ശരീയത്ത് പ്രകാരം മരണപ്പെട്ട ഒരാളുടെ മകന് കിട്ടുന്നതിന്റെ പകുതി സ്വത്തിനു മാത്രമാണ് മകള്‍ക്ക് അവകാശം
കോഴിക്കോട്: ശരീഅത്ത് അനുസരിച്ചുള്ള മുസ്ലിം പിന്തുടർച്ച അവകാശ നിയമത്തിലെ സ്ത്രീ വിവേചന വകുപ്പുകൾ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം വനിത കൂട്ടായ്മയുടെ ക്യാംപെയിൻ. കേസ് ജൂലൈയിൽ പരിഗണിക്കുമ്പോൾ പിതാവിന്റെ സ്വത്തിൽ പെൺമക്കൾക്കും തുല്യ അവകാശം വേണമെന്ന നിലപാട് കേരള സർക്കാർ സുപ്രീംകോടതിയിൽ സ്വീകരിക്കണമെന്നാണ് ആവശ്യം.
ഫോറം ഫോർ മുസ്ലിം വിമൻസ് ജന്റർ ജസ്റ്റിസ് കൂട്ടായ്മയുടെ യോഗം കണ്ണൂരിൽ നടക്കുന്നുണ്ടെന്ന് ഫേസ്ബുക്കിലൂടെ അറിഞ്ഞാണ് മൂവാറ്റുപുഴ പുഴ സ്വദേശിയായ റുബിയയും കുടുംബവും തിടുക്കപ്പെട്ട് എത്തിയത്. ലോട്ടറി സ്റ്റാളും വാടക കടമുറികളും ഉള്ള പിതാവ് സൈനുദ്ദീൻ രണ്ട് കൊല്ലം മുൻപ് മരിച്ചു. ഇതോടെ സ്വത്തവകാശത്തിനായി അദ്ദേഹത്തിന്റെ സഹോദരനും കുടുംബവും കോടതി കയറിയിരിക്കുകയാണ്.
ശരീഅത്ത് പ്രകാരം മരണപ്പെട്ട ഒരാളുടെ മകന് കിട്ടുന്നതിന്റെ പകുതി സ്വത്തിനു മാത്രമാണ് മകള്‍ക്ക് അവകാശം. ഒറ്റപ്പെണ്‍കുട്ടി മാത്രമാണുള്ളതെങ്കിൽ ആകെ സ്വത്തിന്റെ പകുതി മാത്രം മകള്‍ക്കും ബാക്കി അയാളുടെ കുടുംബത്തിനും കിട്ടും. മക്കളില്ലാതെ മരിച്ചുപോയ ഭര്‍ത്താവിന്റെ സ്വത്തിന്റെ കാൽ ഭാഗം മാത്രം ഭാര്യയ്ക്ക്. ഇങ്ങനെ പിന്തുടർച്ച അവകാശത്തിലെ വിവേചനം ചോദ്യം ചെയ്ത് 2015 ൽ ഒരുവിഭാഗം മുസ്ലിം വനിത പ്രവർത്തകർ സുപ്രീം കോടതിയിലെത്തിയിരുന്നു.
വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ സുപ്രിം കോടതി സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരള സര്‍ക്കാര്‍ ഏതാനും മുസ്‍ലിം മതപണ്ഡിതന്മാരുടെ യോഗം വിളിക്കുകയും വ്യക്തി നിയമത്തില്‍ കോടതിക്കോ സര്‍ക്കാരിനോ ഇടപെടാന്‍ അധികാരമില്ലെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തതായാണ് വിവരം. ലഘുലേഖ തയ്യാറാക്കി കോളേജുകളിലെത്തിച്ചും ഒപ്പുശേഖരണം നടത്തിയും സമൂഹത്തിന്റെ ശ്രദ്ധയിൽ ഈ വിവേചനം ചർച്ചയാക്കാനാണ് ഫോറം ഫോർ മുസ്ലിം വിമൻസ് ജന്റർ ജസ്റ്റിസ് കൂട്ടായ്മയുടെ പരിശ്രമം.
