മുത്തൂറ്റ് ഫിനാന്‍സ് സിഎസ്ആര്‍ ഉദ്യമത്തിന് കീഴില്‍ 14 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി.

കോര്‍പ്പറേറ്റ് സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി മുത്തൂറ്റ് ഫിനാന്‍സ് നിര്‍ധനര്‍ക്ക് 14 വീടുകള്‍ നിര്‍മ്മിച്ചു നൽകി. എറണാകുളം ജില്ലയിലെ തീരദേശ ഗ്രാമമായ എടവനക്കാട് നിര്‍മ്മിച്ച വീടുകളുടെ താക്കോൽ കൈമാറി.

മുത്തൂറ്റ് ഫിനാന്‍സ് എം.ഡി. ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പരിപാടി ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡന്‍ എംപി മുഖ്യാതിഥിയായിരുന്നു. മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് എം ജോര്‍ജ് പരിസ്ഥിതി സൗഹൃദ സംരംഭം 'ഒരു മരം നടൂ, ഭൂമിയെ രക്ഷിക്കൂ' ഉദ്ഘാടനം ചെയ്തു.

എടവനക്കാട് കടല്‍ക്ഷോഭവും മണ്ണൊലിപ്പും മൂലം തകര്‍ന്ന വീടുകളില്‍ താമസിച്ചിരുന്ന കുടുംബങ്ങള്‍ക്കാണ് മുത്തൂറ്റ് ഫിനാന്‍സ് ആഷിയാന പദ്ധതിക്ക് കീഴില്‍ വീടുകള്‍ നിര്‍മ്മിച്ചു നൽകിയത്. എടവനക്കാട് പദ്ധതി പൂര്‍ത്തീകരിച്ചതോടെ 2018-ല്‍ ആരംഭിച്ച ആഷിയാന ഭവന പദ്ധതി 250 വീടുകള്‍ എന്ന നാഴികക്കല്ലില്‍ എത്തി.

കേരളത്തില്‍ 2018ലെ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി മുത്തൂറ്റ് ഫിനാന്‍സ് മുമ്പ് 202 വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയിരുന്നു. മുത്തൂറ്റ് ആഷിയാന പദ്ധതിക്ക് ലഭിച്ച സ്വീകാര്യത കണക്കിലെടുത്ത് മുത്തൂറ്റ് ഫിനാന്‍സ് പദ്ധതി കൂടുതല്‍ വിപുലീകരിച്ചു. ഹരിയാനയിലെ റെവാരിയില്‍ 20 വീടുകളും ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ പത്ത് വീടുകളുമാണ് ഈ പദ്ധതിയുടെ കീഴില്‍ അടുത്തിടെ പൂര്‍ത്തിയാക്കിയത്. ആഷിയാന പദ്ധതിക്കായി 20 കോടി രൂപ കമ്പനി നീക്കിവച്ചിട്ടുണ്ട്.

"2018-ല്‍ കേരളത്തിലുണ്ടായ പ്രളയത്തില്‍ ജനങ്ങള്‍ക്കുണ്ടായ ദുരിതത്തിലും നാശനഷ്ടത്തിലും ഞങ്ങളും ദുഖിതരാണ്. വീട് എന്നത് ഒരാളുടെ അടിസ്ഥാന ആവശ്യമാണ്. എല്ലാവര്‍ക്കും അവരുടെ വീടുമായി ആഴമേറിയ വൈകാരിക അടുപ്പം ഉണ്ടായിരിക്കും. ജനങ്ങളെ സഹായിക്കുന്ന കാര്യത്തില്‍ മുത്തൂറ്റ് ഫിനാന്‍സ് പ്രതിജ്ഞാബദ്ധരാണ്." ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.

 ബിസിനസ് വിജയത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമപ്പുറം സാമൂഹ്യ പുരോഗതിക്കും സമൂഹത്തെ സേവിക്കുന്നതിനുമുള്ള മുത്തുറ്റ് ഫിനാന്‍സിന്‍റെ അര്‍പ്പണബോധത്തിനും സേവനമനോഭാവത്തിനും തെളിവാണ് മുത്തൂറ്റ് ആഷിയാന പദ്ധതിയെന്ന് ഹൈബി ഈഡന്‍ പറഞ്ഞു.