സാമൂഹ്യക്ഷേ പെന്‍ഷനുകള്‍ ലഭിക്കുന്നവർ ജീവിച്ചിരിക്കുന്നുണ്ട് എന്ന് അക്ഷയ കേന്ദ്രങ്ങളിലെത്തി സാക്ഷ്യപെടുത്തുന്ന നടപടിയാണ് മസ്റ്ററിംഗ്. സോഫ്റ്റ്‍വെയറിലെ തകരാര്‍ പരിഹരിക്കാനായി നാളെ മസ്റ്ററിംഗ് നിര്‍ത്തിവയ്ക്കുമെന്നും ധനവകുപ്പ് അറിയിച്ചു.

കോഴിക്കോട്: സംസ്ഥാനത്ത് സാമൂഹ്യക്ഷേമ പെൻഷൻ വാങ്ങുന്നവര്‍ക്ക് മസ്റ്ററിംഗിനുളള സമയപരിധി സര്‍ക്കാര്‍ ഡിസംബര്‍ 15 വരെ നീട്ടി. അക്ഷയകേന്ദ്രങ്ങളിലെ തിരക്ക് കണക്കിലെടുത്ത് ജില്ലകളെ രണ്ട് ക്ലസ്റ്ററുകളായി തിരിക്കാനും തീരുമാനിച്ചിട്ടുണ്ട്. സോഫ്റ്റ്‍വെയറിലെ തകരാര്‍ പരിഹരിക്കാനായി നാളെ മസ്റ്ററിംഗ് നിര്‍ത്തിവയ്ക്കുമെന്നും ധനവകുപ്പ് അറിയിച്ചു.

സാമൂഹ്യക്ഷേ പെന്‍ഷനുകള്‍ ലഭിക്കുന്നവർ ജീവിച്ചിരിക്കുന്നുണ്ട് എന്ന് അക്ഷയ കേന്ദ്രങ്ങളിലെത്തി സാക്ഷ്യപെടുത്തുന്ന നടപടിയാണ് മസ്റ്ററിംഗ്. നവംബര്‍ 15നകം സംസ്ഥാനത്ത് സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന 47 ലക്ഷത്തോളം പേര്‍ അക്ഷയ കേന്ദ്രങ്ങളിലെത്തി വിരളടയാളമടക്കമുള്ള ബയോമെട്രിക് വിവരങ്ങള്‍ നൽകണമെന്നായിരുന്നു ധനവകുപ്പ് ഉത്തരവ്. ഇതോടെ സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ കൈപ്പറ്റുന്നവര്‍ മസ്റ്ററിംഗിനായി ഒരുമിച്ചെത്താന്‍ തുടങ്ങി. രോഗികളും അവശരുമായവര്‍ കാത്തുനിന്ന് വലിയ പ്രയാസത്തിലുമായി. 

ഈ പ്രയാസം പരിഗണിച്ചാണ് മസ്റ്ററിംഗിനുളള തീയതി ഡിസംബര്‍ 15വരെ നീട്ടാനുളള ധനവകുപ്പ് തീരുമാനം. പെന്‍ഷന്‍കാരുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തില്‍ ജില്ലകളെ രണ്ട് ക്ലസ്റ്ററുകളായി തിരിക്കും. എന്നാല്‍ 25 ശതമാനത്തോളം വരുന്ന പെന്‍ഷന്‍കാര്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ പോലും കഴിയാത്തവരാണ്. ഇവരുടെ കാര്യത്തില്‍ പ്രതിസന്ധിയുണ്ട്. ഈ പ്രശ്നം പരിഹരിക്കാന്‍ വാര്‍ഡുകള്‍ തിരിച്ച് മസ്റ്ററിംഗ് നടത്താന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കുളള നിര്‍ദ്ദേശം നൽകി. മരണമടഞ്ഞവരുടെ പേരില്‍ 16 കോടിയോളം രൂപ അനര്‍ഹര്‍ കൈപ്പറ്റുന്നതായാണ് ധനവകുപ്പ് കണക്ക്.