Asianet News MalayalamAsianet News Malayalam

ഗവര്‍ണറുടെ ആരോപണങ്ങളിൽ കഴമ്പില്ല; മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനങ്ങൾക്ക് സര്‍ക്കാര്‍ മറുപടി നൽകും: ഗോവിന്ദൻ

ഗവര്‍ണര്‍ പഴയ വീഞ്ഞ് പുതിയ കുപ്പിയിലായിരിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിനെതിരായ ആരോപണം അസംബന്ധമാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

MV Govindan Replies to Governor
Author
First Published Sep 19, 2022, 3:18 PM IST

തൃശ്സൂര്‍: രാജ്ഭവനിൽ വാര്‍ത്താ സമ്മേളനം വിളിച്ച് ഗവര്‍ണര്‍ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പഴയ വീഞ്ഞ് പുതിയ കുപ്പിയിലായിരിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിനെതിരായ ആരോപണം അസംബന്ധമാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

ചരിത്ര കോണ്‍ഗ്രസ് നടക്കുമ്പോൾ കെ.കെ.രാഗേഷ് രാജ്യസഭാ എംപിയായിരുന്നു. ആര്‍എസ്.എസ് വക്താവെന്ന് സ്വയം പറയുന്ന ഒരാളെപ്പറ്റി എന്തു പറയാനാണ്. ആര്‍എസ്എസ് ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് ഗവര്‍ണര്‍. മുഖ്യമന്ത്രിക്കെതിരായ ഗവര്‍ണറുടെ വിമർശനങ്ങൾക്ക് സർക്കാർ മറുപടി നൽകുമെന്നും എവി ഗോവിന്ദൻ തൃശ്ശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. 

ദൃശ്യങ്ങൾ പ്രദർശിപ്പിച്ചും കത്തുകൾ പുറത്തുവിട്ടും അസാധാരണ വാർത്താസമ്മേളനമാണ്  സർക്കാരിനും മുഖ്യമന്ത്രിക്കും ഇടതുനേതാക്കൾക്കും എതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് നടത്തിയത്. ഇന്നത്തെ വാര്‍ത്താ സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിനെയാണ് പ്രധാനമായും ഗവര്‍ണര്‍ ഉന്നമിട്ടത്.  

ചരിത്രകോൺഗ്രസിൽ പ്രതിഷേധിച്ചവർക്കെതിരായ പൊലീസ് നടപടി തടഞ്ഞത് രാഗേഷാണ് എന്നാണ് ഇന്ന് ദൃശ്യങ്ങൾ സഹിതം ഗവര്‍ണര്‍ വാര്‍ത്ത സമ്മേളനത്തിൽ പറഞ്ഞത്. കണ്ണൂർ വിസിയുടെ പുനർനിയമനത്തിനായി മുഖ്യമന്ത്രി രാജ്ഭവനിൽ നേരിട്ടെത്തിയെന്നും ഗവര്‍ണര്‍ ആരോപിച്ചു.  

കണ്ണൂർ ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ ആസൂത്രിത ആക്രമണം ഉണ്ടായപ്പോൾ നടപടിയെടുക്കരുതെന്ന് പോലീസിനോട് ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ് ആണെന്ന് ഗവർണർ ആരോപിച്ചു. ഇതിന് തെളിവായി അന്നത്തെ വീഡിയോ  ദൃശ്യങ്ങൾ ഗവർണർ വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചു. ഇതിന് പ്രത്യുപകരമാണോ രാഗേഷിന് പിന്നീട് കിട്ടിയ പദവിയെന്നും ഗവർണർ ചോദിച്ചു.

സർവകലാശാലാ ഭരണത്തിൽ ഇടപെടില്ലെന്ന് ഉറപ്പുനൽകി മുഖ്യമന്ത്രി അയച്ച കത്തുകളുടെ പകർപ്പുകൾ ഗവർണർ മാധ്യമങ്ങൾക്ക് വിതരണം ചെയ്തു. അതേസമയം മാനസിക വിഭ്രാന്തിയുള്ളപോലെയാണ് ഗവർണർ സംസാരിക്കുന്നതെന്ന് LDF കൺവീനർ ഇ.പി.ജയരാജൻ ആരോപിച്ചു.ഗവർണർ തന്റെ പദവി ദുരുപയോഗം ചെയ്യുകയാണെന്നും ഇപി പറഞ്ഞു. ബില്ലുകള്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയതിനെ സ്വാഗതം ചെയ്യുന്നതായി പറഞ്ഞ പ്രതിപക്ഷ നേതാവ് വിഡി സതീശൻ, എന്നാൽ കണ്ണൂർ വിസിയുടെ അനധികൃത നിയമനത്തിനായി മുഖ്യമന്ത്രിയും ഗവർണറും കൈകോർത്തെന്നും ആരോപിച്ചു,

 

Follow Us:
Download App:
  • android
  • ios