രമികളുടെ കയ്യിൽ നിന്നും വീണുപോയ ആയുധമാകാമെന്നും പൊലീസ് പറയുന്നു. അതേസമയം, വിലാപയാത്രക്കിടെ സിപിഎം ഓഫീസുകൾ തകർത്ത സംഭവത്തില്‍ പത്ത് ലീഗ് പ്രവർത്തകർകരെ കസ്റ്റഡിയിലെടുത്തു. 21 ലീഗ് പ്രവർത്തകർക്കെതിരെ ചൊക്ലി, കൊളവല്ലൂർ പൊലീസ് കേസെടുത്തു. 20 വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. 

വിലാപയാത്രക്കിടെ  ലീഗുക്കാർ അക്രമിച്ച ഓഫീസുകളും വീടുകളും സിപിഎം നേതാക്കള്‍ സന്ദർശിച്ചു. സാധാരണ ജീവിതം തകര്‍ക്കുന്ന ആക്രമണമാണ് ഇന്നലെ നടന്നതെന്ന് ജില്ലാ സെക്രട്ടറി എം വി ജയരാജൻ പ്രതികരിച്ചു. ആസൂത്രിത കലാപത്തിന് അക്രമികള്‍ ശ്രമിച്ചെന്നും ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. അപലപനീയമായ സംഭവമാണ് ഇന്നലെ നടന്നതെന്ന് എം വി ജയരാജന്‍ പറഞ്ഞു. ലീഗിന്‍റെ ക്രമിനലുകള്‍ സംഘടിപ്പിച്ച അക്രമത്തില്‍ സിപിഎമ്മിന്റെ എട്ട് ഓഫീസുകൾ, കടകൾ, വീടുകൾ എന്നിവ തകർത്തു. ലീഗിന്റെ നേതൃത്വം കുറ്റകരമായ മൗനത്തിലാണെന്നും പ്രവർത്തകരെ അഴിഞ്ഞാടാൻ അനുവദിക്കുകയാണെന്നും ജയരാജന്‍ ആരോപിച്ചു. സമാധാന ശ്രമങ്ങളോട് സിപിഎം സഹകരിക്കുമെന്നും കൊലപാതകത്തിലും തുടര്‍ന്നുണ്ടായ അക്രമത്തിലും കർശനമായ നടപടി ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഇന്നലെ രാത്രി മൻസൂറിന്‍റെ വിലാപ യാത്രയ്ക്കിടെയാണ് മേഖലയിലെ സിപിഎം ഓഫീസുകൾക്ക് നേരെ വ്യാപക അക്രമം നടന്നത്. പെരിങ്ങത്തൂർ, പെരിങ്ങളം ലോക്കൽ കമ്മിറ്റി ഓഫീസുകളും പി കൃഷ്ണപിള്ള സ്മാരക മന്ദിരവും ലീഗ് പ്രവർത്തകർ തീവെച്ച് നശിപ്പിച്ചു. മൻസൂറിന്‍റെ വീട്ടിലെക്ക് പോകും വഴിയുള്ള കീഴ്മാടം, കൊച്ചിയങ്ങാടി, കടവത്തൂർ ബ്രാഞ്ച് കമ്മിറ്റി ഓഫീസുകളും തീവെച്ചു. നിരവധി കടകൾക്ക് നേരെയും ആക്രമണം നടന്നു. മൻസൂറിന്‍റെ മൃതദേഹം ഇന്നലെ രാത്രി 8.45 ഓടെ ഖബറടക്കി. അതേസമയം, പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർ ടി വി സുഭാഷ് വിളിച്ച സമാധാന യോഗം ഇന്ന് നടക്കും. രാവിലെ പതിനൊന്ന് മണിക്കാണ് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേരുക. 

വോട്ടെടുപ്പിന് പിന്നാലെയാണ് കണ്ണൂർ പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയത്. മൻസൂർ കൊല്ലപ്പെട്ടത് ബോംബേറിലാണ് എന്നാണ് പോസ്റ്റ്‍മോര്‍ട്ടം പ്രാഥമിക റിപ്പോർട്ട്. കാൽമുട്ടിലെ മുറിവ് വെട്ടേറ്റതല്ലെന്നും ബോംബേറ് മൂലമുണ്ടായതെന്നുമാണ് കണ്ടെത്തൽ. ഇടത് കാൽമുട്ടിന് താഴെയായിരുന്നു ഗുരുതര പരിക്ക്. ബോംബ് സ്ഫോടനത്തിൽ ചിതറിപ്പോയത് കൊണ്ട് തലശ്ശേരിയിലെയും വടകരയിലെയും ആശുപത്രികളിൽ നിന്ന് പരിക്ക് തുന്നിച്ചേർക്കാൻ പറ്റിയില്ല. ഇയാളുടെ സഹോദരൻ മുഹ്സിനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. മുഹ്സിൻ ഇവിടെ 150-ാം നമ്പർ ബൂത്തിലെ യുഡിഎഫ് ഏജന്‍റായിരുന്നു.

Follow Us:
Download App:
  • android
  • ios