കൊച്ചി: മുത്തൂറ്റ് തൊഴിൽ തർക്കം പരിഹരിക്കാന്‍ ഹൈക്കോടതി അഭിഭാഷക കമ്മീഷണറെ നിയമിച്ചു. അഭിഭാഷക കമ്മീഷണർ ആയി അഡ്വ. ലിജി ജെ വടക്കേടത്തെയാണ് നിശ്ചയിച്ചിരിക്കുന്നത്. ദിവസങ്ങളായി തര്‍ക്കം നീണ്ടുപോകുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടലുണ്ടായിരിക്കുന്നത്.

ശനിയാഴ്ച തൊഴിലാളി യൂണിയൻ നേതാക്കളും മാനേജ് മെന്റ് പ്രതിനിധികളുമായി ചർച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുവരെയുള്ള ചർച്ചകളെ മുത്തൂറ്റ് മാനേജ്മെന്‍റ് പ്രഹസനമാക്കുകയായിരുന്നെന്ന് ലേബർ കമ്മീഷണർ കോടതിയിൽ അഭിപ്രായപ്പെട്ടിരുന്നു.  ഇത് മുഖവിലയ്ക്കെടുത്ത കോടതി ചർച്ചയിൽ ഉത്തരവാദിത്വം ഉള്ളവരെ അയക്കണം എന്ന്‌ മുത്തൂറ്റിന്  നിർദ്ദേശം നല്‍കിയിട്ടുണ്ട്.