68 കെഎല്‍സി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ പല കേസുകളിലും നടപടികള്‍ പൂര്‍ത്തിയാക്കി എട്ടുകോടിയോളം രൂപ പിഴ നിശ്ചയിച്ചിരുന്നു. എന്നാല്‍ ബാക്കിയുള്ള കേസുകളില്‍ പിഴ നിര്‍ണയം അനിശ്ചിതമായി നീളുകയാണ്. 

കല്‍പ്പറ്റ: മുട്ടില്‍ മരംമുറി കേസില്‍ മുറിച്ചു കടത്തിയ മരങ്ങളില്‍ പകുതിക്കും പിഴ നിശ്ചയിക്കാതെ റവന്യൂ വകുപ്പ്. മുട്ടില്‍ സൗത്ത് വില്ലേജിലെ റവന്യൂ പട്ടയ ഭൂമികളില്‍ നിന്ന് അനധികൃതമായി ഈട്ടി മരങ്ങള്‍ മുറിച്ചു കടത്തിയെന്ന കേസിലാണ് ഈ അലംഭാവം. 2020 ഒക്ടോബര്‍ 24 ന് അന്നത്തെ റവന്യൂ സെക്രട്ടറി ഇറക്കിയ ഉത്തരവിന്‍റെ മറവിലായിരുന്നു മുട്ടില്‍ സൗത്ത് വില്ലേജില്‍ ഈട്ടിമുറി നടന്നത്. അനധികൃത മരംമുറിയില്‍ സര്‍ക്കാരിന് പതിനഞ്ച് കോടി രൂപയുടെ നഷ്ടമുണ്ടായതായി കണ്ടെത്തിയിരുന്നു. 

മരംമുറി വിവാദമായതിന് പിന്നാലെ റവന്യൂ സെക്രട്ടറിയുടെ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് 2021 ഫെബ്രുവരി പത്തിന് കെഎല്‍സി (കേരള ലാന്‍ഡ് കണ്‍സര്‍വന്‍സി) പ്രകാരമുള്ള നടപടികള്‍ ആരംഭിച്ചെങ്കിലും മരങ്ങള്‍ മുറിച്ചവരില്‍ നിന്ന് ചെറിയ തുക പോലും ഇതുവരെ റവന്യൂ വകുപ്പ് പിഴയായി ഈടാക്കിയിട്ടില്ല. 68 കെഎല്‍സി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ പല കേസുകളിലും നടപടികള്‍ പൂര്‍ത്തിയാക്കി എട്ടുകോടിയോളം രൂപ പിഴ നിശ്ചയിച്ചിരുന്നു. എന്നാല്‍ ബാക്കിയുള്ള കേസുകളില്‍ പിഴ നിര്‍ണയം അനിശ്ചിതമായി നീളുകയാണ്. 

റവന്യൂ പട്ടയഭൂമികളിലെ അനധികൃത മരംമുറിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന 14625/2021 നമ്പര്‍ റിട്ട് ഹര്‍ജി ഹൈക്കോടതി പരിഗണിക്കവെ അഡ്വക്കറ്റ് ജനറല്‍ നല്‍കിയ ഉറപ്പുകള്‍ പിഴ ചുമത്തല്‍ വൈകിയതോടെ വെറുതെയായെന്ന് പൊതുപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. കേസില്‍ ഉള്‍പ്പെട്ടവര്‍ എത്ര ഉന്നതരായാലും അവര്‍ക്കെതിരെ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരുമെന്നാണ് അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നത്. എന്നാല്‍ മരംമുറിയുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണം ഉന്നതരിലേക്ക് നീങ്ങിയത് പോലുമില്ല. അനധികൃത മരംമുറിക്ക് സാഹചര്യം ഒരുക്കി നല്‍കിയവരെ പ്രതികളാക്കണമെന്ന് നിയമവിധഗ്ദര്‍ അഭിപ്രായപ്പെടുന്നു. 

ക്കേസില്‍ 2023 ഡിസംബര്‍ രണ്ടിന് പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം ദുര്‍ബലമാണെന്നും ചിലര്‍ വിലയിരുത്തുന്നു. ഏകദേശം 50 കേസുകളിലാണ് കുറ്റപത്രം സമര്‍പ്പിക്കേണ്ടിയിരുന്നത്. എന്നാല്‍ മുഴുവന്‍ കേസുകളിലും കുറ്റപത്ര സമര്‍പ്പണം നടന്നില്ല. കുറ്റപത്രത്തിലെ ന്യൂനതകള്‍ വിശദീകരിച്ച് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.ജോസഫ് മാത്യു എഡിജിപിക്ക് കത്തെഴുതിയിരുന്നു. ഇതേത്തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടന്നെങ്കിലും ആവശ്യമായ നടപടി ഉണ്ടായില്ല. തന്നെയുമല്ല, സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ ഒഴിവാക്കുന്നതിന് എഡിജിപി സര്‍ക്കാരിന് കത്ത് നല്‍കുകയും ചെയ്തു. മരംമുറിയുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകള്‍ റദ്ദാക്കുന്നതിന് പ്രതികളില്‍ ചിലര്‍ കഴിഞ്ഞ ജൂലൈയില്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി ഇതുവരെ തീര്‍പ്പാക്കിയിട്ടുമില്ല.

Read More:മുട്ടിൽ മരംമുറി; സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ വാദങ്ങൾ തെറ്റെന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം