സഹകരണ മന്ത്രിയുമായി പ്രശ്നം ഇല്ല. ചെയർമാൻ ആവശ്യപ്പെട്ടാൽ രാജി പിൻവലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ജോസ് പീറ്റർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കൊച്ചി: മൂവാറ്റുപുഴയിലെ വിവാദ ജപ്തി സംഭവത്തിൽ വിശദീകരണവുമായി മൂവാറ്റുപുഴ അർബൻ ബാങ്ക് സിഇഒ ആയിരുന്ന ജോസ് പീറ്റർ. വ്യക്തിപരമായ കാര്യങ്ങൾക്കൊപ്പം ബാങ്കുമായി ഉണ്ടായ വിവാദങ്ങളും രാജിക്ക് കാരണമാണെന്ന് ജോസ് പീറ്റർ പറയുന്നു. ബാങ്ക് ചെയർമാനെ അനാവശ്യമായി വിഷയത്തിലേക്ക് എടുത്തിട്ടു. നിയമപരമായിട്ടാണ് വീട് ജപ്തി ചെയ്തത്. നന്നായി ജോലി ചെയ്തതിന് നടപടി എന്തിനെന്ന് മനസിലായില്ല. രാജി സമ്മർദ്ദ തന്ത്രമല്ല. സഹകരണ മന്ത്രിയുമായി പ്രശ്നമില്ലെന്നും ചെയർമാൻ ആവശ്യപ്പെട്ടാൽ രാജി പിൻവലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ജോസ് പീറ്റർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രാജിവെച്ച ശേഷം സംസാരിക്കുകയായുന്നു അദ്ദേഹം.
മാത്യു കുഴൽനാടൻ എംഎൽഎ നാടകം കളിക്കുകയായിരുവെന്നും ജോസ് പീറ്റർ ആരോപിക്കുന്നു. താക്കോൽ കൊടുക്കാം എന്ന് പറഞ്ഞിരുന്നു. അത് കേൾക്കാതെ വീടിന്‍റെ പൂട്ടുപൊളിച്ചു. കുട്ടികൾ അജേഷിന്റെ അമ്മ വീട്ടിലേക്ക് പോയി. അതിനാൽ പകരം വീട് കണ്ടെത്തേണ്ട സാഹചര്യം ഇല്ലായിരുന്നു. അജേഷ് 2017 ൽ എടുത്ത ലോണാണിത്. കുറെ അവധി കൊടുത്തിട്ടും തിരിച്ചടവ് ഉണ്ടായില്ല. വിളിച്ചാൽ ഫോൺ എടുക്കില്ലായിരുന്നു. തന്നെ അജേഷ് വിളിക്കുകയോ കത്ത് നൽകുകയോ ചെയ്തിട്ടില്ല. ഉദ്യോഗസ്ഥർ നിയമപരമായി മാത്രമാണ് ഇടപെട്ടതെന്നും ജോസ് കെ പീറ്റർ കൂട്ടിച്ചേര്‍ത്തു.
ജപ്തി വിവാദത്തിൽ നിന്ന് തലയൂരാൻ മൂവാറ്റുപുഴയിലെ അജേഷിന്‍റെ വായ്പ കുടിശ്ശിക സിഐടിയു ഇടപെട്ട് തിരിച്ചടച്ചിരുന്നു. മൂവാറ്റുപുഴ അർബൻ ബാങ്കിലെ സിഐടിയു അംഗങ്ങളായ ജീവനക്കാർ ചേർന്നാണ് വായ്പ തിരിച്ചടച്ചത്. അജേഷിന്‍റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ ബാങ്കിനെ അറിയിച്ചതിന് പിന്നാലെയായിരുന്നു നടപടി. എന്നാൽ സമൂഹ മാധ്യങ്ങളിലൂടെ തന്നെയും കുടുംബത്തെയും അപമാനിച്ച സിപിഎമ്മിന്‍റെ പണം തനിക്ക് വേണ്ടെന്ന് അജേഷ് പ്രതികരിച്ചിരുന്നു.
മാത്യു കുഴൻനാടൻ എംഎൽഎ അജേഷിന്‍റെ വായ്പ കുടിശ്ശിക എത്രയെന്ന് അറിയിക്കണമെന്നും സാന്പത്തിക ബാധ്യത ഏറ്റെടുക്കാൻ തയ്യാറാറെന്നും വ്യക്തമാക്കി ബാങ്കിന് കത്ത് നൽകിയിരുന്നു. രണ്ട് മണിക്കൂറിനകം അജേഷിന്‍റെ വായ്പ ബാങ്ക് ജീവനക്കാർ തിരിച്ചടച്ചെന്ന് ഗോപി കോട്ടമുറിക്കൽ സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടു. പിന്നാലെ തന്‍റെ അനുമതിയില്ലാതെ ബാങ്കിലടച്ച പണം തനിക്കാവശ്യമില്ലെന്ന് അജേഷ് പ്രതികരിക്കുകയായിരുന്നു
പട്ടികജാതിക്കാരനായ അജേഷ് അഞ്ച് വർഷം മുന്പ് തൊഴിലാവശ്യത്തിനായി എടുത്ത ഒരു ലക്ഷം രൂപയുടെ വായ്പയാണ് കുടിശ്ശികയായത്. തുടർന്ന് ജപ്തിക്കായി കഴിഞ്ഞ ശനിയാഴ്ച ബാങ്ക് ജീവനക്കാർ വീട്ടിലെത്തി. ഗുരുതരമായ ഹൃദ്രോഗത്തിന് ചികിത്സ തേടി അജേഷും കൂട്ടിരിപ്പുകാരിയായി ഭാര്യയും ഈ സമയം എറണാകുളം ജനറൽ ആശുപത്രിയിൽ ആയിരുന്നു. അജേഷ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആകുന്നത് വരെ ജപ്തി നീട്ടാൻ സമയം ചോദിച്ചെങ്കിലും ബാങ്ക് അനുവദിച്ചില്ല. തുടർന്ന് 12 വയസിൽ താഴെയുള്ള മൂന്ന് പെൺകുട്ടികളെ ഇറക്കിവിട്ട് വീട് ജപ്തി ചെയ്തു. ഇത് വലിയ വിവാദത്തിനും വിമർശനത്തിനും വഴി വച്ചതോടെയാണ് വായ്പ തിരിച്ചടച്ച് പ്രശ്നത്തിൽ നിന്ന് തലയൂരാൻ ബാങ്ക് ശ്രമിച്ചത്. ഇത് അജേഷ് നിഷേധിച്ചതോടെ ബാങ്ക് വീണ്ടും വെട്ടിലായിരുന്നു.
