കൊച്ചി: ലോക്ക് ഡൗണിനെ തുടർന്ന് ലക്ഷദ്വീപിൽ കുടുങ്ങിയവരെ കൊച്ചിയിലെത്തിച്ചു. എംവി അറേബ്യൻ സീ എന്ന കപ്പലിലാണ് ഇവരെ കൊച്ചിയിലെത്തിച്ചത്. വിദ്യാർത്ഥികളും സർക്കാർ ജീവനക്കാരും ഉൾപ്പടെ 121 യാത്രക്കാരുമായാണ് കപ്പൽ കൊച്ചി തീരത്തെത്തിയത്.

ലക്ഷദ്വീപിൽ ഇതുവരെ കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടില്ല. അതിനാൽ തന്നെ തിരിച്ചെത്തിയവരെ വീടുകളിൽ ക്വാറന്റീനിൽ അയക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇന്നലെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞിരുന്നു.

അതേസമയം മാലിദ്വീപിൽ നിന്നുള്ള കപ്പലിനെ കൊച്ചി തുറമുഖത്തേക്ക് എത്തിക്കാനുള്ള പൈലറ്റ് ബോട്ട് പുറംകടലിലേക്ക് പുറപ്പെട്ടു. സാമുദ്രിക ടെർമിനലിൽ നിന്നാണ് ബോട്ട് പുറപ്പെട്ടത്. 9.40 ഓടെ ഐ.എൻ.എസ്. ജലാശ്വ കൊച്ചി തുറമുഖത്തെത്തുമെന്നാണ് കരുതുന്നത്.

മാലി തുറമുഖത്ത് നിന്ന് 698 യാത്രക്കാരുമായാണ് ഇന്ത്യൻ നാവിക സേനയുടെ കപ്പൽ കൊച്ചിയിലേക്ക് വരുന്നത്. 19 ഗർഭിണികളും പത്ത് വയസിൽ താഴെ പ്രായമുള്ള 14 കുട്ടികളും കപ്പലിലുണ്ട്. 103 പേർ സ്ത്രീകളും 595 പേർ പുരുഷന്മാരുമാണ്.