Asianet News MalayalamAsianet News Malayalam

ന്യൂനപക്ഷം ഏതെങ്കിലും ഒരു വിഭാഗം മാത്രമല്ല, എല്ലാവരേയും സ‍ർക്കാർ സംരക്ഷിക്കും: എം.വി.ഗോവിന്ദൻ

മദ്യനിരോധനമല്ല മദ്യവർജ്ജനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഘട്ടം ഘട്ടമായി മദ്യത്തിന്റെ ഉപയോഗം കുറക്കുകയാണ് ഉദ്ദേശിക്കുന്നത്

MV Govindan about minorty department
Author
Thiruvananthapuram, First Published May 22, 2021, 4:01 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂനപക്ഷ വകുപ്പ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ. ന്യൂനപക്ഷം എന്നത് ഏതെങ്കിലും ഒരു വിഭാഗം മാത്രമല്ലെന്നും എല്ലാ വിഭാഗം ന്യൂനപക്ഷങ്ങളേയും പരിഗണിക്കുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. 

തുടർഭരണം എന്നത് കേരളത്തിലെ ജനങ്ങളുടെ ആഗ്രഹമായിരുന്നു. ജനങ്ങൾ ഇടതുമുന്നണിയിലൂടെ  ആ ആഗ്രഹം നിറവേറ്റി. നവകേരളസൃഷ്ടിയാണ് ഇടതുമുന്നണിയുടെ ലക്ഷ്യം. തെരഞ്ഞെടുപ്പിൽ മാധ്യമങ്ങളുടെ കള്ള പ്രചരണങ്ങൾ ജനങ്ങൾ തള്ളികളഞ്ഞു. മതനിരപേക്ഷ കേരളത്തെ ശക്തിപ്പെടുത്തി മുന്നോട്ട് നയിക്കുക എന്നതാണ് ഏറ്റവും പ്രധാനം.

സർക്കാർ മുൻകൈയ്യെടുത്ത് നടപ്പാക്കുന്ന ലൈഫ് മിഷൻ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്നും ആരോപണങ്ങൾ ഉണ്ടായി എന്നു വെച്ചു പാവപെട്ട ജനങ്ങൾക്ക്‌ വീട് വെച്ചു കൊടുക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറില്ലെന്നും എം.വി.ഗോവിന്ദൻ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് ആരെന്നുള്ളതല്ല പ്രതിപക്ഷത്തിന്റെ നിലപാട് ആണ് ലൈഫ് മിഷനിൽ പ്രശ്നമെന്നും അദേഹം ചൂണ്ടിക്കാട്ടി. ​മദ്യനിരോധനമല്ല മദ്യവർജ്ജനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഘട്ടം ഘട്ടമായി മദ്യത്തിന്റെ ഉപയോഗം കുറക്കുകയാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും എക്സൈസ് മന്ത്രിയായ എം.വി.ഗോവിന്ദൻ പറഞ്ഞു.

പാർട്ടിയിൽ വ്യക്തിയല്ല പ്രധാനം. മന്ത്രിസഭയിൽ മുഖ്യമന്ത്രി മാത്രം തുടർന്നാൽ മതി എന്നതായിരുന്നു പാർട്ടി തീരുമാനം.  മറ്റെല്ലാ മന്ത്രിമാരെയും ഒഴിവാക്കാനായിരുന്നു തീരുമാനം. എല്ലാ വകുപ്പുകളും തുല്യ പ്രാധാന്യമുള്ളവയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.  മുഖ്യമന്ത്രിയാണ്. സർക്കാരിലെ ഒന്നാമൻ മറ്റെല്ലാവരും മന്ത്രിമാരാണ്. കോൺഗ്രസിന് മൃദു ഹിന്ദുത്വ നിലപാട് സ്വീകരിച്ച് കൊണ്ട് മതനിരപേക്ഷമാകാൻ സാധിക്കില്ല. ഇന്നത്തെ കോൺഗ്രസ് നാളെത്തെ ബി ജെ പി യാണ്. അവർ തമ്മിൽ ഒരു നൂൽ ബന്ധത്തിന്റെ വ്യത്യാസം മാത്രമാണുള്ളതെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു. ഭൂരിപക്ഷ - ന്യൂനപക്ഷ വർഗീയത കേരളത്തിലുണ്ട്.  അത് തുടച്ച് മാറ്റുകയാണ് എൽഡിഎഫിൻ്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Follow Us:
Download App:
  • android
  • ios