മുൻ കെപിസിസി പ്രസിഡന്‍റും മുതിർന്ന കോൺഗ്രസ് നേതാവുമായ വി എം സുധീരൻ രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് രാജിവെച്ചത് മാലിന്യമായതുകൊണ്ടാണോ എന്നും ജയരാജന്‍ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു

കണ്ണൂര്‍: സംഘപരിവാർ മനസുള്ള പുതിയ കെപിസിസി (KPCC) പ്രസിഡന്‍റിന് വി എം സുധീരൻ (V M Sudheeran) ഒരു തലവേദന തന്നെയാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ (M V Jayarajan). മുൻ കെപിസിസി പ്രസിഡന്‍റും മുതിർന്ന കോൺഗ്രസ് നേതാവുമായ വി എം സുധീരൻ രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് രാജിവെച്ചത് മാലിന്യമായതുകൊണ്ടാണോ എന്നും ജയരാജന്‍ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു. വർഗ്ഗീയതക്കെതിരെ മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിക്കുന്ന ഗാന്ധിയൻ പാരമ്പര്യം പലപ്പോഴും കോൺഗ്രസ് നേതൃത്വത്തെ സുധീരന്‍ ഓർമ്മിപ്പിക്കാറുണ്ട്.

സംഘപരിവാർ മനസുള്ള പുതിയ കെപിസിസി പ്രസിഡന്‍റിന് വി എം സുധീരൻ ഒരു തലവേദന തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വി എം സുധീരനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെടുകയാണ്. കെപിസിസി നേതൃത്വത്തിന്‍റെ അനുനയ നീക്കങ്ങള്‍ എല്ലാം തള്ളി രാഷ്ട്രീയകാര്യ സമിതിയിൽ നിന്നുള്ള രാജിയിൽ ഉറച്ച് നില്‍ക്കുകയാണ് വി എം സുധീരന്‍.

നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയിൽ സുധീരനെ വീട്ടിലെത്തി കണ്ട് പ്രതിപക്ഷ നേതാവ് ക്ഷമ ചോദിച്ചു. പുതിയ നേതൃത്വം സുവർണ്ണാവസരം കളഞ്ഞുകുളിച്ചുവെന്ന വിമർശനം സുധീരൻ സതീശനെ അറിയിച്ചതല്ലാതെ തന്‍റെ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന സൂചയാണ് അദ്ദേഹം നല്‍കിയത്. എന്നാലും സുധീരനെ അനുനയിപ്പിക്കാനുള്ള നീക്കം തുടരാനാണ് നേതൃത്വത്തിന്‍റെ നീക്കം.

എം വി ജയരാജന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

വി.എം സുധീരനും കോൺഗ്രസിന് മാലിന്യമായോ?

================

മുൻ കെപിസിസി പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ വി.എം സുധീരൻ രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും രാജിവെച്ചത് മാലിന്യമായതുകൊണ്ടാണോ?. തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനുണ്ടായ തുടർച്ചയായ തിരിച്ചടിക്കും ദയനീയ പരാജയത്തിനും തകർച്ചക്കും കാരണം ജനവിരുദ്ധ ആഗോളവൽക്കരണ - സ്വകാര്യവൽക്കരണ നയമാണെന്ന് നേരത്തെ പ്രതികരിച്ച ആളാണ് വി.എം സുധീരൻ. വർഗ്ഗീയതയ്ക്കെതിരെ മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിക്കുന്ന ഗാന്ധിയൻ പാരമ്പര്യം പലപ്പോഴും കോൺഗ്രസ് നേതൃത്വത്തെ ഓർമ്മിപ്പിക്കാറുമുണ്ട്. സംഘപരിവാർ മനസ്സുള്ള പുതിയ കെപിസിസി പ്രസിഡന്റിന് വി.എം സുധീരൻ ഒരു തലവേദന തന്നെയാണ്.
ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തിൽ സുധീരന്റെ നിർദ്ദേശങ്ങൾ പരിഹസിച്ച് തള്ളിയതും രാഷ്ട്രീയകാര്യ സമിതിയെ നോക്കുകുത്തിയാക്കിയെന്ന വിമർശനത്തെ പുച്ഛിച്ചു തള്ളിയതും കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ചേർന്നാണ്. കേരളത്തിലെ കോൺഗ്രസിന്റെ അടിത്തറ ഇളകിക്കഴിഞ്ഞു. സുധീരന്റെ രാജി പിൻവലിപ്പിക്കാൻ നേതൃത്വത്തിന് കഴിഞ്ഞാലും ഇളകിയ അടിത്തറ തുന്നിച്ചേർക്കൽ എളുപ്പമല്ല. "മാലിന്യങ്ങളായിരിക്കും" ഇളകിയ അടിത്തറയിലൂടെ ഊർന്നിറങ്ങി അടിത്തറ തന്നെ ഇല്ലാതാക്കുന്നത്.

എം വി ജയരാജൻ