നാളെ പ്രതികളെ അമ്മയുടെ സംസ്കാരത്തിനെത്തിക്കും. പ്രതികൾ സഞ്ചരിച്ച കാറിന്റെ ഡ്രൈവറുടെയും അറസ്റ്റ് രേഖപ്പെടുത്തി.

തിരുവനന്തപുരം: മുട്ടിൽ മരം മുറി കേസിലെ പ്രതികളെ ബത്തേരി കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്. പ്രതികളെ ഉടൻ വയനാട്ടിലേക്ക് കൊണ്ടു പോകും. നാളെ പ്രതികളെ അമ്മയുടെ സംസ്കാരത്തിനെത്തിക്കും. പ്രതികൾ സഞ്ചരിച്ച കാറിന്റെ ഡ്രൈവറുടെയും അറസ്റ്റ് രേഖപ്പെടുത്തി.

പ്രതികൾ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്ന് എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. അന്വേഷണം വനം വകുപ്പുമായി സഹകരിച്ചാണ്. അറസ്റ്റിലായ ഡ്രൈവർ വിനീഷ് മരംമുറി കേസിലും പ്രതിയാണെന്നും പൊലീസ് പറഞ്ഞു. 

മരംമുറി കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തെന്ന് സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. കേസിലെ മുഖ്യ സൂത്രധാരൻ റോജി അഗസ്റ്റിനും സഹോദരങ്ങളായ ആൻ്റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരുമാണ് അറസ്റ്റിലായത്. ഇവരുടെ അമ്മ ഇന്ന് പുലർ‍ച്ചെയാണ് മരിച്ചത്. അമ്മയുടെ സംസ്കാര ചടങ്ങുകൾ കഴിയുന്നത് വരെ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് മൂന്ന് പ്രതികളും ഇന്ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെ അറസ്റ്റ് ചെയ്തുവെന്ന വിവരം പൊലീസ് കോടതിയെ അറിയിച്ചത്. 

അറസ്റ്റ് നടപടികൾ വൈകുന്നതിൽ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ നിന്ന് സർക്കാരിന് രൂക്ഷ വിമർശനമേറ്റതിന് പിന്നാലെയാണ് അറസ്റ്റ് നടപടികൾ തുടങ്ങിയത്. മരം മുറിയുമായി ബന്ധപ്പെട്ട് 701 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടും ഒരാളെ പോലും അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്നായിരുന്നു കോടതിയുടെ ചോദ്യം. മരംമുറിയില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാത്തത് സര്‍ക്കാരിന്‍റെ നിഷ്ക്രിയത്വം ആണെന്നും ഹൈക്കോടതിയുടെ വിമർശിച്ചിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona