Asianet News MalayalamAsianet News Malayalam

സ്കോളർഷിപ്പ് വിവാദം: മുസ്ലീം സമുദായത്തിന് മുറിവേറ്റെന്ന് സാദിഖലി തങ്ങൾ, മുഖ്യമന്ത്രിയുടേത് ഏകപക്ഷീയ നിലപാട്

സ്കോളർഷിപ്പ് വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് ഏകപക്ഷീയമാണെന്ന് മുസ്ലീം ലീഗ് മലപ്പുറം ജില്ലാ അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. 

Muslim organizations against Government on minority scholarship
Author
Malappuram, First Published Jul 23, 2021, 11:48 AM IST

മലപ്പുറം: ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ നിലപാട് കടുപ്പിച്ച് മുസ്ലീം സംഘടനകൾ. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന് വിവിധ മുസ്ലീം സംഘടനകളുടെ യോഗത്തിന് ശേഷമാണ് ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ നിലപാട് കടുപ്പിച്ച് മുസ്ലീം ലീഗ് അടക്കമുള്ള സംഘടനകൾ രംഗത്തു വന്നത്. മുസ്ലീം വിഭാഗം എന്നും പിന്നോക്കമാവണമെന്ന ഗൂഡാലോചനയുണ്ടെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാവില്ലെന്ന് യോഗത്തിന് ശേഷം മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.

സ്കോളർഷിപ്പ് വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് ഏകപക്ഷീയമാണെന്ന് മുസ്ലീം ലീഗ് മലപ്പുറം ജില്ലാ അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. നൂറു ശതമാനം അർഹത പെട്ട സ്കോളർഷിപ്പ് മുസ്ലീം വിഭാഗത്തിന് നഷ്ട്ടപെട്ടത് നിർഭാഗ്യകരമാണെന്നാണ് ഇന്ന് രാവിലെ ചേർന്ന വിവിധ മുസ്ലീം സംഘടകളുടെ യോഗം വിലയിരുത്തിയത്. മുസ്ലീം സമുദായം വിഷമഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്.
മുസ്ലീം സമുദായത്തിന് മുറിവേറ്റിരിക്കുന്നു. സമുദായത്തിന് മുറിവേറ്റിരിക്കുന്നുവെന്നത് മുഴുവൻ മുസ്ലീം സംഘടനകളുടേയും വികാരമാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു. 

സർക്കാർ തീരുമാനം സമുദായത്തെ ഏറെ ആശങ്കയിലാക്കുന്നു. കിട്ടിക്കൊണ്ടിരുന്ന ആനുകൂല്യം ഇല്ലാതായ സ്ഥിതിയാണ് നിലവിലുള്ളത്. അർഹതയുള്ള അവകാശങ്ങൾ പോരാട്ടത്തിലൂടെയാണ് സമുദായം നേടിയെടുത്തത്. മറ്റൊരു സമുദായത്തിൻ്റെയും ആനുകൂല്യം മുസ്ലീം വിഭാഗം തട്ടിയെടുത്തിട്ടില്ല. മുസ്ലീം സമുദായത്തിന് നഷ്ടപെട്ട നീതി തിരിച്ചു കിട്ടണം. ശക്തമായ നിലപാടിലൂടെ നീതി തിരിച്ചുപിടിക്കുക തന്നെ ചെയ്യും. ആ പോരാട്ടത്തിന് മുസ്ലീം ലീഗ് നേതൃത്വം നൽകും. എല്ലാ മുസ്ലീം സംഘടനകളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി കമ്മറ്റി ഉണ്ടാക്കും. 

പ്രതിഷേധ പരിപാടികളുടെ ഭാ​ഗമായി ആദ്യം മുഖ്യമന്ത്രിയെ കണ്ട് പരാതി അറിയിക്കും. വിവിധ മുസ്ലീംസംഘടനാ പ്രതിനിധികൾ ചേ‍ർന്ന് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലാവും മുഖ്യമന്ത്രിയെ കാണുക. ഇക്കാര്യത്തിൽ തുടർന്ന് പരിഹാരമുണ്ടായില്ലെങ്കിൽ കൂടിയാലോചിച്ച് ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകും. മറ്റു സമുദായങ്ങൾക്ക് അവകാശപെട്ട ആനുകൂല്യങ്ങൾ കൊടുക്കണം എന്ന് തന്നെ സമുദായത്തിൻ്റെ വികാരം.  വിദ്യഭ്യാസമുള്ള യോഗ്യതയുള്ള തലമുറയാണ് ഒരു നാടിൻ്റെ സമ്പത്ത്. മുസ്ലീം സമുദായത്തിൽ അങ്ങനെയൊരു തലമുറ രൂപപ്പെടുന്നതിനാണ് പുതിയ തീരുമാനങ്ങൾ തടസമാവുന്നതെന്നും സാദിഖലി തങ്ങൾ പറഞ്ഞു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios