രാഷ്ട്രീയത്തിൽ സ്ഥിരം ഹീറോ ഇല്ല. ജനാധിപത്യം ശക്തി പെടാൻ പ്രതിപക്ഷ ഐക്യം വേണമെന്നും ശ്രേയാംസ് കുമാർ
ബെംഗലൂരു: കർണാടകത്തിൽ ബി ജെ പി ഇതര ഭരണം വരണമെന്നതാണ് പ്രധാനമെന്ന് ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന അധ്യക്ഷൻ എംവി ശ്രേയാംസ് കുമാർ. രാജ്യത്തെ മതത്തിന്റെ പേരിൽ വിഭജിച്ചു കൊണ്ടുള്ള പ്രവർത്തനത്തിനുള്ള തിരിച്ചടിയാണ് കർണാടകത്തിൽ നടന്നത്. ഞങ്ങൾ എതിർപക്ഷത്താണെങ്കിലും ഇന്ത്യൻ ജനാധിപത്യത്തിന് നല്ല സന്ദേശമാണ് നിലവിലെ ഫലമെന്ന് അദ്ദേഹം പറഞ്ഞു.
Read More: ബെംഗലുരുവില്‍ കുമാര സ്വാമിയുമായി കൂടിക്കാഴ്ച നടത്തി ബിജെപി
ഒറ്റയ്ക്ക് ജയിക്കുമെന്ന ആത്മവിശ്വാസം ഉള്ളതിനാലാകാം കോൺഗ്രസ് സഖ്യത്തിന് പോകാതിരുന്നതെന്ന് എംവി ശ്രേയാംസ് കുമാർ പറഞ്ഞു. അതേസമയം പ്രതിപക്ഷ ഐക്യത്തിന് സാധ്യതയുണ്ടെന്നും കർണാടകത്തിലെ കോൺഗ്രസ് മുന്നേറ്റം പ്രതിപക്ഷ ഐക്യത്തിന് നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പാർട്ടി കോൺഗ്രസ് മാത്രമാണ്. പ്രതിപക്ഷ ഐക്യം അവർ മുൻകൈയെടുത്തു സാധ്യമാകണം. അത് നടക്കുമെന്നാണ് പ്രതീക്ഷയെന്നും ശ്രേയാംസ് കുമാർ പറഞ്ഞു.
മോദി പ്രഭാവം എവിടെ വച്ചെങ്കിലും കുറയണ്ടേയെന്നും അദ്ദേഹം ചോദിച്ചു. രാഷ്ട്രീയത്തിൽ സ്ഥിരം ഹീറോ ഇല്ല. ജനാധിപത്യം ശക്തി പെടാൻ പ്രതിപക്ഷ ഐക്യം വേണം. സോഷ്യലിസ്റ്റ് ഐക്യം വേണം. കാലഘട്ടത്തിന്റെ ആവശ്യമാണ് അത്. അധികാര മോഹം കാരണം അത് നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Read More: കോൺഗ്രസിന്റേത് വൻ വിജയം, അഴിമതിക്കെതിരായ മുദ്രാവാക്യം ജനം ഏറ്റെടുത്തതിന്റെ തെളിവ്: സച്ചിൻ പൈലറ്റ്
അതേസമയം കർണാടകത്തിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം അനുസരിച്ച് സംസ്ഥാനത്ത് കോൺഗ്രസ് 118 സീറ്റിൽ മുന്നിലാണ്. 113 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ബിജെപി 73 ഇടത്താണ് മുന്നിലുള്ളത്. കിങ് മേക്കറാകുമെന്ന് കരുതിയിരുന്ന ജെഡിഎസ് 25 സീറ്റിലും മുന്നിലാണ്. എന്നാൽ ഇപ്പോഴും ആറോളം റൗണ്ടുകൾ മാത്രമാണ് എണ്ണിയിട്ടുള്ളത്. 41 ഓളം സീറ്റുകളിൽ സ്ഥാനാർത്ഥികൾ ആയിരത്തിൽ താഴെ വോട്ടിനാണ് ലീഡ് ചെയ്യുന്നത്. ഇതിൽ 19 ഇടത്ത് ബിജെപിയും 16 ഇടത്ത് കോൺഗ്രസും ആറിടത്ത് ജെഡിഎസുമാണ് മുന്നിലുള്ളത്.

