Asianet News Malayalam

മുട്ടിൽ മരംമുറി: സര്‍ക്കാരിന് ഭയക്കാൻ ഒന്നുമില്ലെന്ന് റവന്യുമന്ത്രി, ആരോപണം കടുപ്പിച്ച് പ്രതിപക്ഷവും ബിജെപിയും

സര്‍ക്കാരിന്റെ ഒരു കഷ്ണം തടി പോലും നഷ്ടമാകില്ലെന്ന് റവന്യുമന്ത്രി കെ രാജൻ. സിപിഐക്കെതിരെ നിലപാടുമായി ലീഗ്. സിപിഎമ്മും സിപിഐയും കള്ളപ്പണം ഉണ്ടാക്കിയെന്ന് ബിജെപി.

muttil case controversy opposition against cpm and cpi
Author
Trivandrum, First Published Jun 15, 2021, 12:55 PM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: മുട്ടിൽ മരം മുറിക്കേസിൽ സർക്കാരിന് ഒന്നും ഭയക്കാനില്ലെന്ന് വ്യക്തമാക്കി റവന്യു മന്ത്രി കെ രാജൻ. സര്‍ക്കാരിന്റെ ഒരു കഷ്ണം തടി പോലും നഷ്ടമായിട്ടില്ല. നഷ്ടപ്പെടാൻ അനുവദിക്കുകയും ഇല്ല. സർക്കാർ നിലപാട് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിട്ടില്ല. പാര്‍ട്ടി നിലപാട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറയുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു. പാർട്ടി ഓഫീസിൽ എപ്പോഴും പോകുന്നതാണ്. എംഎൻ സ്മാരകത്തിൽ കഴിഞ്ഞ ദിവസം പോയത് പതിവ് പ്രകാരം മാത്രമാണെന്നും മന്ത്രി പറഞ്ഞു. 

മരം മുറി വിവാദവുമായി ബന്ധപ്പെട്ട് പറയേണ്ടതെല്ലാം സര്‍ക്കാര്‍ പറഞ്ഞുകഴിഞ്ഞെന്നും അതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നുമായിരുന്നു ബിനോയ് വിശ്വത്തിന്‍റെ പ്രതികരണം. വനം കൊള്ളക്കാരെ സംരക്ഷിക്കുന്ന നടപടി എൽഡിഎഫ് സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകില്ല. വിവാദമോ പ്രതിസന്ധിയോ ഇക്കാര്യത്തിൽ ഇല്ല.  ആരോ സൃഷ്‌ടിച്ച  പുകമറ മാത്രമാണ് മുട്ടിൽ മരംമുറി വിവാദമെന്നും ബിനോയ് വിശ്വം വിശദീകരിച്ചു.

മരം കൊള്ള കേസിൽ  കുറ്റക്കാരായവർ ശിക്ഷിക്കപ്പെടണമെന്ന്  ജോസ് കെ മാണി പറഞ്ഞു.  ആരായാലും സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യാൻ പാടില്ല.  കർഷകരുടെ അവകാശം സംരക്ഷിച്ച് കൊണ്ടുള്ള തീരുമാനമാണ് വേണ്ടതെന്നും ജോസ് കെ മാണി കോട്ടയത്ത് നിലപാടെടുത്തു. 

അതിനിടെ പ്രതിപക്ഷവും ബിജെപിയും സര്‍ക്കാനിരെനിരെ നിലപാട് കടുപ്പിക്കുകയാണ്.  മുട്ടിൽ മരംമുറിക്കേസിന് പിന്നിലും സര്‍ക്കാര്‍ ഉത്തരവിന്റെ പുറകിലും ഇനിയും പുറത്ത് വരാത്ത വലിയ വാര്‍ത്തകളുണ്ടെന്ന് പികെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. സി.പി.ഐ വനം വകുപ്പ് ഒഴിവാക്കിയതിന് മരംകൊള്ളയുമായി ബന്ധമുണ്ടെന്ന് സംശയമുണ്ട്. സിപിഐ വനം വകുപ്പ് വിട്ടതിൽ പന്തികേട് തോന്നുന്നു. യുഡിഎഫ് വിഷയം ഗൗരവമായാണ് എടുക്കുന്നതെന്നും രാഷ്ട്രീയമായി മുന്നോട്ട് പോകുമെന്നും പികെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.  

റവന്യു വനം വകുപ്പുകൾക്ക് പലതും അറിയാം. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് കേസിനെ കുറിച്ച് രണ്ട് വകുപ്പുകളും സംസാരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് എല്ലാം ഇതിനകം തന്നെ പുറത്ത് വന്നിട്ടുണ്ട്. സര്‍ക്കാര്‍ വൃത്തങ്ങളുടെ പ്രതികരണം വിലയിരുത്തിയാൽ തൊട്ടാൽ കൈ പൊള്ളുന്ന എന്തോ ഉണ്ടെന്ന് വ്യക്തമാണെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

മരം മുറിയിലെ കള്ളപ്പണമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഎമ്മും സിപിഐയും ചെലവഴിച്ചത് എന്നായിരുന്നു ബിജെപി നേതാവ് പികെ കൃഷ്‌ണദാസിന്റെ ആരോപണം. അറസ്റ്റ് ചെയ്യേണ്ടത് സിപിഎം സിപിഐ നേതാക്കളൊണ്. കെ സുരേന്ദ്രനെതിരെ കള്ളക്കേസുമായി നീങ്ങിയാൽ പിണറായി വിജയൻ സർക്കാരിനെ മുട്ടുകുത്തിക്കും. സിപിഎമ്മിന്‍റേത് പ്രതികാര രാഷ്ട്രീയമാണ്. കൊടകര കേസ് അന്വേഷിക്കുന്നത് അധോലോക സംഘമാണെന്നും വാളയാർ കേസിൽ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ഉദ്യോഗസ്ഥൻ ആണ് കേസ് അന്വേഷണത്തിന് ചുമതലയെന്നും പികെ കൃഷ്ണദാസ് ആരോപിച്ചു.

മരം കൊള്ള നടന്നത് സിപിഎം സിപിഐ നേതാക്കളുടെ അറിവോടെയെന്ന് കുമ്മനം രാജശേഖരനും പ്രതികരിച്ചു. സദുദ്ദേശമല്ല ദുരുദ്ദേശം മാത്രമാണ് ഇതിന് പിന്നിലുള്ളത്. ഒരു മന്ത്രിക്ക് നാട്ടിലെ ജനങ്ങളുടെ കാര്യം നോക്കാൻ സമയം ഇല്ല. ലക്ഷദ്വീപിലെ കാര്യം നോക്കാൻ ആണ് നേരമെന്നും കുമ്മനം പറഞ്ഞു. 

ഇതിനിടെ മുട്ടിൽ മരം മുറിക്കേസിൽ  രാഷ്ട്രീയ മാധ്യമ വേട്ട നടക്കുന്നുവെന്ന് പ്രതികൾ ഹൈക്കോടതിയിൽ പരാതിപ്പെട്ടു. കേസിൽ  മുൻകൂർ ജാമ്യം തേടി ആൻറോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവർ നൽകിയ ഹർ‍ജി പരിഗണിക്കുന്നതിനിടെയാണ്  പരാമർശം.  നിയമപരമായി നിലനിൽക്കാത്ത കേസാണെന്നും അറസ്റ്റിന് നീക്കമുണ്ടെന്നും  പ്രതികൾ ഹൈക്കോടതിയെ അറിയിച്ചു. ജാമ്യ ഹർജി വേഗത്തിൽ കേൾക്കണമെന്ന പ്രതികളുടെ ആവശ്യത്തെ സർക്കാർ എതിർത്തു.

റോജി അഗസ്റ്റിന് മറ്റൊരു കേസിൽ  ഇടക്കാല ജാമ്യം അനുവദിച്ച ഉത്തരവ് റദ്ദാക്കാൻ സർക്കാർ അപേക്ഷ നൽകിയിട്ടുണ്ട്. ഈ കേസ് അടക്കം  എല്ലാ കേസുകളും ഒരുമിച്ച് കേൾക്കണമെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രതികൾക്കെതിരെ 39 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുള്ളതായും  സർക്കാർ വ്യക്തമാക്കി. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വ്യാഴാഴ്ചയ്ക്കകം നിലപാട് അറിയിക്കാൻ സർക്കാരിന് കോടതി നിർദേശം നൽകി.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios