കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് ചില സംഘടനകളുടെ നേതൃത്വത്തില്‍ ഡിസംബര്‍ 17ന് പ്രഖ്യാപിച്ച ഹര്‍ത്താലുമായി മുസ്ലിം യൂത്ത് ലീഗിന് യാതൊരു ബന്ധവുമില്ലെന്ന് സംസ്ഥാന സെക്രട്ടറി പികെ ഫിറോസ്. ഹര്‍ത്താലുമായി ബന്ധപ്പെട്ട പ്രചാരണ പ്രവര്‍ത്തനങ്ങളിലോ ഹര്‍ത്താല്‍ നടത്തുന്നതിനോ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പങ്കെടുക്കരുതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു. ഡിസംബര്‍ 19ന് യൂത്ത് ലീഗ് ഡേ നൈറ്റ് മാര്‍ച്ച് സംഘടിപ്പിക്കും.

എസ്‍ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ബിഎസ്‍പി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലുള്ള സംയുക്ത സമരസമിതിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. മുപ്പതോളം സംഘടനകളും വിവിധ മേഖലകളിലെ വ്യക്തികളും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിയും എൻആർസിയും ഭരണഘടന ഉറപ്പുനൽകിയ തുല്യത നിഷേധിക്കുന്നതും രാജ്യത്തെ വംശീയമായി വിഭജിക്കുന്നതുമാണെന്നും സംയുക്ത സമരസമിതി ആരോപിച്ചു. പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്നും എൻആർസി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഡിസംബർ 17ന് ചൊവ്വാഴ്ച രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ ആചരിക്കുക.