ആരെങ്കിലും പറഞ്ഞെന്ന പേരിൽ പത്മജ ബിജെപിയിൽ പോകാൻ പാടുണ്ടോ? ബെഹ്റയെക്കാൾ വലിയൊരാൾ പറഞ്ഞാൽ മുരളി ബിജെപിയിൽ പോകുമോയെന്നും ജയരാജൻ ചോദിച്ചു.
കണ്ണൂർ : പത്മജാ വേണുഗോപാലിന്റെ ബിജെപി പ്രവേശത്തിന് പിന്നിൽ മുൻ ഡിജിപി ലോക്നാഥ് ബെഹ്റയാണെന്ന കെ മുരളീധരന്റെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് എംവി ജയരാജൻ. ആര് ഇടനില നിന്നാലും കരുണാകരന്‍റെ മകൾ ബിജെപിയിൽ പോകാൻ പാടുണ്ടോയെന്ന് ജയരാജൻ ചോദിച്ചു. വ്യക്തിയുടെ ഇടപെടലുണ്ടോ ഇല്ലയോ എന്നതല്ല പ്രശ്നം. ആരെങ്കിലും പറഞ്ഞെന്ന പേരിൽ പത്മജ ബിജെപിയിൽ പോകാൻ പാടുണ്ടോ? ബെഹ്റയെക്കാൾ വലിയൊരാൾ പറഞ്ഞാൽ മുരളി ബിജെപിയിൽ പോകുമോയെന്നും ജയരാജൻ ചോദിച്ചു. കെ.സുധാകരന്‍ കണ്ണൂരിൽ സ്ഥാനാർത്ഥിയാകുന്നതിൽ പ്രത്യേകതയില്ല. അഞ്ച് വർഷം എംപിയുടെ സാന്നിധ്യം കണ്ണൂരിലുണ്ടായില്ലെന്നും ജയരാജൻ ആരോപിച്ചു.
പത്മജ വേണുഗോപാലിനെ ബിജെപിയില്‍ എത്തിക്കുന്നതില്‍ ഇടനിലക്കാരനായത് മുന്‍ ഡിജിപി ലോക്നാഥ് ബഹ്റയെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരന്‍ ഏഷ്യാനെറ്റ് ന്യൂസ് പോയന്റ് ബ്ലാങ്കിലാണ് തുറന്നടിച്ചത്. കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായിരുന്ന ബെഹ്റയ്ക്ക് അന്ന് മുതല്‍ കുടുംബവുമായും പത്മദയുമായും നല്ല ബന്ധമുണ്ട്. മോദിയുമായും പിണറായിയുമായും നല്ല ബന്ധമുളള ബെഹ്റയാണ് ബിജെപിക്കായി ചരട് വലിച്ചതെന്നും കെ.മുരളീധരന്‍ ആരോപിക്കുന്നു. ഇക്കാര്യത്തിൽ ഇതുവരെയും ബെഹ്റ പ്രതികരിച്ചിട്ടില്ല.
