Asianet News MalayalamAsianet News Malayalam

മദ്യലഭ്യത കുറയ്ക്കാൻ ശ്രമിക്കും, ബെവ്ക്യൂ ആപ്പ് കൊണ്ടു വരുന്നതിൽ തീരുമാനമായിട്ടില്ല: എംവി ഗോവിന്ദൻ

മദ്യവർജ്ജനമാണ് ഇടതുജനാധിപത്യമുന്നണിയുടെ നിലപാട്. മദ്യം വേണ്ടവർക്ക് കഴിക്കാം. അല്ലാത്തവർക്ക് വേണ്ടെന്ന് വയ്ക്കാം. മദ്യം അത്യാവശ്യ വസ്തുവായി കണ്ട് അതു സുലഭമായി ലഭ്യമാക്കാം എന്നല്ല സർക്കാർ നിലപാട്. 

MV Govindan replies to audience
Author
Thiruvananthapuram, First Published May 26, 2021, 4:30 PM IST

തിരുവനന്തപുരം: മദ്യവർജനമാണ് സംസ്ഥാന സർക്കാരിൻ്റെ നയമെന്നും അതിനനുസരിച്ച് മദ്യലഭ്യത കുറയ്ക്കാൻ ശ്രമിക്കുമെന്നും എക്സൈസ് മന്ത്രി എം.വി.ഗോവിന്ദൻ വ്യക്തമാക്കി. ബെവ്ക്യൂ ആപ്പ് വീണ്ടും കൊണ്ടു വരുന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്നും ലോക്ക് ഡൌണിന് ശേഷം മദ്യവിൽപനശാലകൾ വീണ്ടും തുറക്കുമെന്നും ബെവ്ക്യൂ ആപ്പിൻ്റെ പേരിലുള്ള പരാതികളും ആക്ഷേപകളും പരിഹരിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിൻ്റെ മന്ത്രിയോട് ചോദിക്കാം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം, 

മദ്യവിൽപന പുനരാരംഭിക്കുമ്പോൾ സാമൂഹിക അകലം ഉറപ്പു വരുത്തും. മദ്യനിരോധനം പ്രായോഗികമല്ലെന്ന് വ്യക്തമാക്കിയ ഗോവിന്ദൻ അഭ്യസ്തവിദ്യർക്ക് തൊഴിൽ ലഭ്യമാക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുമെന്നും പറഞ്ഞു. 

മന്ത്രിയോട് പ്രേക്ഷകർ ചോദിച്ച ചോദ്യങ്ങളും ഉത്തരങ്ങളും

നമ്മുടെ പഞ്ചായത്തിൽ കൊവിഡ് കെയ‍ർ സെൻ്ററുകൾ ഉണ്ട്. പക്ഷേ സമീപവാസികൾ പ്രശ്നമുണ്ടാക്കിയ കാരണം സെൻ്റർ അവിടെ നിന്നും മാറ്റേണ്ടി വന്നു. പഞ്ചായത്തിന് സ്വന്തമായി സ്ഥലം വാങ്ങി കെയർ സെൻ്റർ സ്ഥാപിക്കാൻ പദ്ധതിയുണ്ട്. എന്നാൽ ഇതിനുള്ള നടപടികൾ സങ്കീർണമാണ്. ഇക്കാര്യത്തിൽ ഇളവ് വരുത്താമോ ? - പി.ഉസ്മാൻ  - മൂത്തേടം പഞ്ചായത്ത് അധ്യക്ഷൻ, മലപ്പുറം

തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്കായി സ്ഥലമേറ്റെടുക്കാൻ ചില ചട്ടങ്ങളുണ്ട്. അതിന് വിധേമായി മാത്രമേ സ്ഥലമേറ്റെടുക്കാനാവൂ. ഇക്കാര്യത്തിൽ എന്തു മാറ്റം വരുത്താനാവും, അതിൽ ക്രമക്കേട് നടക്കാൻ സാധ്യതയുണ്ടോ എന്നീ കാര്യങ്ങൾ കൂടി പരി​ഗണിച്ചേ ഇക്കാര്യം പരിശോധിക്കാനാവൂ. ഇക്കാര്യം നമ്മുക്ക് പരി​ഗണിക്കാം. 

ബെവ്കോ ഔട്ട്ലെറ്റുകൾ അടഞ്ഞു കിടക്കുകയാണ്. ഓൺലൈനിൽ മദ്യം ബുക്ക് ചെയ്ത് മദ്യം വീട്ടിലേക്ക് വിതരണം ചെയ്യുന്ന തരത്തിൽ ഒരു സംവിധാനം കൊണ്ടു വന്നാൽ ചെറുപ്പക്കാർക്ക് തൊഴിലാവും. കള്ളവാറ്റ് തടയാനും സാധിക്കില്ലേ ഇക്കാര്യം പരി​ഗണിച്ചൂടെ  - ഇതിഹാസ്, ആലപ്പുഴ

മദ്യവർജ്ജനമാണ് ഇടതുജനാധിപത്യമുന്നണിയുടെ നിലപാട്. മദ്യം വേണ്ടവർക്ക് കഴിക്കാം. അല്ലാത്തവർക്ക് വേണ്ടെന്ന് വയ്ക്കാം. മദ്യം അത്യാവശ്യ വസ്തുവായി കണ്ട് അതു സുലഭമായി ലഭ്യമാക്കാം എന്നല്ല സർക്കാർ നിലപാട്. 

 മാവേലിക്കര ചിറക്കരയിൽ നിന്നാണ്. ഞങ്ങൾക്ക് നിലവിൽ പൊതുവഴിയുടെ പ്രശ്നമുണ്ട്. നമ്മുക്ക് ഇപ്പോഴും ആവഴി പോകാൻ പറ്റുന്നില്ല. വഴി വെള്ളം കേറി കിടക്കുകയാണ്. എൻ്റെ അമ്മയുടെ കാൽ മുറിച്ചതാണ്. വഴിയിൽ വെള്ളം കേറി കിടക്കുന്നതിനാൽ അമ്മയെ വാക്സിന് കൊണ്ടു പോകാൻ പോലും പറ്റിയില്ല. ഈ പ്രശ്നത്തിന് ഒരു പരിഹാരമുണ്ടാക്കാൻ സഹായിക്കണം. ഞങ്ങൾ പിരിവെടുത്ത് സ്വകാര്യ വ്യക്തിയിൽ നിന്നും വാങ്ങിയ ഭൂമിയാണ് പൊതുവഴിയാണ് ഉപയോ​ഗിക്കുന്നത് - ആഷിശ്, മാവേലിക്കര

നാട്ടുകാർ ചേർന്ന് റോഡുണ്ടാക്കിയാൽ പഞ്ചായത്തിന് ആ റോഡ് ​ഗതാ​ഗതയോ​ഗ്യമാക്കാം. അതിനുള്ള വകുപ്പുണ്ട്. നിങ്ങളുടെ കാര്യത്തിൽ എന്താണ് പ്രശ്നം എന്നത് അവിടുത്തെ തദ്ദേശസ്ഥാപനത്തെ ഒരിക്കൽ കൂടി അറിയിക്കാം. മുകളിൽ നിന്നുള്ള ഒരു ഇടപെടലോ ശുപാർശയോ അവിടെ ആവശ്യമില്ല
 
ഈശ്വരിരേശൻ  - അടപ്പാടി, ബ്ലോക്ക് പഞ്ചായത്ത്, അം​ഗം

ഇവിടുത്തെ റോഡുകളുടെ അവസ്ഥ വളരെ മോശമാണ്. വിദൂരത്തുള്ള ഊരുകളിൽ വണ്ടികൾ പോകാത്ത കാരണം അവിടെയുള്ള രോ​ഗികളെ പുറത്തേക്ക് എത്തിക്കാനോ അവിടെ പോയി ചികിത്സിക്കാനും വലിയ ബുദ്ധിമുട്ടാണ്. വനംവകുപ്പ് തടസം നിൽക്കുന്നതാണ് റോഡ് നിർമ്മാണത്തിന് പ്രധാന തടസം  

അടപ്പാടിയിലെ വിദൂര ഗ്രാമങ്ങളിലേക്കുള്ള ഊരുകൾ നിർമ്മിക്കുകയോ നവീകരിക്കുകയോ വേണം. അതിന് തദ്ദേശസ്ഥാപനങ്ങളും സർക്കാരും ഒന്നിച്ചു നിൽക്കേണ്ടതായിട്ടുണ്ട്. വാഹനഗതാഗതം ഉറപ്പാക്കാൻ വേണ്ട നടപടി എന്തായാലും സ്വീകരിക്കാം. അവിടുത്തെ ഭൂപ്രകൃതിയിൽ അതിന് വെല്ലുവിളിയുണ്ടെങ്കിലും വേണ്ട കാര്യങ്ങൾ ഉറപ്പായും ചെയ്യാം. 
 

Follow Us:
Download App:
  • android
  • ios