മന്ത്രിമാർ സമയോചിതമായി ഇടപെട്ടില്ലെങ്കിൽ സംഘർഷം ഉണ്ടാകുമായിരുന്നു. തീരത്ത് സംഘർഷം ഉണ്ടാക്കാനാണ് കോൺഗ്രസ് ശ്രമമെന്നും ആന്‍റണി രാജു ആരോപിച്ചു.

തിരുവനന്തപുരം: മുതലപ്പൊഴിയിൽ മന്ത്രിമാർക്കെതിരെ പ്രതിഷേധിച്ചത് നാട്ടുകാരായ മത്സ്യത്തൊഴിലാളികളല്ല കോൺഗ്രസുകാരെന്ന് മന്ത്രി ആന്‍റണി രാജു. മന്ത്രിമാർ സമയോചിതമായി ഇടപെട്ടില്ലെങ്കിൽ സംഘർഷം ഉണ്ടാകുമായിരുന്നു. തീരത്ത് സംഘർഷം ഉണ്ടാക്കാനാണ് കോൺഗ്രസ് ശ്രമമെന്നും ആന്‍റണി രാജു ആരോപിച്ചു. വികാരി ജനറലിനെതിരെ മന്ത്രിമാർ പരാതി കൊടുത്തിട്ടില്ലെന്നും പൊലീസ് സ്വന്തം നിലയ്ക്കാണ് കേസെടുത്തതെന്നും ആന്‍റണി രാജു വിശദീകരിച്ചു.

വള്ളംമറിഞ്ഞ് ഒരാള്‍ മരിക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തതോടെയാണ് മുതലപ്പൊഴിയിൽ പ്രതിഷേധമുണ്ടായത്. ഇന്നലെ സ്ഥലം സന്ദര്‍ശിക്കാനെത്തിയ മന്ത്രിമാരായ ആന്‍റണി രാജിവിനെയും വി ശിവന്‍കുട്ടിയെയും പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. പിന്നാലെ, ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ യൂജിൻ പെരേരക്കെതിരെ പൊലീസ് കേസെടുത്തു. മന്ത്രിമാരെ തടഞ്ഞതിനും കലാപ ആഹ്വാനം ചെയ്തതിനും എതിരെയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. യൂജിന് പെരേരയ്ക്കും മുതലപൊഴി അപകടത്തിൽ റോഡ് ഉപരോധിച്ച മത്സ്യ തൊഴിലാളികൾക്കും എതിരെ കേസെടുത്തതിൽ സഭയിലും തീര ദേശത്തും വ്യാപക പ്രതിഷേധം തുടരുകയാണ്. സ്ഥലത്തെത്തിയ മന്ത്രിമാരെ പ്രതിഷേധക്കാർ തടഞ്ഞപ്പോൾ ഷോ കാണിക്കരുതെന്ന് പറഞ്ഞ മന്ത്രിമാരാണ് പ്രശ്‍നം വഷളാക്കിയത് എന്നാണ് സഭയുടെ പരാതി. എന്നിട്ടും ഏക പക്ഷീയമായി കേസെടുത്തതിലാണ് അമർഷം. യൂജിന് പെരേര കലാപത്തിന് ആഹ്വാനം ചെയ്തു എന്നായിരുന്നു മന്ത്രി വി ശിവൻ കുട്ടിയുടെ ആരോപണം. പിന്നാലെയാണ് അഞ്ചുതെങ്ങ് പൊലീസ് സ്വമേധയാ കേസെടുത്തത്. 

Read More:ഫാ യൂജിൻ പെരേരക്കെതിരെ എഫ്ഐആര്‍; മന്ത്രിമാരെ തടഞ്ഞതിനും കലാപ ആഹ്വാനം ചെയ്തതിനുമാണ് കേസ്

അതിനിടെ മുതലപ്പൊഴിയിൽ ബോട്ട് മറിഞ്ഞ് അപകടത്തിൽപ്പെട്ട് മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും. മത്സ്യത്തൊഴിലാളികളും മറൈൻ എൻഫോഴ്സ്മെന്റും തെരച്ചിൽ തുടരുന്നുണ്ട്. ഇന്നലെ നേവിയുടെ ഹെലികോപ്റ്റർ അടക്കം എത്തിച്ച് തെരച്ചിൽ നടത്തിയിട്ടും ഫലം കണ്ടില്ല. അപകടത്തിൽ മരിച്ച പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോന്റ മൃതദേഹം ഇന്നലെ സംസ്ക്കരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം