തിരുവനന്തപുരം: സർക്കാരിനും പൊലീസിനുമെതിരെ ആഞ്ഞടിച്ച് മുത്തൂറ്റ് ചെയർമാൻ എം ജി ജോർജ്. മുത്തൂറ്റ് കമ്പനിയെ കേരളത്തിൽ നിന്ന് ഓടിക്കാനാണ് ശ്രമം നടക്കുന്നത്. വനിതാ ജീവനക്കാർക്കും ജോലി ചെയ്യാൻ തയ്യാറായി വന്നവർക്കുമെതിരെ ആക്രമണമുണ്ടായപ്പോൾ പൊലീസ് നോക്കുകുത്തിയായി നോക്കി നിൽക്കുകയായിരുന്നു. സർക്കാർ ഒരു സംരക്ഷണവും തരുന്നില്ല. വേണമെങ്കിൽ കേരളത്തിലെ എല്ലാ ശാഖകളും പൂട്ടാനും മുത്തൂറ്റ് ഒരുക്കമാണെന്നും ചെയർമാൻ തുറന്നടിച്ചു.

സമരം തുടങ്ങിയ കാലത്ത് തന്നെ തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണനെ മുത്തൂറ്റ് മാനേജ്മെന്‍റ് ബന്ധപ്പെട്ടതാണ്. അന്ന് വേണ്ട നടപടി സർക്കാർ സ്വീകരിക്കാൻ വിമുഖത കാണിച്ചു. സിഐടിയുക്കാർ തന്നെയാണ് മുത്തൂറ്റ് സമരത്തിന് പിന്നിൽ. ജോലി ചെയ്യാൻ തയ്യാറായി വന്നവരെയും വനിതാ ജീവനക്കാരെയും അടക്കം സിഐടിയുക്കാർ ആക്രമിച്ചു. ഇതിൽ സർക്കാരോ പൊലീസോ ഒരു സഹായവും ചെയ്തില്ല - എം ജി ജോർജ് ആരോപിച്ചു. 

ഇനി പ്രധാനമന്ത്രി വന്ന് പറഞ്ഞാലും മുത്തൂറ്റിൽ തൊഴിലാളി യൂണിയൻ തുടങ്ങാൻ അനുവദിക്കില്ലെന്നാണ് മുത്തൂറ്റ് ചെയർമാൻ പറയുന്നത്. തെറ്റ് പറഞ്ഞാൽ പ്രധാനമന്ത്രിയെയും വകവയ്ക്കില്ല. 

മുത്തൂറ്റ് കമ്പനിയെ കേരളത്തിൽ നിന്ന് ഓടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇനി ഇതിന്‍റെ പേരിൽ മുത്തൂറ്റ് കേരളത്തിൽ മൊത്തം പൂട്ടേണ്ടി വന്നാലും സാരമില്ല. അഹങ്കാരം കാണിച്ചാൽ മുത്തൂറ്റ് വെറുതെ വിടില്ല. കേരളത്തിൽ വ്യവസായം നടത്താൻ കഴിയാത്ത സാഹചര്യമാണെന്നും മുത്തൂറ്റ് കേരളത്തിൽ പൂട്ടിയാൽ ഉത്തരവാദിത്തം മാനെജ്മെന്‍റിനില്ലെന്നും ജോർജ്.

മുത്തൂറ്റ് സമരം ഒത്തുതീർക്കാൻ സർക്കാർ വിളിച്ച ച‍ർച്ചയിൽ തൊഴിലാളി നേതാക്കളുമായി സഹകരിക്കാതെ തുടരുന്ന മുത്തൂറ്റ് മാനേജ്മെന്‍റിനോട് ചർച്ചയുമായി സഹകരിക്കണമെന്ന കർശനനിർദേശം ഹൈക്കോടതി നൽകിയിരുന്നു. സർക്കാർ ആഭിമുഖ്യത്തിൽ വിളിച്ച ചർച്ചയിൽ മുത്തൂറ്റ് മാനേജ്മെന്‍റ് സഹകരിക്കണം. സമരം ചെയ്യുന്നവർക്ക് നിയമാനുസൃതം അത് തുടരാം. അതിന് ജീവനക്കാർക്ക് അവകാശമുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അതേസമയം, ജോലിക്കെത്തുന്ന ജീവനക്കാർക്ക് സംരക്ഷണം നൽകുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.

Read More: മുത്തൂറ്റ് ചർച്ച: മാനേജ്മെന്‍റ് സഹകരിക്കണമെന്ന് ഹൈക്കോടതി, സമരം നിയമാനുസൃതം തുടരാം