Asianet News MalayalamAsianet News Malayalam

'മുട്ടിൽ മരംകൊള്ളയിൽ ജുഡീഷ്യൽ അന്വേഷണം വേണം', യുഡിഎഫ് ആയിരം കേന്ദ്രങ്ങളിൽ ധർണ നടത്തുമെന്ന് എം എം ഹസ്സൻ

യുഡിഎഫ് പ്രവർത്തകർ ജൂൺ 24 വ്യാഴാഴ്ച മണ്ഡലാടിസ്ഥാനത്തിൽ ആയിരം കേന്ദ്രങ്ങളിൽ ധർണ നടത്തുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ...

muttil tree felling  UDF will hold dharnas in 1000 centers
Author
Thiruvananthapuram, First Published Jun 18, 2021, 1:27 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി നടന്ന മരം കൊള്ളയെ കുറിച്ച് ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമോ ജുഡീഷ്യൽ അന്വേഷണമോ നടത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രവർത്തകർ ജൂൺ 24 വ്യാഴാഴ്ച മണ്ഡലാടിസ്ഥാനത്തിൽ ആയിരം കേന്ദ്രങ്ങളിൽ ധർണ നടത്തുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. വയനാട്ടിലെ മുട്ടിലും എറണാകുളം, ഇടുക്കി, പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ നടന്ന വനം കൊള്ള സമീപകാലത്തുണ്ടായ ഏറ്റവും വലിയ  കൊള്ളയും വൻ അഴിമതിയുമാണെന്നും എം എം ഹസ്സൻ പറഞ്ഞു. 

വന മാഫിയയും ഉദ്യോഗസ്ഥന്മാരും സിപിഎമ്മും സിപിഐയും ഉൾപ്പെട്ട സംഘമാണ് ഈ അഴിമതിക്ക് പിന്നിലുള്ളത്. വനംകൊള്ളയ്ക്ക് കൂട്ടുനിന്ന റവന്യൂ, ഫോറസ്റ്റ് വകുപ്പുകളിലെ മുൻ മന്ത്രിമാർക്കും മുഖ്യമന്ത്രിക്കുമുള്ള പങ്കിനെക്കുറിച്ച് കുറിച്ച് അന്വേഷിച്ചാൽ മാത്രമേ ഈ വനംകൊള്ളയുടെ ചുരുളുകൾ അഴിയുകയുള്ളു. മുട്ടിൽ മരംമുറിയുടെ പേരിൽ ഒരു വില്ലേജ് ഓഫീസറെ മാത്രം സസ്പെൻഡ് ചെയ്ത് മുഖം രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

Read More : എന്താണ് മുട്ടിൽ മരംകൊള്ള? സ‍ർക്കാർ ഉത്തരവിനെ മറയാക്കി പട്ടയഭൂമിയിൽ നടന്നത്

കർഷകർക്കും ആദിവാസികൾക്കും വേണ്ടി സർക്കാർ പുറപ്പെടുവിച്ച  ഉത്തരവിന്റെ മറവിൽ നടന്ന വനം കൊള്ളയെ മുഖ്യമന്ത്രി ഗൗരവമായി കാണുന്നില്ല. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ലോക്ക്ഡൗണിന്റെ മറവിൽ നടന്ന മരംകൊള്ളയെ കുറിച്ച് സമഗ്ര അന്വേഷണത്തിന് സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ അതിനെതിരെ ശക്തമായ സമരം നടത്താനാണ് യുഡിഎഫ് തീരുമാനം. അതിന്റെ തുടക്കമാണ് ജൂൺ 24 ലെ  ധർണ. രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ സർക്കാർ ഓഫീസുകൾക്ക് മുന്നിൽ കൊവിഡ് മാനദണ്ഡം കർശനമായി പാലിച്ച് വേണം ധർണ സംഘടിപ്പിക്കാൻ. ആൾക്കൂട്ടം ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും യുഡിഎഫ് കൺവീനർ എം എം ഹസ്സൻ പറഞ്ഞു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios