ദില്ലി: പ്രമുഖ വ്യവസായിയും, മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാനുമായ എം ജി ജോർജ്ജ് മുത്തൂറ്റ് അന്തരിച്ചു.71 വയസായിരുന്നു.വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു. പടിക്കെട്ടിറങ്ങുന്നതിനിടെ വീണ് പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. മുത്തൂറ്റ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയർമാനായ ജോർജ് ഓർത്തഡോക്സ് സഭ ട്രസ്റ്റി, ഫിക്കി കേരള ഘടകം ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

2011ൽ ഫ‌ോർബ്സ് ഏഷ്യാ മാഗസിൻ ഇന്ത്യയിലെ അമ്പത് സമ്പന്നരുടെ പട്ടികയിൽ ഉൾപ്പെട്ട ജോർജ്ജ് മുത്തൂറ്റ് 2020ലെ കണക്കനുസരിച്ച് കേരളത്തിലെ എറ്റവും സമ്പന്നനായ വ്യക്തിയാണ്. 

മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം നേടിയ ജോർജ്ജ് മുത്തൂറ്റ് 1979ലാണ് കുടുംബ ബിസിനസായ മുത്തൂറ്റ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറായി സ്ഥാനമേറ്റത്. 1993 ൽ ഗ്രൂപ്പിന്റെ ചെയർമാനായി. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (എഫ്ഐസിസിഐ – ഫിക്കി) എക്സ്ക്യൂട്ടീവ് അംഗമായും ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.

ന്യൂഡൽഹിയിലെ സെന്റ് ജോർജ്സ് ഹൈസ്കൂൾ ഡയറക്ടർ സാറ ജോർജ് മുത്തൂറ്റാണ് ഭാര്യ. മുത്തൂറ്റ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ജോർജ് എം. ജോർജ്, ഗ്രൂപ്പ് ഡയറക്ടർ അലക്സാണ്ടർ ജോർജ്, പരേതനായ പോൾ മുത്തൂറ്റ് ജോർജ് എന്നിവരാണ് മക്കൾ.