Asianet News MalayalamAsianet News Malayalam

മുത്തൂറ്റിന്‍റെ 20 ശാഖകള്‍ കൂടി പൂട്ടി: കോഴിക്കോട്ടും ആലപ്പുഴയിലും പൊലീസ് സംരക്ഷണത്തില്‍ സ്ഥാപനം തുറന്നു

തിരുവനന്തപുരം, എറണാകുളം, മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം എന്നീ ജില്ലകളിലെ 20 ശാഖകളാണ്  മുത്തൂറ്റ് മാനേജ്മെന്‍റ് ഇന്ന് പൂട്ടിയത്.

muthoot finance closed its 20 more branches due to strike
Author
Thiruvananthapuram, First Published Sep 6, 2019, 2:46 PM IST

തിരുവനന്തപുരം: ജീവനക്കാരുടെ സമരത്തിനിടെ മുത്തൂറ്റ് ഫിനാന്‍സ് കേരളത്തിലെ 20 ശാഖകള് കൂടി പൂട്ടി. ഇതോടെ പൂട്ടിയ ശാഖകളുടെ എണ്ണം 35 ആയി. അതിനിടെ,കോഴിക്കോട്ടും ആലപ്പുഴയിലും പൊലീസ് സംരക്ഷണത്തോടെ ശാഖകള്‍ തുറന്നു.

തിരുവനന്തപുരം, എറണാകുളം, മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം എന്നീ ജില്ലകളിലെ 20 ശാഖകളാണ്  മുത്തൂറ്റ് മാനേജ്മെന്‍റ് ഇന്ന് പൂട്ടിയത്.  ഈ ശാഖകളില്‍ പണയം വച്ച സ്വര്‍ണം തിരിച്ചെടുക്കാനായി ഇടപാടുകാര്‍ക്ക് ഡിസംബര്‍ ഏഴു വരെ സമയം അനുവദിച്ചതായും മാനേജ്മെന്‍റ് നല്‍കിയ പരസ്യത്തില്‍ പറയുന്നു. 

അതേസമയം, ശമ്പള വര്‍ദ്ധന അടക്കമുളള ആവശ്യങ്ങള്‍ നടപ്പാക്കാതെ ശാഖകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സിഐടിയു നേതൃത്വത്തിലുളള മുത്തൂറ്റ് എംപ്ളോയീസ് അസോസിയേഷന്‍. കോഴിക്കോട് മാവൂര്‍ റോഡിലെയും ആലപ്പുഴ പുന്നപ്രയിലെയും ശാഖകള്‍ പൊലീസെത്തി സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് തുറന്നത്. സമരക്കാരും ജോലിക്കെത്തിയവരും തമ്മില്‍ വാക്കേറ്റവുമുണ്ടായി. എന്നാല്‍ ആകെയുളള 622 ശാഖകളില്‍ 450 എണ്ണവും അടഞ്ഞുകിടക്കുകയാണെന്നും അസോസിയേഷന്‍ അവകാശപ്പെട്ടു.

ജോലിക്കെത്തുന്ന തൊഴിലാളികള്‍ക്ക് സമരക്കാരില്‍ നിന്ന് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ട സാഹചര്യത്തില്‍ മുത്തൂറ്റിന്‍റെ എല്ലാ ശാഖകള്‍ക്കും പൊലീസ് സംരക്ഷണം നല്‍കിയിട്ടുണ്ട്. ഈ മാസം ഒമ്പതിന് തൊഴില്‍ വകുപ്പ് മന്ത്രി മുത്തൂറ്റ് മാനേജ്മെന്‍റുമായും സമരക്കാരുമായും ചര്‍ച്ച നടത്തുന്നുണ്ട്.

Follow Us:
Download App:
  • android
  • ios