Asianet News MalayalamAsianet News Malayalam

'മുട്ടിൽ' മോഡൽ മരംമുറി കാസർകോട്ടും; വനം വകുപ്പ് രജിസ്റ്റർ ചെയ്തത് എട്ട് കേസുകള്‍

പട്ടയഭൂമിയിൽനിന്ന് ചന്ദനം ഒഴികെയുള്ള  മരങ്ങൾ മുറിക്കാമെന്ന ഉത്തരവ് മറയാക്കി കാസർകോട്ടും മരം മുറിച്ചു

muttil model case in kasaragod
Author
Kasaragod, First Published Jun 8, 2021, 12:10 PM IST

കാസര്‍കോട്: വയനാട്ടിലെ മുട്ടിൽ എസ്റ്റേറ്റിൽ നിന്ന് വൻ തോതിൽ ഈട്ടിമരങ്ങൾ മുറിച്ച് കടത്തിയ കേസ് വിവാദമായതിന് പിന്നാലെ സമാനമായ മരംമുറിക്കേസ് കാസര്‍കോട്ടും. പട്ടയഭൂമിയിൽനിന്ന് ചന്ദനം ഒഴികെയുള്ള  മരങ്ങൾ മുറിക്കാമെന്ന ഉത്തരവ് മറയാക്കിയാണ് കാസർകോട്ടും മരം മുറിച്ചു കടത്തിയത്. എട്ട് കേസാണ് ഇത് സംബന്ധിച്ച് വനം വകുപ്പ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 

റവന്യൂപ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് മറയാക്കിയാണ് കാസർകോട് ജില്ലയിലും പാട്ട ഭൂമിയിലെ മരങ്ങൾ മുറിച്ചത്. മലയോര മേഖലകളിൽ നിന്ന് വ്യാപകമായി ഈട്ടിയും തേക്കും മുറിച്ചിട്ടുണ്ട് .നെട്ടണിഗെ,പെഡ്ര എന്നിവിടങ്ങളിൽ നിന്നാണ് മരത്തടികൾ കൂടുതലും പിടികൂടിയത്. പടിച്ചെടുത്ത പതിനേഴ് ലക്ഷം രൂപ വില കണക്കാക്കുന്ന 26 ക്യുബിക് മീറ്റർ തടി പരപ്പയിലുള്ള സർക്കാർ ഡിപ്പോയിലേക്ക് മാറ്റി. കാസർകോട് ഫോറസ്റ്റ് റേഞ്ചിന് കീഴിൽ ആറ് കേസുകളും കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ചിന് കീഴിൽ രണ്ട് കേസുകളുമാണ് രജിസ്റ്റർ ചെയ്തത്.

മരക്കച്ചവടക്കാരും ബദിയടുക്ക സ്വദേശികളുമായ നാസർ,സജി എന്നിവർ കാസർകോട് റേഞ്ചിന് കീഴിലെ ആറ് കേസുകളിലും പ്രതികളാണ്. മരത്തടികൾ ശേഖരിച്ച് പെരുമ്പാവൂരിലേക്ക് കടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. റവന്യൂവകുപ്പിന്‍റെ ഉത്തരവിൽ പാളിച്ചയുണ്ടെന്ന് മനസ്സിലാക്കി മരംമുറിക്കാനായി വന്ന നിരവധി അപേക്ഷകൾ മടക്കിയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

റവന്യു സെക്രട്ടറിയുടെ വിവാദ ഉത്തരവ് മറയാക്കി സംസ്ഥാന വ്യാപകമായി വിലപിടിപ്പുള്ള മരങ്ങൾ മുറിച്ച് മാറ്റിയെന്ന ആക്ഷേപം ശക്തമായിരിക്കെയാണ് വയനാടിന്  പിന്നാലെ കാസർകോട്ടുനിന്നും മരം മുറി വിവരങ്ങൾ പുറത്ത് വരുന്നത്. 

Follow Us:
Download App:
  • android
  • ios